സെക്ഷന്‍ നാലില്‍ പറയുന്ന 17 ഇനം വിവരങ്ങള്‍ എല്ലാ ഓഫീസ് മേധാവികളും മുന്‍കൈയ്യെടുത്ത് എസ് പി ഐ ഒ മാരിലൂടെ സൈറ്റില്‍ ലഭ്യമാക്കേണ്ടതാണ്. 

കോഴിക്കോട്: വിവരാവകാശ നിയമം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി രണ്ടുതരം നടപടികളിലേക്ക് കടക്കുകയാണെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ എ അബ്ദുല്‍ ഹക്കീം. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ഹിയറിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ നിയമത്തിലെ സെക്ഷന്‍ നാല് പ്രകാരം സ്വമേധയാ വെളിപ്പെടുത്തേണ്ട വിവരങ്ങള്‍ വെളിപ്പെടുത്താത്ത ഓഫീസുകളിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറെ കൂടാതെ ഓഫീസ് മേധാവിയെകൂടി കുറ്റക്കാരനായി കണ്ട് നടപടി സ്വീകരിക്കും. 

സെക്ഷന്‍ നാലില്‍ പറയുന്ന 17 ഇനം വിവരങ്ങള്‍ എല്ലാ ഓഫീസ് മേധാവികളും മുന്‍കൈയ്യെടുത്ത് എസ് പി ഐ ഒ മാരിലൂടെ സൈറ്റില്‍ ലഭ്യമാക്കേണ്ടതാണ്. വീഴ്ച വരുത്തിയാല്‍ ഓഫീസ് മേധാവിക്കും ബന്ധപ്പെട്ട ഓഫീസിനുമെതിരെ നടപടിയെടുക്കും. ഇക്കാര്യം ഉറപ്പുവരുത്താന്‍ ഓഫീസുകളില്‍ പരിശോധന നടത്താന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഏതുസമയത്തും വിവരാവകാശ കമ്മീഷന്‍ പരിശോധന പ്രതീക്ഷിക്കാമെന്നും കമ്മീഷണർ പറഞ്ഞു. പൗരാവകാശരേഖ പുതുക്കാത്ത ഓഫീസുകള്‍ എത്രയും വേഗം ആ ജോലി നിര്‍വഹിച്ചു സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടാമത്തെ നടപടി വിവരാവകാശ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മാനവശേഷിയും ഓഫീസുകളുടെയും വിഭവ ശേഷിയും ദുരുപയോഗം ചെയ്യുന്ന അപേക്ഷകര്‍ക്കെതിരെയാണ്. ഒരേ ആവശ്യമുന്നയിച്ച് പലതവണ അപേക്ഷ നല്‍കുക, ഒരേ ഓഫീസില്‍ അപ്രസക്തമായ അപേക്ഷ നിരന്തരം സമര്‍പ്പിക്കുക, കുത്തി നിറയ്ക്കപ്പെട്ട വിവരങ്ങള്‍ ആവശ്യപ്പെട്ട് അപേക്ഷകള്‍ സമര്‍പ്പിക്കുക തുടങ്ങിയവയിലൂടെ സര്‍ക്കാര്‍ ഓഫീസുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നതും ഉദ്യോഗസ്ഥരെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നതുമായ അപേക്ഷകരെ കരിമ്പട്ടികയില്‍ പെടുത്തും. ഇത്തരത്തില്‍ സംസ്ഥാനത്ത് രണ്ടുപേര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും കമ്മീഷന്‍ പറഞ്ഞു.

കോഴിക്കോട് പുതുപ്പാടി കെഎസ്ഇബി ഇലക്ട്രിക്കല്‍ വിഭാഗത്തിലെ വിവരാവകാശ ഓഫീസര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാന്‍ കമ്മീഷണർ നിര്‍ദ്ദേശിച്ചു. ഫെബ്രുവരി 27ന് അറസ്റ്റ് ചെയ്തു തിരുവനന്തപുരത്ത് ഹാജരാക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 24ന് ഹാജരായപ്പോള്‍ കമ്മീഷന്‍ നല്‍കിയ നിര്‍ദ്ദേശം നടപ്പാക്കിയില്ല. ഇത് സംബന്ധിച്ച കാരണം ബോധിപ്പിക്കാന്‍ രണ്ടു തവണ അവസരം നല്‍കിയിട്ടും ഹാജരാകാത്തതിനിലാണ് വാറണ്ട് പുറപ്പെടുവിക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന് ഡോ.ഹക്കീം പറഞ്ഞു.

