പത്തനംതിട്ട :  അടൂർ പ്രകാശിന്‍റെ നോമിനിയ്ക്ക്  പിന്തുണയുമായി കോന്നിയിലെ  ആദ്യ എംഎൽഎ പി.ജെ.തോമസ്. റോബിൻ പീറ്റർ മികച്ച സ്ഥാനാർത്ഥി ആണെന്ന് പി.ജെ.തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജാതി സമവാക്യത്തിന് പ്രസക്തി ഇല്ലെന്നും പി.ജെ.തോമസ്  വ്യക്തമാക്കി .തന്റെ വിശ്വസ്തനായ റോബിൻ പീറ്ററെ നോമിനിയാക്കിയതിനെ ചൊല്ലി പത്തനംതിട്ട ഡിസിസിയിലെ തർക്കം രൂക്ഷമായതിന് പിന്നാലെയാണ് അടൂർ പ്രകാശിന് പിന്തുണയുമായി പി.ജെ.തോമസ് രംഗത്തെത്തുന്നത്. പത്തനംതിട്ടയിലെ യുഡിഎഫ് നേതൃത്വം ഒന്നാകെ എതിർപ്പ് തുടരുന്നതിനിടെ രാഷ്ട്രീയഗുരു കൂടിയായ പി.ജെ.തോമസിന്റെ പിന്തുണ അടൂർ പ്രകാശിന്  ആശ്വാസം ആകും. 

 Read More : കോന്നി സീറ്റിനെ ചൊല്ലി കോൺഗ്രസ്സിൽ പൊട്ടിത്തെറി; ഡിസിസി പ്രസിഡന്റും അടൂർ പ്രകാശും തമ്മിൽ തുറന്ന പോര്

മലയോര കർഷകരുടെ മണ്ഡലമായ കോന്നിയിൽ നിന്ന് ആദ്യ എം.എൽ.എ ആയി പി.ജെ.തോമസ് നിയമസഭയിലെത്തുന്നത് 1965 ൽ ആണ്.  ഇന്നും കോന്നിയുടെ ആവേശമെന്ന് വിശേഷിപ്പിക്കാവുന്ന രാഷ്ട്രീയനേതാവിലേക്കുള്ള പി.ജെ.തോമസിന്റെ വളർച്ച കോന്നിയുടെ രാഷ്ട്രീയ ചരിത്രം കൂടിയാണ്. 1965 ൽ കേരളാ കോൺഗ്രസ്സിലെ കെ.എം.ജോർജിനെ തോൽപ്പിച്ചായിരുന്നു തുടക്കം. പിന്നീട് രണ്ട് തവണ കൂടി കോന്നിയെ പ്രതിനിധീകരിച്ചു. 

കർഷക കോൺഗ്രസ്സ് നേതാവ് ആയിരുന്ന പി.ജെ.തോമസ് റബ്ബർ ബോർഡ് ചെയർമാനായും കോൺഗ്രസ്സ് ചീഫ് വിപ്പായുമെല്ലാം പ്രവർത്തിച്ചിരുന്നു. മക്കൾ രാഷ്ട്രീയത്തിൽ താൽപര്യമില്ലാത്തതിനാൽ കുടുംബത്തിൽ നിന്ന് വേറെ ആരെയും തോമസ് സ്വന്തം വഴിയിൽ കൊണ്ട് വന്നിട്ടില്ല. ഇപ്പോൾ വകയാറിലെ വീട്ടിൽ വിശ്രമത്തിലാണ് 95കാരനായ പി.ജെ.തോമസ്. പക്ഷെ പ്രായത്തിന്റെ അവശതകൾക്കിടയിലും മണ്ഡലത്തിലെ രാഷ്ട്രീയവിവാദത്തിൽ കൃത്യമായ നിലപാട്  മുന്നോട്ട് വയ്ക്കുന്നു പി.ജെ.തോമസ്.

അതേ സമയം കോന്നിയിൽ സാമുദായിക പരിഗണന വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ബാബു ജോർജ്.സാമുദായിക സമവാക്യം പ്രധാനം തന്നെയെന്ന് ഡിസിസി യോഗത്തിലും ബാബു ജോര്‍ജ് ആവര്‍ത്തിച്ചു. കോന്നി മണ്ഡലത്തിൽ ഈഴവ സ്ഥാനാർത്ഥി വേണമെന്നാണ്  പഴകുളം മധു , പി.മോഹൻരാജ് അടക്കമുള്ള ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ ആവശ്യം.

കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം തെരെഞ്ഞെടുപ്പ് സമിതിയിലും ഉണ്ടാകാത്ത സാഹചര്യത്തിൽ സ്ഥാനാർഥികളെ കുറിച്ചുള്ള നേതാക്കളുടെ അഭിപ്രായം ഇനി നിർണായകമായേക്കും. സ്ഥാനാർഥികളെ കുറിച്ചുള്ള അഭിപ്രായം നേതാക്കൾക്ക് കെപിസിസി പ്രസിഡന്റിനെ അറിയിക്കാമെന്നാണ്  തെരഞ്ഞെടുപ്പ് സമിതിയുടെ അറിയിപ്പ്.  അടൂർ പ്രകാശും ഡിസിസി നേതൃത്വവും രണ്ട് തട്ടിലായ പത്തനംതിട്ടയിൽ കെപിസിസി ആർക്കൊപ്പം നിൽക്കുമെന്നതാണ് ഇനി അറിയേണ്ടത്.

Read More : 'കോന്നിയിൽ സാമുദായിക സമവാക്യം പ്രധാനം'; വിട്ടുവീഴ്ച ഇല്ലാതെ ബാബു ജോര്‍ജ്