തിരുവനന്തപുരം: കിഫ്ബി പദ്ധതിക്കെതിരെ പൊതുമാരമത്ത് മന്ത്രി ജി.സുധാകരന്‍ നടത്തിയ പരാമര്‍ശങ്ങള്‍ നിയമസഭയില്‍ ചര്‍ച്ചയാക്കി പ്രതിപക്ഷം. തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വിഹിതം വെട്ടിക്കുറച്ചതിനെതിരെ ഇന്ന് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയം അനുവദിക്കാന്‍ അനുമതി തേടി നോട്ടീസ് നല്‍കിയിരുന്നു. അടിയന്തരപ്രമേയത്തിന് അനുമതി തേടി സംസാരിക്കുന്നതിനിടെയാണ് പ്രതിപക്ഷ അംഗങ്ങള്‍ സുധാകരന്‍റെ പരാമര്‍ശം സഭയില്‍ ചര്‍ച്ചയാക്കിയത്.

തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വിഹിതം പോയ വർഷത്തേക്കാൾ ഈ വർഷം വെട്ടിക്കുറിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നിരയിൽ നിന്നും അടിയന്തരപ്രമേയത്തിന് അനുമതി തേടി സംസാരിച്ച ഇരിക്കൂർ എംഎൽഎ കെസി ജോസഫ് ആരോപിച്ചു. കഴിഞ്ഞവർഷം ക്യൂവിൽ ഉണ്ടായിരുന്നു ബില്ലുകൾ ഈ വർഷത്തെ പദ്ധതി വിഹിതത്തിൽ ഭാഗമാക്കി മാറ്റിയതോടെയാണ് ഫണ്ട് വിഹിതം കുറഞ്ഞതെന്നും സർക്കാരിന്റെ ഈ നടപടി മൂലം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം സ്തംഭിച്ച അവസ്ഥയിലാണെന്നും കെസി ജോസഫ് കുറ്റപ്പെടുത്തി.  

എന്നാൽ തദേശ സ്ഥാപനങ്ങളുടെ ഫണ്ട് സർക്കാർ വെട്ടി ചുരുക്കിയിട്ടില്ലെന്ന് അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറഞ്ഞ ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന് അനാവശ്യ ആശങ്കയാണെന്നും ഫണ്ട് കുറയ്ക്കുകയല്ല കൂട്ടി നൽകുകയാണ് സർക്കാർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 

എന്നാൽ ധനമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെനന്ന് കെസി ജോസഫ് ആരോപിച്ചു. കിഫ്ബി പദ്ധതിക്കെതിരെ ജി.സുധാകരൻ നടത്തിയ പാരമർശവും കെസി ജോസഫ് സഭയുടെ ശ്രദ്ധയിൽപ്പെടുത്തി. ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥർ എല്ലാം വെട്ടി വിഴുങ്ങുന്നുകയാണെന്നും പദ്ധതി പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് വെട്ടിചുരുക്കിയിട്ടില്ലെന്ന് ധനമന്ത്രിക്ക് ഉറപ്പ് നൽകാനാവുമോ എന്നും കെസി ജോസഫ് ചോദിച്ചു. ട്രഷറി കാലിയായി കിടക്കുകയാണെന്നും ധനമന്ത്രി കൗശലക്കാരനാണെന്നും കെസി ജോസഫ് പരിഹസിച്ചു. 

പദ്ധതി നടത്തിപ്പിൽ യാതൊരു പ്രശ്നവുമില്ലെന്ന് കെസി ജോസഫിന്റെ ആരോപണങ്ങൾക്ക് മറുപടിയായി തോമസ് ഐസക് പറഞ്ഞു. ഇതോടെ സ്പീക്കർ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിനു ശേഷം സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സുധാകരന്റെ വിമർശനം എടുത്തിട്ടു. ജി സുധാകരന്റെ വിമർശനംഉദ്യോഗസ്ഥർക്കെതിരെയല്ല ധനമന്ത്രിക്ക് എതിരെ തന്നെയാണെന്ന് ചെന്നിത്തല പറഞ്ഞു. 

എല്ലാം ഭരിക്കുന്ന ബകൻ എന്ന പരാമർശത്തിലൂടെ ജി സുധാകരൻ ഉദ്ദേശിച്ചത് ആരെയാണെന്ന് വ്യക്തമാണ്. അധികാര വികേന്ദ്രീകരണത്തിന്റെ കടയ്ക്കലാണ് ധനമന്ത്രി കത്തി വയ്ക്കുന്നതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. അടിയരപ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് നിയമസഭയിൽ നിന്നും വാക്ക് ഔട്ട് പ്രഖ്യാപിച്ച പ്രതിപക്ഷം തുടർന്ന് സഭയിൽ നിന്നിറങ്ങിപ്പോയി. പ്രതിപക്ഷ നേതാവടക്കം പ്രതിപക്ഷ നിരയിൽ നിന്നും നിരവധി പേർ സുധാകരന്റെ വിമർശനം എടുത്തു പറഞ്ഞെങ്കിലും ധനമന്ത്രിയോ ഭരണപക്ഷത്തെ മറ്റാരെങ്കിലുമോ മറുപടി നൽകിയില്ല. 

കഴിഞ്ഞ ദിവസം എ‍ഞ്ചിനീയേർസ് കോൺ​ഗ്രസിന്റെ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ്  ജി.സുധാകരൻ കിഫ്ബിക്കെതിരെ ആഞ്ഞടിച്ചത്. പാലോട്-കാരേറ്റ് റോഡ് അടക്കം കിഫ്ബി ഏറ്റെടുത്ത പൊതുമാരമത്ത് വകുപ്പിന്റെ പല പദ്ധതികളും ​കിഫ്ബിയുടെ ​ഗുണമേന്മ പരിശോധനയിൽ തടസ്സപ്പെട്ടു കിടക്കുകയാണ്. ഇതോടൊപ്പം ആലപ്പുഴയിലെ കുടിവെള്ളം പ്രശ്നം കൂടിയായതോടെ മന്ത്രി തുറന്നടിക്കുകയായിരുന്നു.

ജി.സുധാകരന്റെ വാക്കുകൾ... 

''കിഫ്ബിയുടെ പ്രവർത്തനങ്ങളിൽ പിഡബ്ല്യുഡി മനസ്സിലാക്കേണ്ടതും മനസ്സിലാക്കാത്തതുമായ ഒരു കാര്യം ഞാനിപ്പോൾ പറഞ്ഞുതരാം. നിങ്ങൾക്കിതിലൊന്നും ചെയ്യാനില്ല. നിങ്ങളെന്ത് ചെയ്താലും കിഫ്ബിയിലിരിക്കുന്ന ഉദ്യോഗസ്ഥരത് വെട്ടും. നിങ്ങൾ പിന്നേം അയച്ചാലും വെട്ടും. പദ്ധതി വിഴുങ്ങാൻ ഇരിക്കുന്ന ബകനെ പോലെയാണ് അവിടത്തെ ഉദ്യോഗസ്ഥർ. പിഡബ്ല്യുഡി ഉദ്യോഗസ്ഥർ എന്ത് പദ്ധതി കൊടുത്താലും കിഫ്ബിയിലെ ഉദ്യോഗസ്ഥർ തളളുന്ന സ്ഥിതിയാണ്. ഫിനാൻസ് ഉദ്യോഗസ്ഥരെ പിഡബ്ള്യുഡിയ്ക്ക് അകത്ത് നിയമിക്കണം നിങ്ങള്. അത് ചെയ്യില്ലല്ലോ. ഫിനാൻസിലെ ഉദ്യോഗസ്ഥർ പാരാവാരം പോലത്തെ സ്ഥലത്ത് എവിടേലുമല്ലല്ലോ പോയി ഇരിക്കണ്ടത്''