പോസ്റ്റർ പ്രചാരണവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പി ജയരാജൻ. തന്‍റെ പേരിൽ വെച്ച പോസ്റ്ററുകൾ നീക്കം ചെയ്യണമെന്നും അഭിപ്രായങ്ങളും വിമർശനങ്ങളും പാർട്ടി നേതൃത്വത്തെ അറിയിക്കാം എന്ന് ഫേസ്ബുക്ക് പോസ്റ്റ്

കണ്ണൂർ: പോസ്റ്റർ പ്രചാരണവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പി ജയരാജൻ. തന്‍റെ പേരിൽ വെച്ച പോസ്റ്ററുകൾ നീക്കം ചെയ്യണമെന്നും അഭിപ്രായങ്ങളും വിമർശനങ്ങളും പാർട്ടി നേതൃത്വത്തെ അറിയിക്കാം, നേതാക്കളെ വിമർശിക്കുന്ന പരസ്യ നിലപാടുകൾ ഒഴിവാക്കണം എന്നും പി ജയരാജൻ ആവശ്യപ്പെട്ടു. ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടാണ് ജയരാജൻ നിലപാട് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ മൂന്നാം ദിനവും നേതൃമാറ്റത്തിനായി മുറവിളിയുമായി കണ്ണൂരിലെ സിപിഎം അണികൾ രംഗത്തുണ്ട്. ഈ സാഹചര്യത്തിലാണ് പി ജയരാജൻ ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയിരിക്കുന്നത്. പാർട്ടി ശക്തികേന്ദ്രങ്ങളായ പാപ്പിനിശേരിയിലും കുറുമാത്തൂരിലും ഇന്നും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ഇതിനിടെ പാർട്ടിയെ വെട്ടിലാക്കിയ തളിപ്പറമ്പ് നിയുക്ത എംഎൽഎ ടി കെ ഗോവിന്ദനെ സ്വീകരിച്ചതിൽ കോടിയേരിയുടെ കുടുംബം നിലപാടിലുറച്ചു നില്‍ക്കുന്നതും പ്രതിസന്ധിയായിട്ടുണ്ട്. ടി കെ ഗോവിന്ദനോട് ആശയപരമായ എതിർപ്പ് മാത്രമെന്നും വീട്ടിൽ വന്നാൽ സ്വീകരിക്കുമെന്നും ബിനീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അസാധരണമായ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് കണ്ണൂരിലെ സിപിഎം. പാർട്ടി ശക്തികേന്ദ്രങ്ങളിൽ ഇന്നും നേതൃത്വത്തിനെതിരെ ഫ്ലക്സുകളുയർന്നു. എം വി ഗോവിന്ദനു പകരം എം സ്വരാജും കണ്ണൂരിൽ പി ജയരാജനും പാർട്ടിയെ നയിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസം മട്ടന്നൂരിൽ പിണറായി വിജയനെതിരെയും ഫ്ലക്സുയർന്നിരുന്നു. കുറുമാത്തൂരിലും പാപ്പിനിശേരിയിലും ഉയർന്ന ബോർഡുകളിൽ നേതൃത്വത്തെ അതിരൂക്ഷമായാണ് വിമർശിക്കുന്നത്. എന്നാൽ തന്റെ പേരിലുളള പോസ്റ്റർ പ്രചാരണമവസാനിപ്പിക്കണമെന്നും വച്ച ഫ്ലകസുകൾ നീക്കം ചെയ്യണമെന്നും പി ജയരാജൻ ആവശ്യപ്പെട്ടു. അഭിപ്രായങ്ങളും വിമർശനങ്ങളും പാർട്ടി നേതൃത്തെ അറിയിക്കണമെന്നും നേതാക്കളെ വിമർശിക്കുന്ന പരസ്യ നിലപാടുകൾ ഒഴിവാക്കണമെന്നും പി ജയരാജൻ ഫേസ്ബുക്കിൽ പറഞ്ഞു.

പി ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

നിയമസഭ തിരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടർന്ന് ചിലയിടങ്ങളിൽ എന്‍റെ പടം വെച്ച് കൊണ്ട് ബോർഡുകൾ പ്രത്യക്ഷപ്പെട്ടതായി മനസ്സിലാക്കുന്നു. പരാജയത്തിൽ നിന്ന് നിരാശരായവർ പല തരത്തിലുള്ള പ്രതികരണങ്ങൾ നടത്തുന്നതായും കാണുന്നു. ഇത്തരം കാര്യങ്ങളിൽ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി കമ്മിറ്റി അംഗം എന്ന നിലയിൽ എന്റെ നിലപാട് വ്യക്ത മാക്കുവാനാണ് ഈ പോസ്റ്റ്.

