Asianet News MalayalamAsianet News Malayalam

'അമിത വേഗത്തിൽ പാഞ്ഞാൽ ലൈസൻസ് റദ്ദാക്കും'; പാലക്കാട്-ഗുരുവായൂർ റൂട്ടിൽ സ്പെഷ്യൽ ഡ്രൈവ്

ഗുരുവായൂരിലേക്കുള്ള രാജപ്രഭ ബസിന്റെ അമിത വേഗം കഴിഞ്ഞ ദിവസം ചാലിശ്ശേരിയിൽ സ്കൂട്ടർ യാത്രക്കാരിയായ പെൺകുട്ടി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയുമായി മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തിയത്

Over speed, Motor Vehicles Department to conduct special drive on Palakkad-Guruvayur route
Author
First Published Sep 13, 2022, 12:24 PM IST

പാലക്കാട്: പാലക്കാട് ഗുരുവായൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയാൻ നടപടി. അമിത വേഗം തടയാൻ സ്പെഷ്യൽ ഡ്രൈവുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത്. ഇന്ന് മുതൽ 7 ദിവസം ഈ റൂട്ടിലെ വിവിധയിടങളിൽ പരിശോധന നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥർ അറിയിച്ചു. നിയമം ലംഘിക്കുന്ന ബസ്  ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ഗുരുവായൂരിലേക്കുള്ള രാജപ്രഭ ബസിന്റെ അമിത വേഗം കഴിഞ്ഞ ദിവസം ചാലിശ്ശേരിയിൽ സ്കൂട്ടർ യാത്രക്കാരിയായ പെൺകുട്ടി ചോദ്യം ചെയ്തിരുന്നു. ഈ വാർത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടതിന് പിന്നാലെയാണ് അമിത വേഗം തടയാൻ നടപടിയുമായി മോട്ടാർ വാഹന വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. 

പാഞ്ഞെത്തിയ ബസിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഒറ്റയ്ക്ക് പിന്തുടർന്ന് ബസിനെ തടഞ്ഞിട്ട് യുവതിയുടെ ധീരത

സെപ്തംബർ 6ന് രാവിലെയാണ് കൂറ്റനാടിന് സമീപം മരണയോട്ടം നടത്തിയ ബസ് സ്കൂട്ടർ യാത്രക്കാരിയായ പെരുമണ്ണൂർ സ്വദേശി സാന്ദ്ര പിന്തുടർന്ന് തടഞ്ഞിട്ടത്. സാന്ദ്ര റോഡിലൂടെ പോകുമ്പോൾ പുറകിൽ നിന്ന് വന്ന ബസ് ഇടിച്ചു, ഇടിച്ചില്ല എന്ന മട്ടിൽ കടന്നു പോകുകയായിരുന്നു. എതിരെ വന്ന ലോറിയെ കടന്നു പോകുന്നതിനിടെയാണ് ബസ് ഡ്രൈവറുടെ ഭാഗത്ത് നിന്ന് ഈ അതിക്രമം ഉണ്ടായത്. കടന്നു പോകാനാകില്ല എന്ന് ഉറപ്പായിട്ടും ഡ്രൈവർ നടത്തിയ അതിക്രമം മൂലം ചാലിലേക്ക് സാന്ദ്രയ്ക്ക് വാഹനം ഇറക്കേണ്ടി വന്നു. വാഹനം ഒതുക്കിയെങ്കിലും, തുടർന്ന് ഒന്നര കിലോമീറ്ററോളം പിന്തുടർന്ന് സാന്ദ്ര ബസിനെ മറികടന്ന് തടഞ്ഞിടുകയായിരുന്നു. ഇതിന് പിന്നാലെ സാന്ദ്രയുടെ ധീരതയെ അഭിനന്ദിച്ച് പലരും രംഗത്തെത്തിയിരുന്നു. രാജപ്രഭ ബസിൽ നിന്ന് നേരത്തെയും ഇത്തരത്തിൽ അനുഭവം ഉണ്ടായതായി സാന്ദ്ര പിന്നീട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. 

പാലക്കാട് കൂറ്റനാട്ടെ സ്വകാര്യ ബസിന്‍റെ മരണയോട്ടം; ബസ് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

സംഭവം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ബസ് ജീവനക്കാർക്കെതിരെ പട്ടാമ്പി ജോയിന്‍റ് ആർടിഒ നടപടി എടുത്തിരുന്നു. ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കാതിരിക്കാൻ വിശദീകരണം നൽകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.  ബസ്, ജോയിന്‍റ് ആർടിഒ ഓഫീസിൽ ഹാജരാക്കാൻ ഉടമയ്ക്കും നിർദേശം നൽകിയിരുന്നു. 

Follow Us:
Download App:
  • android
  • ios