Asianet News MalayalamAsianet News Malayalam

ഷാഫി പറമ്പിലിനെയടക്കം തല്ലിചതച്ച സംഭവം; നിയമസഭയിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ്‍യു ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ നടന്ന നിയമസഭാ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് പരിക്കേറ്റത്. 

opposition parties will protest in assembly  police atrocity against shafi parambil
Author
Thiruvananthapuram, First Published Nov 20, 2019, 6:39 AM IST

തിരുവനന്തപുരം: കേരള സർവകലാശാല മാർക്ക് ദാനത്തിനെതിരെ സമരം ചെയ്ത ഷാഫി പറമ്പില്‍ എംഎൽഎ അടക്കമുളളവർക്കെതിരെ ഉണ്ടായ പൊലീസ് നടപടിയിൽ നിയമസഭയിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. പൊലീസുകാർക്കെതിരെ നടപടി എടുക്കണമെന്നും മുഖ്യമന്ത്രി സംഭവത്തിൽ വിശദീകരണം നൽകണമെന്നുമാണ് ആവശ്യം.

 സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ്‍യു ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ നടന്ന നിയമസഭാ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് പരിക്കേറ്റത്. വിഷയം പ്രതിപക്ഷം നിയമസഭ ഉന്നയിച്ചപ്പോള്‍ പരിശോധിക്കാമെന്നാണ് മന്ത്രി എകെ ബാലൻ  മറുപടി നല്‍കിയത്.

ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് അടിച്ച് തലപൊട്ടിച്ച് പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിച്ചതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. സമരം സമാധാനത്തോടെ പിരിയണമെന്ന ആഗ്രഹത്തോടെയാണ് സഭയില്‍ നിന്ന് വന്നത്. പൊലീസിനോട് പറഞ്ഞത് സംഘര്‍ഷത്തിലേക്ക് പോകരുതെന്നാണ്. പ്രവര്‍ത്തകരോട് അറസ്റ്റ് വരിച്ച് സമരം അവസാനിപ്പിക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

ഇതിനിടെ സർവകലാശാല മാർക്ക് ദാന വിവാദത്തിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നു. സർവ്വകലാശാലയുടെ വിശ്വാസ്യത തകർക്കുന്ന സമീപനമുണ്ടാകരുതെന്ന് വൈസ് ചാൻസലർമാരുടെ യോഗത്തിൽ മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

മന്ത്രി കെ ടി ജലീൽ ഉൾപ്പടെ പങ്കെടുത്ത യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ചില സർവ്വകലാശാലകൾ സമൂഹത്തിന് മുന്നിൽ അപഹാസ്യരായെന്നും മുഖ്യമന്ത്രി പറ‌ഞ്ഞു. ഇതോടെ ഷാഫി പറമ്പില്‍ എംഎല്‍എ അടക്കമുള്ളവരെ തല്ലിച്ചതച്ച സംഭവത്തിനും മുഖ്യമന്ത്രി മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. 

Follow Us:
Download App:
  • android
  • ios