മലപ്പുറം: ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് അനവസരത്തിലുള്ളതെന്ന് കുഞ്ഞാലിക്കുട്ടി. രാഷ്ട്രീയ പ്രേരിതമായ നടപടിയാണ് വിജലൻസിന്റേതെന്ന് മുസ്ലീം ലീഗ് മുതിർന്ന് നേതാവ് ആരോപിച്ചു. ഇടത് മുന്നണി കൺവീനർ ഇത് നേരത്തെ തന്നെ പറഞ്ഞുവെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. തയ്യാറാക്കിയ പട്ടിക അനുസരിച്ചാണ് അറസ്റ്റ് നടക്കുന്നതെന്നാണ് ലീഗ് ആരോപിക്കുന്നത്. 

ഇത് അറസ്റ്റ് ആവശ്യമില്ലാത്ത കേസാണെന്നും ഇപ്പോൾ സർക്കാരിന് മറ്റ് വിവാദങ്ങളും പ്രശ്നങ്ങളും ബാലൻസ് ചെയ്യാൻ വേണ്ടി നടത്തുന്ന നാടകമാണ് ഇതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. യുഡിഎഫ് സർക്കാർ ഇത്തരം നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർ‍ത്തു. 

അറസ്റ്റ് ഉണ്ടാവുമെന്ന് നേരത്തെ തന്നെ വിവരമുണ്ടായിരുന്നതായി കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അറസ്റ്റിനായി രണ്ട് മൂന്ന് ദിവസങ്ങളായി യോഗങ്ങൾ ചേർ‍ന്നുവെന്നും, നഗ്നമായ അധികാര ദുർവിനിയോഗമാണ് നടന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിക്കുന്നു. ഇടത് മുന്നണി നീക്കത്തിനെതിരെ വ്യാപക പ്രചരണം നടത്താനാണ് ലീഗിന്റെ തീരുമാനം.

അറസ്റ്റ് ചെയ്യേണ്ടിയിരുന്നുവെങ്കിൽ അപ്പോൾ തന്നെ ചെയ്യണമായിരുന്നു, തോന്നുമ്പോൾ ചെയ്യാൻ പറ്റില്ലെന്നും കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ പറ‍ഞ്ഞു.