മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. അഴിമതി നിരോധന വകുപ്പ് ചുമത്തി എസ്.ഐ.ടിയാണ് കേസ് അന്വേഷിക്കുന്നത്. ഇടപാടുകൾ സംബന്ധിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷനിൽ നിന്നും വിവരങ്ങൾ ശേഖരിക്കും.

തിരുവനന്തപുരം: മുൻ കായിക മന്ത്രി വി. അബ്ദുറഹിമാൻ ഉൾപ്പെട്ട മെസ്സി കേസിൽ അദ്ദേഹത്തെ പ്രതിയാക്കാനുള്ള ഉത്തരവിറങ്ങി. അഴിമതി നിരോധന വകുപ്പ് ചുമത്തി പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കേസന്വേഷണം നടത്താനാണ് അനുമതി ലഭിച്ചിരിക്കുന്നത്. കേസിൽ അന്വേഷണം വേഗത്തിലാക്കാനാണ് സർക്കാർ തീരുമാനം. വി. അബ്ദുറഹിമാൻ, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സത്യപാലൻ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി എന്നിവർക്കെതിരെയാണ് അന്വേഷണം നടക്കുന്നത്.

വി. അബ്ദുറഹിമാനെ പ്രതിചേർക്കാനുള്ള സർക്കാർ അനുമതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. വി. അബ്ദുറഹിമാൻ, പ്രൈവറ്റ് സെക്രട്ടറി സത്യപാലൻ, യു. ഷറഫലി എന്നിവരെ പ്രതിചേർത്തായിരിക്കും റിപ്പോർട്ട് നൽകുക. ഈ മൂന്ന് പേരെക്കൂടാതെ പ്രതിപ്പട്ടികയിലേക്ക് കൂടുതൽ പേർ ഉൾപ്പെടാനും സാധ്യതയുണ്ട്.

ധനകാര്യ സ്ഥാപനങ്ങളിലേക്കും അർജന്റീന ഫുട്ബോൾ അസോസിയേഷനിലേക്കും അന്വേഷണം

മെസ്സിയെ കേരളത്തിലെത്തിക്കുന്നതിനായി പണം മുടക്കിയ ധനകാര്യ സ്ഥാപനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയാണ്. ഈ ധനകാര്യ സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ എസ്.ഐ.ടി ഇതിനകം ശേഖരിച്ചിട്ടുണ്ട്. അതേസമയം, ഇടപാടുകളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി അർജന്റീന ഫുട്ബോൾ അസോസിയേഷനിൽ (AFA) നിന്ന് വിവരം തേടാനും പ്രത്യേക അന്വേഷണ സംഘം ഒരുങ്ങുകയാണ്. ഈ വിവരങ്ങൾ കൂടി ലഭിച്ചതിന് ശേഷമായിരിക്കും കേസിൽ കൂടുതൽ ചോദ്യം ചെയ്യലുകൾ നടക്കുക.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന് കണ്ടെത്തൽ

മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ, മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ അഴിമതി തടയൽ നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ ഇന്നലെ അനുമതി നൽകിയിരുന്നു. ഇതിനായുള്ള ഫയൽ ഗവർണർ അംഗീകരിക്കുകയായിരുന്നു. വി. അബ്ദുറഹിമാനും റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിനും അടക്കം നാല് പേരാണ് നിലവിൽ കേസിലെ പ്രതികൾ. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് അന്യായമായ സാമ്പത്തിക ലാഭമുണ്ടാക്കാൻ വി. അബ്ദുറഹിമാൻ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.