ഔദ്യോ​ഗിക പദവി ദുരുപയോ​ഗം ചെയ്ത് 65 ലക്ഷം രൂപ സമ്പാദിച്ചെന്നാണ് ടോമിൻ ജെ തച്ചങ്കരിക്കെതിരായ കേസ്. സ്വത്ത് മാതാപിതാക്കൾ വഴി പരമ്പരാഗതമായി കൈമാറിക്കിട്ടിയതാണെന്നായിരുന്നു തച്ചങ്കരിയുടെ വാദം. 

കൊച്ചി: ഡിജിപി ടോമിൻ ജെ തച്ചങ്കരിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ തുടരന്വേഷണം നടത്താൻ സർക്കാർ ഉത്തരവ്. തച്ചങ്കരിയുടെ അപേക്ഷ പരിഗണിച്ചാണ് ഒൻപത് വർഷം മുമ്പ് കുറ്റപത്രം സമർപ്പിച്ച കേസിൽ തുടരന്വേഷണം നടത്താനുള്ള സർക്കാർ തീരുമാനം. വരവിൽകവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസിൽ തച്ചങ്കരിക്കെതിരെ തൃശൂർ വിജിലൻസ് കോടതിയിലാണ് ആദ്യം കുറ്റപത്രം സമർപ്പിക്കുന്നത്. വിജിലൻസിന്‍റെ കണ്ടെത്തലുകള്‍ കേന്ദ്രസർക്കാരും പരിശോധിച്ച് അനുമതി നൽകിയ ശേഷമായിരുന്നു കുറ്റപത്രം നൽകിയത്. 

എന്നാൽ അന്വേഷണ ഉദ്യോഗസ്ഥന്‍റെ കണ്ടെത്തലുകള്‍ തെറ്റാണെന്നും തുടരന്വേഷണം വേണമെന്നുമായിരുന്നു ടോമിൻ ജെ തച്ചങ്കരി മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടത്. തുടരന്വേഷണമാകാമെന്ന അഡ്വേക്കേറ്റ് ജനറലിന്‍റെ ഉപേദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനെന്ന് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. അപൂർവ്വമായി മാത്രമാണ് അഴിമതിക്കേസിൽ പ്രതിയുടെ അപേക്ഷ പരിഗണിച്ച് തുടരന്വേഷണത്തിന് ഉത്തരവിടുന്നത്. പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിക്കാനാണ് വിജിലൻസ് ഡയറക്ടരോടുള്ള നിർദ്ദേശം. 

ഒരു വർഷം മുമ്പ് തുടരന്വേഷണം ആവശ്യപ്പെട്ട തച്ചങ്കരി വിജിലൻസ് ഡയറക്ടർക്ക് നൽകിയ അപേക്ഷ തള്ളിയിരുന്നു. കുറ്റപത്രം റദ്ദാക്കണമെന്ന തച്ചങ്കരിയുടെ അപേക്ഷ കോട്ടയം വിജിലൻസ് കോടതിയും തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാരിനെ സമീപിച്ചത്. ലോക്നഥ് ബെഹ്റ വിരമിച്ചാൽ പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഉദ്യോഗസ്ഥരിൽ ഒരാളാണ് തച്ചങ്കരി. അഴിമതി കേസിൽ കുറ്റപത്രമുള്ളത് പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് തടസ്സമാവാതിരിക്കാനാണ് തുടരന്വേഷണം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചതെന്നാണ് സൂചന. തൃശൂർ വിജിലൻസ് കോടതിയിൽ സമർ‍പ്പിച്ച കുറ്റപത്രം കോട്ടയം വിജിലൻസ് കോടതിയിലേക്ക് മാറ്റിയിരുന്നു. തുടരന്വേഷണം നടത്താനുള്ള തീരുമാനം പുതിയ അന്വേഷണ സംഘം കോടതിയെ അറിയിക്കും.