സിപിഎമ്മിന് മധ്യസ്ഥ ചർച്ച നടത്തുന്ന രീതിയില്ല. സംഘടനാ കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടത് ജില്ലാ സെക്രട്ടറിയെന്നും പി ജയരാജൻ
പയ്യന്നൂര്‍: പയ്യന്നൂരിൽ സിപിഎം ഫണ്ട് തിരിമറി വിവാദത്തിൽ ഇടഞ്ഞ് നിൽക്കുന്ന മുൻ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷണനുമായി മധ്യസ്ഥ ചർച്ച നടന്നിട്ടില്ലെന്ന് പി ജയരാജൻ. സിപിഎമ്മിന് മധ്യസ്ഥ ചർച്ച നടത്തുന്ന രീതിയില്ല. സംഘടനാ കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടത് ജില്ലാ സെക്രട്ടറിയെന്നും ജയരാജൻ പറഞ്ഞു. കുഞ്ഞികൃഷ്ണനുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് ജയരാജന്‍റെ പ്രതികരണം.
പയ്യന്നൂരിൽ മൂന്ന് പാർട്ടി ഫണ്ടുകളിലായി ഒരുകോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നെന്ന് ബാങ്ക് സ്റ്റേറ്റ്‍മെന്‍റ് ഉൾപ്പടെയുള്ള തെളിവുകളുമായി ജില്ലാ നേതൃത്വത്തെ സമീപിച്ചത് ഏരിയ സെക്രട്ടറി ആയിരുന്ന കുഞ്ഞികൃഷ്ണനാണ്. പരാതി പരിശോധിച്ച് ആരോപണ വിധേയൻ ടി ഐ മധുസൂധനൻ എംഎൽഎയെ ജില്ലാകമ്മറ്റിയിലേക്ക് തരം താഴ്ത്തിയതിനൊപ്പം പരാതി കൊടുത്ത വി കുഞ്ഞികൃഷ്ണനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു. കമ്മറ്റിയിൽ മാനസിക ഐക്യമില്ലെന്ന് പറഞ്ഞ് സംസ്ഥാന കമ്മറ്റിയംഗം ടി വി രാജേഷിനെ പുതിയ ഏരിയ സെക്രട്ടറിയുമാക്കി. ഇതോടെ പൊതുപ്രവർത്തനം നിർത്തുകയാണെന്ന് പ്രഖ്യാപിച്ച് ഇറങ്ങിവന്ന വി കുഞ്ഞികൃഷ്ണന് അണികൾക്കിടയിൽ വൻ സ്വീകാര്യത കിട്ടി.
പരാതി പറഞ്ഞയാളെ പുറത്ത് നിർത്തുന്ന നേതൃത്വം ശരിയല്ലെന്ന് ഇവർ സമൂഹമാധ്യമങ്ങളിൽ പ്രചാരണം തുടങ്ങി. ഇതോടെയാണ് കുഞ്ഞികൃഷ്ണനെ അനുനയിപ്പിച്ച് തിരിച്ചെത്തിക്കാൻ പി ജയരാജനെ തന്നെ പാർട്ടി പയ്യന്നൂരേക്ക് അയച്ചത്. പത്ത് മിനുറ്റ് മാത്രമാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. മധുസൂധനനെതിരെ കർശന നടപടിയില്ലാതെ നിലപാട് മാറ്റില്ലെന്ന് പറഞ്ഞ് കുഞ്ഞികൃഷ്ണൻ മടങ്ങി. ഫണ്ട് തിരിമറി ആരോപണങ്ങൾക്ക് പിന്നാലെ പയ്യന്നൂരിൽ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് നേതാക്കൾ. പയ്യന്നൂരിലെ വിവാദം ഇനി ചേരുന്ന സംസ്ഥാന സമിതി ചർച്ച ചെയ്യും.