വടകര താലൂക്ക് ഓഫീസില്‍ വിവരാവകാശ രേഖയുടെ ഒരു പേജ് പകര്‍പ്പിന് (എഫ് എം ബി) 500 രൂപ ആവശ്യപ്പെട്ട നടപടി ചട്ടവിരുദ്ധമാണെന്ന് കമ്മീഷന്‍ പറഞ്ഞു. സര്‍ക്കാര്‍ ഫീസ് നിശ്ചയിച്ചിട്ടുള്ള രേഖകള്‍ ആദ്യമായി നല്‍കുമ്പോള്‍ ആ ഫീസ് ഈടാക്കാവുന്നതാണെങ്കിലും അതിന്റെ പകര്‍പ്പ് ചോദിച്ചാല്‍ വിവരാവകാശ നിയമപ്രകാരമുള്ള ഫീസ് മാത്രമേ ഈടാക്കാന്‍ പാടുള്ളു എന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. ലഭ്യമായിട്ടുള്ള വിവരങ്ങള്‍ അപേക്ഷകരുടെ വിലാസം തെറ്റിച്ച് അയക്കുകയും മറുപടിയായി കൈപ്പറ്റാതെ മടങ്ങി വന്നു എന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്ത ചേവായൂര്‍ സബ് രജിസ്ട്രാറുടെ നടപടി ചട്ടവിരുദ്ധമാണെന്ന് കമ്മീഷന്‍ കണ്ടെത്തി. ഹര്‍ജി കക്ഷിയായ ബിന്ദുവിന് യഥാര്‍ത്ഥ വിവരങ്ങള്‍ ഒരാഴ്ചയ്ക്കകം ലഭ്യമാക്കാനും കമ്മീഷന് മുന്‍പാകെ വിശദീകരണം സമര്‍പ്പിക്കുവാനും കമ്മീഷണർ ആവശ്യപ്പെട്ടു.

ഫയല്‍ കാണാനില്ലെന്ന മറുപടി നല്‍കുന്ന വിവരാവകാശ ഓഫീസര്‍മാര്‍ ഡിസ്ട്രക്ഷന്‍ ഓര്‍ഡര്‍ ഹാജരാക്കിയില്ലെങ്കില്‍ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് കമ്മീഷണർ പറഞ്ഞു. റവന്യൂ വകുപ്പിലെ പേരംപ്ര വില്ലേജ് ഓഫീസര്‍ കലക്ടറേറ്റിനെതിരെ നിരന്തരം വിവരാവകാശ അപേക്ഷ സമര്‍പ്പിക്കുന്ന നടപടിയെ കമ്മീഷണർ വിമര്‍ശിച്ചു. ഫറോക്ക് നഗരസഭയില്‍ ഫയലില്‍ ഇല്ലാത്ത രേഖ കൃത്രിമമായി സൃഷ്ടിച്ചു നല്‍കിയതായ അബ്ദുല്‍ മനാഫിന്റെ പരാതിയില്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് അയക്കാന്‍ നിര്‍ദേശം നല്‍കി.

കോഴിക്കോട് ഫോറസ്റ്റ് റേഞ്ചിന് പരിധിയിലുള്ള പ്രദേശങ്ങളില്‍ വാനരശല്യം സംബന്ധിച്ച പരാതിയില്‍ അടിയന്തര നടപടി സ്വീകരിക്കാനും രേഖകള്‍ ഹാജരാക്കാനും ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചെങ്ങോട്ടുകാവ് വില്ലേജ് ഓഫീസില്‍ നിന്നും സുലോചന കുന്നുമ്മല്‍ ആവശ്യപ്പെട്ട രേഖകള്‍ തല്‍ക്ഷണം ലഭ്യമാക്കി. കോഴിക്കോട് കലക്ടറേറ്റിലെ എന്‍ കെ ചന്ദ്രന്‍ നല്‍കിയ പരാതിയില്‍ ഒന്നാം അപ്പീല്‍ അധികാരിയുടെ നടപടി ശരിവെച്ചു. കളക്ടറേറ്റിലെ കെ ജി ബാബുവിന്റെ ഹര്‍ജിയില്‍ ഹര്‍ജി കക്ഷിക്ക് ഒരവസരം കൂടെ നല്‍കി ഹിയറിങ്ങ് നടത്തി വിവരം ലഭ്യമാക്കാന്‍ നിര്‍ദ്ദേശിച്ചു. ആകെ പരിഗണിച്ച 23 പരാതികളില്‍ 22 എണ്ണം തീര്‍പ്പാക്കി. എതിര്‍കക്ഷികള്‍ ഹാജരാകാത്ത ഒരു കേസില്‍ വാറണ്ട് പുറപ്പെടുവിച്ചു.

പരീക്ഷ എഴുതിയാൽ ഉത്തരം നൽകണമെന്ന് വിവരാവകാശ കമ്മീഷൻ, ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിന് നിർദ്ദേശം നൽകി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം