(തയ്യാറാക്കിയത്: ജിമ്മി ജയിംസ്)

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഹോളണ്ട് സന്ദർശനത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്ത കമ്പനിക്ക് കോടികളുടെ കൺസൾട്ടൻസി നൽകാൻ വഴിവിട്ട ശ്രമം. യോഗ്യതകളില്ലാത്തതിനാൽ ടെൻഡർ നടപടികളിൽ നിന്ന് ഒഴിവാക്കപ്പെട്ട കമ്പനിയെ തിരുകി കയറ്റാൻ ഇപ്പോഴത്തെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയാണ് ഇടപെട്ടത്. മുഖ്യമന്ത്രി അത് അംഗീകരിക്കുകയും ചെയ്തു. ഇതിന്‍റെ രേഖകൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിടുന്നു.

ഇനി വരുന്ന പ്രളയങ്ങളെ അതിജീവിക്കാൻ സമഗ്രപദ്ധതി കൊണ്ടുവരുമെന്നാണ് കേരള സർക്കാർ 2018-ൽ പ്രഖ്യാപിച്ചത്. നേതൃത്വം റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്. അതിനുള്ള നടപടികളും തുടങ്ങി. ആദ്യം കൺസൾട്ടൻസി. അതാണ് നാട്ടുനടപ്പ്. ടെക്നിക്കൽ സപ്പോർട്ട് കൺസൾട്ടന്‍റുമാർക്ക് വേണ്ടി താൽപര്യപത്രം ക്ഷണിച്ചു. മൂന്ന് വർഷത്തേക്ക് 58 തസ്തികകൾ. ചിലവ് ഏതാണ്ട് 30 കോടി. ഇതിനോട് 12 കമ്പനികൾ പ്രതികരിച്ചു. എല്ലാ യോഗ്യതകളും ഉള്ള നാല് കമ്പനികളെ ടെൻഡറിന്‍റെ അടുത്ത ഘട്ടത്തിലേക്ക് പരിശോധനാസമിതി തിരഞ്ഞെടുത്തു. ഇതിനിടെ മുഖ്യമന്ത്രി നെതർലൻഡ് സന്ദർശിച്ചു. 2019 മെയ് മാസത്തിലായിരുന്നു സന്ദർശനം. അവിടുത്തെ പദ്ധതികൾ നേരിട്ട് മനസ്സിലാക്കുകയായിരുന്നു ഉദ്ദേശം. പ്രളയജലം പെട്ടെന്ന ഒഴുക്കിക്കളയുന്ന അവിടുത്തെ 'റൂം ഫോർ റിവർ' പദ്ധതി കുട്ടനാടിന് പറ്റിയാതെന്നും സന്ദർശനത്തിന് ശേഷം പിണറായി വിജയൻ അഭിപ്രായപ്പെട്ടു.

കൺസൾട്ടൻസികളുടെ അന്തിമപട്ടികയിൽ തിരുകിക്കയറ്റൽ

മുഖ്യമന്ത്രിയുടെ വിദേശപര്യടനത്തിന് ശേഷമാണ് കൺസൾട്ടൻസികളുടെ അന്തിമ പട്ടിക തയ്യാറാക്കിയത്. 2019 മെയ് 30-ന്. അവിടെയാണ് പ്രശ്നം തുടങ്ങിയതും. നാല് കമ്പനികൾക്ക് പകരം പട്ടികയിൽ 6 കമ്പനികൾ. ഇന്ത്യയിൽ ഇത്തരം പദ്ധതികൾ നടപ്പിലാക്കിയുള്ള പരിചയം വേണമെന്നതായിരുന്നു പ്രധാന യോഗ്യത. അതില്ലാത്ത രണ്ട് കമ്പനികളെയാണ് പുതിയതായി ഉൾപ്പെടുത്തിയത്. ബെൽജിയത്തിലെ ട്രാക്ടാബെല്ലും, നെതർലൻസിലെ ഹസ്കോണിംഗും. പക്ഷെ ഇവരെക്കൂടി ഉൾപ്പെടുത്താനുള്ള റീബിൽഡ് കേരളയുടെ നീക്കത്തെ ജല അതോറിറ്റി എതിർത്തു.

എതിർപ്പുമായി ജല അതോറിറ്റി

ഇതേ ഇളവ് കിട്ടുമോ എന്ന് ആദ്യം ചോദിച്ച കമ്പനികളെ അതിന് അനുവദിച്ചിരുന്നില്ലെന്ന് അവർ ഫയലിൽ കുറിപ്പെഴുതി. അവർ കേസിന് പോകുമെന്ന മുന്നറിയിപ്പും ഇതോടൊപ്പം വച്ചു. അതോടെ അണിയറ നീക്കങ്ങൾക്ക് പകരം ഇടപെൽ നേരിട്ടായി. അന്നത്തെ അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത എഴുതിയ നോട്ടാണ് സുപ്രധാനം - 'മുഖ്യമന്ത്രിയുടെ നെതർലൻഡ്സ് സന്ദർശനത്തിലും ചർച്ചകളിലും സജീവമായി ഇടപ്പെട്ട കമ്പനികളെയാണ് ഒഴിവാക്കിയിരിക്കുന്നത്. അതുകൊണ്ട് അവരെകൂടി ഉൾപ്പെടുത്തണം', എന്നാണ് മാർച്ച് നാലിന് എഴുതിയ കുറിപ്പ്. ഇല്ലെങ്കിൽ നെതർലൻഡുമായുള്ള നയതന്ത്രബന്ധത്തെ ബാധിക്കുമെന്ന മുന്നറിയിപ്പും.

മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ സഹായിച്ചവരായതുകൊണ്ട് ഒഴിവാക്കാനാവില്ലെന്നാണ് ഒരു മറയുമില്ലാതെ ഒരു ഉന്നത ഉദ്യോഗസ്ഥൻ എഴുതിയിരിക്കുന്നത്. മാർച്ചിൽ ഫയൽ മുഖ്യമന്ത്രിക്ക് പോയി. മൂന്ന് മാസത്തേക്ക് ഒന്നും സംഭവിച്ചില്ല. അതിന് ശേഷം കഴിഞ്ഞ ജൂണിൽ പിണറായി വിജയന്‍റെ അംഗീകാരത്തോടെ ഫയൽ തിരിച്ചുവന്നു. 

പക്ഷേ, ജലവകുപ്പ് വിട്ടില്ല. വിവാദങ്ങളേക്കുറിച്ച് ഒന്നും പറയാതെ ഒരു ഒപ്പുമാത്രം ഇട്ടാൽ പറ്റില്ലെന്നും യോഗ്യത ഇല്ലാത്തവരെ ഉൾപ്പെടുത്തണം എന്നാണോ, വേണ്ടെന്നാണോ തീരുമാനമെന്ന് വ്യക്തമായി പറയണം എന്നും ആവശ്യപ്പെട്ടു. ഫയൽ കഴിഞ്ഞ മൂന്നാഴ്ചയായി മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. 

ചുരുക്കത്തിൽ പ്രളയത്തെ അതിജീവിക്കാൻ കേരളത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ട ഒരു കൂട്ടം പദ്ധതികൾ, 40 കോടിയുടെ കൺസൾട്ടൻസി കരാർ വേണ്ടപ്പെട്ടവർക്ക് എങ്ങനെ കൊടുക്കാമെന്ന ആലോചനയിൽ ഒരു വർഷമായി കുടുങ്ങിക്കിടക്കുകയാണ്.

സർക്കാർ രേഖകളാണ് മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ സജീവമായ ഇടപെട്ട കമ്പനികൾക്ക് വേണ്ടി ഇപ്പോഴത്തെ ചീഫ് സെക്രട്ടറി മുൻപ് ഇടപെട്ടു എന്നതിന് ആധാരം. ആ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചതിനും ഉള്ള രേഖ ഇത് തന്നെ. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഇതിന് നൽകിയ വിശദീകരണം, നല്ല കമ്പനികളെ കൊണ്ടുവരുക എന്ന ഉദ്ദേശം മാത്രമായിരുന്നു കുറിപ്പിന് പിന്നിലെന്നാണ്. അതിൽ മുഖ്യമന്ത്രിയുടെ അടക്കം ആരുടേയും നിർദ്ദേശം ഉണ്ടായിരുന്നില്ലെന്നും.