Asianet News MalayalamAsianet News Malayalam

'മുസ്ലീങ്ങളെ കബളിപ്പിക്കുന്നു'; പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് പി സി ജോര്‍ജ്

പൗരത്വ നിയമ ഭേദഗതി കൊണ്ട് ആര്‍ക്കും പൗരത്വം നഷ്ടമാകാന്‍ പോകുന്നില്ല. ഇല്ലാത്തത് പറഞ്ഞ് എല്‍ഡിഎഫ് മുസ്ലീങ്ങളെ കബളിപ്പിക്കുകയാണെന്നും ഭീതി പരത്തുകയാണെന്നും പി സി ജോര്‍ജ്

p c george supports caa in kerala assembly
Author
Thiruvananthapuram, First Published Feb 3, 2020, 6:10 PM IST

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് പൂഞ്ഞാര്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജ്. പൗരത്വ നിയമ ഭേദഗതി കൊണ്ട് ആര്‍ക്കും പൗരത്വം നഷ്ടമാകാന്‍ പോകുന്നില്ല. ഇല്ലാത്തത് പറഞ്ഞ് എല്‍ഡിഎഫ് മുസ്ലീങ്ങളെ കബളിപ്പിക്കുകയാണെന്നും ഭീതി പരത്തുകയാണെന്നും പി സി ജോര്‍ജ് ആരോപിച്ചു.

നിയമസഭയിലാണ് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് പി സി ജോര്‍ജ് സംസാരിച്ചത്. നേരത്തെ, പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയപ്പോള്‍ പി സി ജോര്‍ജ് അനുകൂല നിലപാടായിരുന്നു എടുത്തിരുന്നത്. കുരങ്ങിന്‍റെ കയ്യിൽ പൂമാല കിട്ടി എന്ന് പറയും പോലെയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണം. എന്ത് ചെയ്യണമെന്ന് സര്‍ക്കാരിന് ഒരു പിടിയുമില്ലാത്ത അവസ്ഥയാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് നടത്തുന്ന സമരങ്ങൾ കേന്ദ്ര സര്‍ക്കാരിനെ വിറപ്പിക്കുന്ന വിധത്തിൽ ആകണമെന്നുമായിരുന്നു പിസി ജോര്‍ജ് അന്ന് പറഞ്ഞത്. സമരങ്ങൾ മോദി സര്‍ക്കാര്‍ അറിയും വിധത്തിലാകണം. അഞ്ച് ലക്ഷം പേരെ ഇറക്കി എജീസ് ഓഫീസ് പത്ത് ദിവസം വളഞ്ഞു വക്കാൻ കഴിയണം. അഞ്ച് ലക്ഷം പേരെ അണിനിരത്താനുണ്ടായിരുന്നെങ്കിൽ അത്തരമൊരു സമര രീതി ഏറ്റെടുത്തേനെ എന്നും കേരളത്തിലെ സമരം കണ്ട് കേന്ദ്ര സര്‍ക്കാര്‍ വിറയ്ക്കുന്ന അവസ്ഥയുണ്ടാകണമെന്നും അന്ന് പി സി ജോര്‍ജ്ജ് ആവശ്യപ്പെട്ടു. 

അഞ്ച് ലക്ഷം പേരെ ഇറക്കി എജീസ് ഓഫീസ് വളയണം, കേന്ദ്രസര്‍ക്കാര്‍ വിറയ്ക്കണം: പിസി ജോര്‍ജ്ജ്

ഇപ്പോള്‍ ഈ നിലപാട് മാറ്റിയാണ് പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് പി സി ജോര്‍ജ് സംസാരിച്ചത്. അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിൽ നിന്ന് ഐക്യകണ്ഠേന എന്ന പ്രയോഗം മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎൽഎ ഒ രാജഗോപാൽ രംഗത്ത് വന്നു.

പ്രമേയം പാസാക്കാൻ ചേര്‍ന്ന പ്രത്യേക നിയമസഭാ യോഗത്തിനെത്തിയ രാജഗോപാൽ പ്രമേയത്തെ എതിര്‍ക്കുകയോ പ്രമേയത്തിൽ വോട്ടെടുപ്പ് ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ല. ഏക ബിജെപി എംഎൽഎ ആയ ഒ രാജഗോപാൽ എതിര്‍പ്പ് രേഖപ്പെടുത്താൻ തയ്യാറാകാതിരുന്നതോടെ  ഭരണപക്ഷവും പ്രതിപക്ഷവും സംയുക്തമായി അംഗീകരിച്ച പ്രമേയം ഏകകണ്ഠമായി പാസാക്കാൻ നിയമസഭക്ക് കഴിഞ്ഞു. 

Follow Us:
Download App:
  • android
  • ios