Asianet News MalayalamAsianet News Malayalam

സാമ്പത്തിക പ്രതിസന്ധിയിലെ അടിയന്തര പ്രമേയം: പ്രതിപക്ഷത്തിന് നന്ദിയെന്ന് ധനമന്ത്രി, ഇറങ്ങിപ്പോയി പ്രതിപക്ഷം

പണം നൽകാത്ത കേന്ദ്ര നടപടിയാണ് കേരളത്തെ ഞെരുക്കുന്നതെന്ന് സര്‍ക്കാര്‍ വാദിച്ചു. ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. 

Opposition raise state s financial crisis in Kerala assembly followup detail nbu
Author
First Published Sep 13, 2023, 5:50 PM IST

തിരുവനന്തപുരം: വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ കേരളം തയ്യാറാക്കിയ നിവേദനത്തിൽ യുഡിഎഫ് എംപിമാര്‍ ഒപ്പിടാത്തതിനെ ചൊല്ലി നിയമസഭയിൽ ഭരണ പ്രതിപക്ഷ വാക്പോര്. പണം നൽകാത്ത കേന്ദ്ര നടപടിയാണ് കേരളത്തെ ഞെരുക്കുന്നതെന്ന് സര്‍ക്കാര്‍ വാദിച്ചു. ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. അതേസമയം, സത്യാവസ്ഥ പുറത്തറിയിക്കാന്‍ അവസരമൊരുക്കിയതിന് പ്രതിപക്ഷത്തിന് നന്ദിയെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി. സാമ്പത്തിക മേഖലയില്‍ ശ്വാസം മുട്ടലാണെന്ന് നിയമസഭയില്‍ പറഞ്ഞ കെ എന്‍ ബാലഗോപാല്‍, കേന്ദ്ര വിഹിതത്തില്‍ കുറവ് വന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നും പ്രതികരിച്ചു. 

വരവറിയാതെ ചെലവ് നടത്തി, ധൂര്‍ത്തിനൊപ്പം കെടുകാര്യസ്ഥതയുമാണ് സംസ്ഥാനത്തെന്നാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തില്‍ ആരോപിച്ചത്. കേന്ദ്രത്തെ പഴിക്കുന്ന സ്ഥിരം ക്യാപ്സ്യൂൾ വേണ്ടെന്നും പ്രതിപക്ഷം തുടക്കത്തിലേ പറഞ്ഞു. കേന്ദ്രത്തിൽ പറയാനുള്ളത് അവിടെയും കേരളത്തിൽ ചെയ്യാനുള്ളത് ഇവിടെയും ചെയ്യണമെന്ന് ഓര്‍മ്മിപ്പിച്ച പ്രതിപക്ഷം നികുതി പിരിവ് സംവിധാനത്തിലടക്കം സംസ്ഥാനത്തെ വീഴ്ചകൾ എണ്ണിപ്പറഞ്ഞു. നഷ്ടപരിഹാരം ഇനി ഇല്ലെന്ന് ബോധ്യമായപ്പോൾ മാത്രമാണ് ജിഎസ്ടി വകുപ്പ് പുനഃസംഘടനക്ക് പോലും തയ്യാറായത്. കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസയായെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ട്രഷറിയിൽ നിന്ന് എടുക്കുന്ന പണം കടപരിധിയിൽ പെടുത്തിയത് അടക്കം കേന്ദ്ര നിലപാടിൽ ഊന്നിയായിരുന്നു ധനമന്ത്രിയുടെ വാദമത്രയും. കേന്ദ്രത്തിന് നൽകാനുള്ള നിവേദത്തിൽ ഒപ്പിടാം എന്ന് സമ്മതിച്ച എംപിമാര്‍ പിന്നീട് പിൻമാറിയെന്ന് മുഖ്യമന്ത്രിയുടെ വിമര്‍ശനം. എംപിമാരെ സ്ഥിരമായി അവഹേളിക്കുന്നത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

കേന്ദ്രത്തിന്റെ നയസമീപനങ്ങളിൽ സഹകരിക്കാമെന്ന് ആദ്യം പറയുകയും പിന്നീട് വാക്ക് മാറ്റുകയും ചെയ്യുന്നത് സ്ഥിരം പരിപാടിയാണെന്ന മുഖ്യമന്ത്രിയുടെ മറുപടിയോടെ പ്രതിഷേധിച്ച പ്രതിപക്ഷം സഭ വിട്ടു. ധൂര്‍ത്തിലും കെടുകാര്യസ്ഥതയിലും കേന്ദ്ര സമീപനത്തിലും ചുറ്റിത്തിരിഞ്ഞ അടിയന്തര പ്രമേയ ചര്‍ച്ച കാതലായ വിഷയങ്ങളിലേക്കൊന്നും കടന്നതുമില്ല. മന്ത്രി മറുപടി പറയാതെ കഴിവുകേട് മറച്ചുവെക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി.

Follow Us:
Download App:
  • android
  • ios