സർക്കാർ അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങി എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പല രാജ്യങ്ങളും അമേരിക്കൻ സൈനിക വിമാനത്തിന് അനുമതി നിഷേധിച്ചപ്പോൾ ഇന്ത്യ അനുവാദം നല്‍കിയതിലാണ് പ്രതിഷേധം കടുക്കുന്നത്.
ദില്ലി: ഇന്ത്യക്കാരെ മനുഷ്യത്വരഹിതമായി അമേരിക്ക നാടുകടത്തിയ വിഷയത്തിൽ പാർലമെന്റിൽ ശക്തമായ പ്രതിഷേധം. ബഹളം കാരണം രാജ്യസഭയും ലോക്സഭയും നിർത്തിവയ്ക്കേണ്ട വന്നതോടെ വിദേശകാര്യമന്ത്രി രണ്ട് മണിക്ക് പ്രസ്താവന നടത്തും. പല രാജ്യങ്ങളും അമേരിക്കൻ സൈനിക വിമാനത്തിന് അനുമതി നിഷേധിച്ചപ്പോൾ ഇന്ത്യ അനുവാദം നല്‍കിയതിലാണ് പ്രതിഷേധം കടുക്കുന്നത്.
രാജ്യസഭയും ലോക്സഭയും ഇന്ന് ചേർന്നപ്പോൾ തന്നെ അമേരിക്കയിൽ നിന്ന് നാടുകടത്തിയവരെ വിലങ്ങുവച്ച് കൊണ്ടു വന്ന വിഷയം പ്രതിപക്ഷം ഉന്നയിക്കുകയായിരുനന്നു. നടുത്തളത്തിലേക്ക് നീങ്ങി പ്രതിപക്ഷം ബഹളം വച്ചു. ലോക്സഭ രണ്ട് മണി വരെ നിറുത്തിവച്ചു. രാജ്യസഭ പന്ത്രണ്ട് മണിക്ക് ചേർന്നപ്പോഴാണ് പ്രസ്താവനയ്ക്ക് സർക്കാർ തയ്യാറായത്. കക്ഷിനേതാക്കൾക്ക് ഇക്കാര്യത്തിൽ സംസാരിക്കാൻ അവസരം നല്‍കാമെന്നും സർക്കാർ അറിയിച്ചു.
നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രിയുടെ മറുപടി ഇന്ന് നിശ്ചയിച്ചിരിക്കെ ആണ് സർക്കാർ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നത്. സർക്കാർ അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങി എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മെക്സിക്കോ, കൊളംബിയ തുടങ്ങിയ രാജ്യങ്ങൾ കുടിയേറ്റക്കാരുമായുള്ള സൈനിക വിമാനങ്ങൾ ഇറങ്ങാൻ അനുവാദം നല്‍കിയിരുന്നില്ല. വലിയ സാമ്പത്തിക ശക്തി എന്നവകാശപ്പെടുന്ന ഇന്ത്യയ്ക്ക് എന്തുകൊണ്ട് ഇതു ചെറുക്കാനായില്ല എന്ന ചോദ്യത്തിനാണ് പ്രതിപക്ഷം പാർലമെൻ്റിൽ സർക്കാരിൻ്റെ വിശദീകരണം തേടുന്നത്.
