തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ സർക്കാരിനെതിര ശക്തമായ സമരപരിപാടികളുമായി പ്രതിപക്ഷം. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ഇന്ന് വ‍‌ഞ്ചനാ ദിനം ആചരിക്കും. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് സത്യാഗ്രഹം നടത്തും. ഓരോ വാര്‍ഡിലും 10 പേര്‍ പങ്കെടുക്കുന്ന സത്യാഗ്രഹമാണ് നടക്കുന്നത്. സത്യാഗ്രഹത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനുമുന്നില്‍ നടക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സത്യാഗ്രഹം ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍, എന്നിവർ പങ്കെടുക്കും.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോട്ടയത്തും, മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും, കേരളാ കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് തൊടുപുഴയിലും, സത്യാഗ്രഹത്തില്‍ പങ്കെടുക്കും.

മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഇന്ന് സംസ്ഥാനത്ത് സമര ശൃംഖലയുമായി പ്രതിഷേധിക്കും. രാവിലെ 11 മണിക്ക് മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ ദേശീയ പാതയിലും ,സംസ്ഥാന പാതകളിലുമായിരിക്കും സമരം. കൊവിഡ് മാനദണ്ഡം പാലിച്ച് 50 മീറ്റർ അകലത്തിൽ 5 പേരാണ് ശൃംഖലയിൽ പങ്കെടുക്കുക. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും, ഒ രാജഗോപാൽ എംഎൽഎയും സെക്രട്ടറിയേറ്റിന് മുന്നിലും, ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് എ പി അബ്ദുള്ളകുട്ടി എറണാകുളത്തും, പി കെ കൃഷ്ണദാസ് കാസർഗോ‍ഡും സമരശൃംഖലയിൽ അണിച്ചേരും.