സബ് ഗ്രൂപ്പിന് കീഴിലുള്ള ഓരോ ദേവസ്വങ്ങളിലും പ്രത്യേകം തിരുവാഭരണ രജിസ്റ്ററും ഉണ്ട്. ഇത് ക്രോഡീകരിച്ച് നെയ്യാറ്റിൻകര സബ് ഗ്രൂപ്പ് അസി. കമ്മീഷണർ തിരുവാഭരണം കമ്മീഷണർക്ക് പുതിയ റിപ്പോർട്ട് നൽകിയിരുന്നു.
തിരുവനന്തപുരം: നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിന് കീഴിലുള്ള 20 ഓളം ക്ഷേത്രത്തിലെ വിലപിടിപ്പുള്ള സാധനങ്ങളുടെ കണക്കുകളിൽ അവ്യക്തയെന്ന് തിരുവിതാംകൂർ ദേവസ്വം തിരുവാഭരണം കമ്മീഷണർ. പല ക്ഷേത്രങ്ങളിലും സൂക്ഷിച്ചിട്ടുള്ള സ്വർണം- വെള്ളി അടക്കമുള്ള ഉരുപ്പടികൾ നെയ്യാറ്റിൻകര അസി. കമ്മീഷണർ സമർപ്പിച്ച പട്ടികയിലില്ല. ദേവസ്വത്തിൻെറ പട്ടികയിലുള്ള സാധനങ്ങള്‍ എവിടെ പോയെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ് നെയ്യാറ്റിൻകര സബ് ഗ്രൂപ്പ് അസി. കമ്മീഷണർക്ക് കത്ത് നൽകി.
ശബരിമല സ്വർണ കൊള്ളക്ക് ശേഷമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള സ്വത്തുക്കളുടെ കണക്കെടുപ്പ് തുടങ്ങിയത്. പാറശാല മഹാദേവ ക്ഷേത്രത്തിലെ സ്ട്രോങ് റൂമിലാണ് നെയ്യാറ്റിൻകര സബ് ഗ്രൂപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ വിലപിടപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കുന്നത്. സ്ട്രോങ് റൂമിലുള്ള ഉരുപ്പടികളുടെ പട്ടിക ദേവസ്വം കമ്മീഷണറുടെ കൈവശമുണ്ട്. സബ് ഗ്രൂപ്പിന് കീഴിലുള്ള ഓരോ ദേവസ്വങ്ങളിലും പ്രത്യേകം തിരുവാഭരണ രജിസ്റ്ററും ഉണ്ട്. ഇത് ക്രോഡീകരിച്ച് നെയ്യാറ്റിൻകര സബ് ഗ്രൂപ്പ് അസി. കമ്മീഷണർ തിരുവാഭരണം കമ്മീഷണർക്ക് പുതിയ റിപ്പോർട്ട് നൽകിയിരുന്നു.
ഈ രണ്ടു പട്ടികകളും ചേർത്ത് പരിശോധിച്ചപ്പോള്‍ പല സാധനങ്ങളും കാണാനില്ലെന്നാണ് വിലയിരുത്തൽ. വീരണക്കാവ് ക്ഷേത്രത്തിലെ വെള്ളിതാമരപ്പൂവ്, പരുകളത്തൂർ ക്ഷേത്രത്തിലെ വെളളിത്തട്ടം, കുട്പ്പന ദേവസ്വത്തിലെ വീരചക്രം, പാറശാല ദേവസ്വത്തിലെ സ്വർണകട്ടി, മുര്യങ്കര ദേവസ്വത്തിലെ സ്വർണമുദ്രപ്പൊതി, രാമേശ്വരം ദേവസ്വത്തിലെ സ്വർണത്താലികള്‍ എങ്ങനെ തുടങ്ങി വിലപിടിപ്പുള്ള നിരവധി ഉരുപ്പടികളും പൂജാസാമഗ്രികളും ഗ്രൂപ്പിലെ വിവിധ ദേവസ്വങ്ങളിൽ നിന്നും കാണാനില്ലെന്നാണ് തിരുവാഭരണ കമ്മീഷണറുടെ റിപ്പോർട്ട്. ചില ക്ഷേത്രങ്ങളിൽ നിന്നും നൽകിയിട്ടുള്ള സ്റ്റേറ്റ്മെൻറുകളിൽ വ്യക്തതയില്ലെന്നും പറയുന്നു. ഉരുപ്പടികള്‍ ഉത്സവ ആവശ്യങ്ങള്‍ക്ക് എടുത്ത ശേഷം തിരികെ വയ്ക്കാത്തതാണോ, നഷ്ടപ്പെട്ടതാണോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തവരുത്തി റിപ്പോർട്ട് നൽകാനാണ് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

