പ്രതിപക്ഷത്തിന്‍റെ അവിശ്വാസം പോലെ തന്നെ പ്രധാനമാണ് ഭരണപക്ഷത്തിന്‍റെ വിശ്വാസമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം: സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ടുളള യുഡിഎഫ് പ്രമേയം പരിഗണിക്കില്ലെന്ന സൂചന നല്‍കി പി ശ്രീരാമകൃഷ്ണന്‍. പ്രമേയ അവതരണത്തിന് 14 ദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്നാണ് ചട്ടം. ചട്ടം പാലിക്കാതെയുളള നോട്ടീസ് അംഗീകരിക്കാനാവില്ല. തനിക്കെതിരെയുളള നോട്ടീസ് ആയതിന്‍റെ പേരില്‍ പരിഗണിക്കാതിരിക്കില്ല. പക്ഷേ സാങ്കേതികത്വങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും സ്പീക്കര്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രതിപക്ഷത്തിന്‍റെ അവിശ്വാസം പോലെ തന്നെ പ്രധാനമാണ് ഭരണപക്ഷത്തിന്‍റെ വിശ്വാസവുമെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സ്പീക്കറെ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിക്ഷം പ്രമേയം കൊണ്ട് വരാൻ ശ്രമിക്കുന്നത്. 

അതേയമയം സ്പീക്കറുടെ നിലപാടിൽ കടുത്ത വിയോജിപ്പുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. അസാധാരണ സാഹചര്യത്തിലെ അസാധാരണ സഭ ആണ് ചേരുന്നത് .അതിനാൽ അസാധാരണമായ ഈ പ്രമേയത്തിനും അനുവാദം നൽകണമെന്നാണ് അഭ്യർത്ഥന.

സഭ കൂടുന്നതിന് 15 ദിവസം നോട്ടീസ് വേണം എന്നാണ് ചട്ടം. അത് പാലിക്കപ്പെട്ടിട്ടില്ല. മുൻകൂര്‍ നോട്ടീസ് പ്രതിപക്ഷത്തിന് മാത്രം എങ്ങനെ ബാധകമാകുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു. പുറത്താക്കൽ പ്രമേയത്തിനെതിരെ സാങ്കേതിക ന്യായം പറഞ്ഞ് സ്പീക്കര്‍ ഒളിച്ചോടരുതെന്നും ചെന്നിത്തല പറഞ്ഞു. 

.