ഫ്ലക്സ് ബോർഡിലൂടെ പ്രചരണം നടത്തി മുഖ്യമന്ത്രിയാകാൻ കൊണ്ടു പിടിച്ച ശ്രമം കോൺഗ്രസ്സുകാർ നടത്തുന്നുണ്ട്. കോൺഗ്രസ്സ് പ്രത്രി സന്ധിയിലായപ്പോൾ "ഇന്ദിരയെ വിളിക്കൂ സോണിയെ വിളിക്കൂ കോൺഗ്രസ്സിനെ രക്ഷിക്കു" എന്ന മുദ്രവാക്യം ഉയർത്തി. അത് കോൺഗ്രസ്സ് സംസ്കാരമാണ്. അതിൽ നിന്നും വ്യത്യസ്ഥമാണ് കമ്മ്യൂണിസ്റ്റ് സംഘടന രീതി. കാരണം നിലവിലുള്ള മുതലാളിത്ത വ്യവസ്ഥയെ മാറ്റി തീർക്കാൻ ശ്രമിക്കുന്ന വിപ്ലവ പ്രസ്ഥാനമാണ് സി.പി.ഐ.എം. ഈ പാർട്ടി തെരത്തെടുപ്പിനെ മാത്രം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന പാർട്ടിയല്ല. ഇന്ത്യയിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ വിജയവും പരാജയവും കമ്മ്യൂണിസ്റ്റുകാർ നേരിട്ടിട്ടുണ്ട്. ഓരോ സംന്ദർഭങ്ങളിലും അവയെ വസ്തു നിഷ്ടമായി വിലയിരുത്താറുമുണ്ട്. വിജയത്തിലും പരാജയത്തിലും ഉണ്ടായ നേട്ടങ്ങളും കോട്ടങ്ങളും പരിശോധിച്ച് തുടർ നടപടികളും കൈക്കൊള്ളാറുമുണ്ട്.

ഈ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അതീവ ഗൗരവാവഹമായ പരിശോധന നടത്തേണ്ടതുണ്ടെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുമുണ്ട്. അതിന്റെ തുടർച്ചയായി തിരുത്തൽ നടപടികളും വരും. അത്തരമൊരു പരിശോധനയ്ക്കും തിരുത്തലിനും സഹായകരമല്ലാത്ത നിലപാടാണ് ചിലർ കൈക്കൊള്ളുന്നത്. പരാജയത്തിന്റെ കാരണക്കാരാണെന്ന് അവർ കണക്കാക്കുന്ന ചില പാർട്ടി നേതാക്കളെ ലക്ഷ്യം വെച്ച് പരസ്യ വിമർശനവും നടത്തുന്നുണ്ട്. വലതു പക്ഷക്കാർ ഇത്തരം പ്രവർത്തനങ്ങളെ ഉപയോഗിച്ച് പാർട്ടിയെ ആക്രമിക്കാനും ശ്രമിക്കുന്നുണ്ട്. ഇത്തരം ഒരു സാഹചര്യത്തിൽ സോഷ്യൽ മീഡിയിലൂടെയുള്ള തുറന്ന ചർച്ചകൾ ഒഴിവാക്കുക. അഭിപ്രായങ്ങളും വിമർശനങ്ങളും പാർട്ടി നേതൃത്വത്തെ അറിയിക്കുക, ഉൾപാർട്ടി ചർച്ചകൾ പ്രോത്സാഹിപ്പിക്കുക- ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എന്റെ പടം വെച്ചുള്ള ബോർഡുകൾ നീക്കം ചെയ്യണം. സോഷ്യൽ മീഡിയയിൽ എന്നെ പ്രകീർത്തിച്ചു കൊണ്ടും പാർട്ടി നേതൃത്വത്തിലുള്ള ചിലരെ ഇകഴ്ത്തിയും കൊണ്ടുള്ള പ്രചരണങ്ങൾ അവസാനിപ്പിക്കുക. ഉൾപാർട്ടി ചർച്ചയെ കുറിച്ച് സി.പി.ഐ.എം ഭരണഘടന അനുശാസിക്കുന്നത് പിൻതുടരുക. ബംഗാളിൽ സി.പി.ഐ.എം വീണ്ടും കുതിച്ച് കയറാനുള്ള ശ്രമങ്ങൾ വിജയം കണ്ടു തുടങ്ങി. കേരളത്തിലെ ഇപ്പോഴത്തെ പ്രതിസന്ധിയെയും അതിജീവിക്കുക തന്നെ ചെയ്യും.ലാൽ സലാം സഖാക്കളെ!

YouTube video player