ഓക്സിജൻ സഹായം ആവശ്യമുള്ള നൂറിലേറെ കൊവിഡ് രോഗികൾ ആണ് സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുള്ളത്. പാലക്കാട്ടെ പാലന ആശുപത്രിയിൽ മാത്രം 60 രോഗികളാണ് ഓക്സിജൻ ആവശ്യമുള്ളത്.
പാലക്കാട്: പാലക്കാട് ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം. സ്വകാര്യ ആശുപത്രികളിൽ ആവശ്യത്തിന് ഓക്സിജൻ കിട്ടുന്നില്ലെന്ന് പരാതിയുയരുന്നു. ഓക്സിജൻ സഹായം ആവശ്യമുള്ള നൂറിലേറെ കൊവിഡ് രോഗികളാണ് ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയായ പാലന ആശുപത്രിയിൽ മാത്രം 60 രോഗികളാണ് ഓക്സിജൻ ആവശ്യമുള്ളത്. ജില്ലയിൽ ആവശ്യത്തിന് ഓക്സിജൻ ലഭിക്കുന്നില്ലെന്ന പരാതികളുയരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.
പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ടെ പ്ലാൻറിൽ നിന്നാണ് സംസ്ഥാനത്തെ ആശുപത്രികളിലേക്കുള്ള ഓക്സിജൻ വിതരണം ചെയ്യുന്നത്. ഇടനിലക്കാരുടെ ഭാഗത്ത് നിന്നും വിതരണത്തിലുണ്ടായ പ്രശ്നങ്ങളാണ് ക്ഷാമമുണ്ടാകാൻ കാരണമെന്നാണ് കഞ്ചിക്കോട്ടെ അധികൃതർ വിശദീകരിക്കുന്നത്.
ഓക്സിജൻ ക്ഷാമമടക്കമുണ്ടായ പശ്ചാത്തലത്തിൽ ഡിഎംഒ അടക്കമുള്ളവരുടെ യോഗം ജില്ലാ കളക്ടർ വിളിച്ചു ചേർത്തു. ഓക്സിജൻ ക്ഷാമമുള്ള ആശുപത്രിക്ക് അടിയന്തിരമായി ഓക്സിജൻ എത്തിക്കുമെന്നും പ്രശ്ന പരിഹാര നടപടികൾ തുടങ്ങിയതായും ജില്ലാ കളക്ടർ അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
