പാലാ: പാലാ ഉപതെരഞ്ഞെടുപ്പ് കഴിയും വരെ കേരളാ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് യുഡിഎഫ്. വരുന്ന പതിനെട്ടാം തീയതി പിജെ ജോസഫ് പാലയില്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. വരും ദിവസങ്ങളില്‍ യുഡിഎഫിന്‍റെ പ്രധാന നേതാക്കളെല്ലാം പാലായില്‍ ക്യാമ്പ് ചെയ്യും.

ഭിന്നത മാറ്റിവച്ച് യുഡിഎഫ് നേതൃയോഗത്തിൽ ജോസ് കെ മാണിയും ജോസഫും കൈകൊടുത്തു. ഇനി പാലാ ഉപതെരഞ്ഞെടുപ്പ് കഴിയും വരെ തര്‍ക്കങ്ങളില്ല. സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി ഇരുകൂട്ടരും ഒന്നിച്ച് പ്രവര്‍ത്തിക്കും. കണ്‍വെൻഷനിലെ കൂവിലിനും പ്രതിഛായയിലെ ലേഖനത്തിലും ഇടഞ്ഞ ജോസഫിനെ കോണ്‍ഗ്രസ് നേതാക്കളാണ് അനുനയിപ്പിച്ച് വീണ്ടും പാലായിലെത്തിച്ചത്. പാലായിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് പി ജെ ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആത്മാർത്ഥമായി പങ്കെടുക്കുമെന്നും പി ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു. 

തെരഞ്ഞെടുപ്പ് വരെ തര്‍ക്ക വിഷയങ്ങള്‍ സംസാരിക്കരുതെന്ന് യുഡിഎഫ് ഇരുവിഭാഗത്തിനും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭരണങ്ങാനത്ത് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ ഇതുവരെയുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സംസ്ഥാന സര്‍ക്കാരിന്‍റെ വീഴ്ചകള്‍ തുറന്ന് കാട്ടി വരും ദിവസങ്ങളില്‍ യുഡിഎഫ് പ്രചാരണം നടത്തും. പതിനെട്ടാം തീയതി പാലയില്‍ എ കെ ആന്‍റണി ഉദ്ഘാടനം ചെയ്യുന്ന പൊതു സമ്മേളനത്തിലാകും പി ജെ ജോസഫ് പങ്കെടുക്കുക. രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഇന്ന് മുതല്‍ മൂന്ന് ദിവസം പാലയില്‍ വിവിധ കുടുംബയോഗങ്ങളില്‍ സംസാരിക്കും.