പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം. ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് സിലിണ്ടറുകൾ ജനറൽ ആശുപത്രിയിലെത്തിച്ചു. നിലവിൽ സ്ഥിതി ഗുരുതരമല്ലെന്നും താത്കാലിക പ്രശ്നങ്ങൾ പരിഹരിച്ചെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും വരും ദിവസങ്ങളിൽ സംസ്ഥാനത്തും ഗുരുതര ഓക്സിജൻ സിലിണ്ടറുകളുടെ ക്ഷാമം ഉണ്ടാവുമെന്നതിന്റെ സൂചനയാണ് പത്തനംതിട്ടയിൽ ഇന്നലെ രാത്രി മുതലുണ്ടായിരിക്കുന്നത്. ജില്ലയിൽ കൊവിഡ് ബാധിച്ചവരെ ചികിത്സിക്കുന്ന രണ്ട് സർക്കാർ ആശുപത്രികളിൽ ഒന്നാണ് പത്തനംതിട്ട ജനറൽ ആശുപത്രി. 123 കൊവിഡ് രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്. 15 പേരുടെ ആരോഗ്യനില ഗുരുതരമാണ്. ഈ സാഹചര്യത്തിലാണ് ആശുപത്രിയിൽ കൂടുതൽ ഓക്സിജന്റെ ആവശ്യമാകുന്നത്.

ആകെ 93 സിലിണ്ടറുകൾ ഉണ്ടെങ്കിലും കരുതൽ ശേഖരത്തിലുള്ളവയിൽ ഭൂരിഭാഗവും കാലിയാണ്. ഓക്സിജൻ സിലിണ്ടറുകളുടെയും അപര്യാപതതയുണ്ട്. അടിയന്തര ഘട്ടതത്തെ നേരിടാൻ കരുതൽ ശേഖരത്തിലേക്കാണ് ഇന്നലെയും ഇന്നുമായി 26 സിലിണ്ടറുകൾ എത്തിച്ചത്. സ്വകാര്യ മേഖലയുടെ സഹായത്തോടെ എറണാകുളത്ത് നിന്ന് കൂടുതൽ സിലിണ്ടറുകൾ ഉടൻ എത്തിക്കും. കഴിഞ്ഞ ദിവസം ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം ഉണ്ടായപ്പോൾ ജനറൽ ആശുപത്രിയിലെ കരുതൽ ശേഖരത്തിൽ നിന്നാണ് ഓക്സിജൻ എത്തിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona