തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തിലേക്ക് ഖുര്‍ആനെ വലിച്ചിഴക്കാനുള്ള ആസൂത്രിത നീക്കമാണ് സിപിഎം നടത്തുന്നതെന്ന് ആരോപിച്ച് പികെ കുഞ്ഞാലിക്കുട്ടി. സ്വർണക്കടത്ത് ആരോപണങ്ങൾക്ക് മറുപടി പറയുന്നതിനു പകരം മതത്തെ വലിച്ചിഴയ്ക്കാൻ സി പി എം ശ്രമിക്കുന്നു. ഇത് അംഗീകരിക്കാനാകില്ല. ഖുര്‍ആൻ കൊണ്ടുവരുന്നതിനോ വിതരണം ചെയ്യുന്നതിനോ പാരായണം ചെയ്യുന്നതിനോ  ഒരു ഒത്താശയുടേയും ആവശ്യമില്ലെന്ന് സിപിഎം മനസിലാക്കണമെന്നും വിവാദത്തിലേക്ക് മതത്തെ വലിച്ചിഴക്കുന്നത് ജനം തിരിച്ചറിയുമെന്നും പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. 

ആക്ഷേപം ഉണ്ടായതും ആരോപണം ഉയര്‍ന്നതും സ്വര്‍ണക്കടത്തിനെ കുറിച്ചാണ്. ആരോപണങ്ങൾക്ക് നേരെ ചൊവ്വെ മറുപടി പറയണം. സ്വര്‍ണക്കടത്ത് കേസിനെ കുറിച്ച് ഒന്നും പറയാതെ ഖുര്‍ആനും ഇഫ്താര്‍ കിറ്റും എല്ലാം ചര്‍ച്ചയാക്കുന്നത് ശരിയായ നടപടി അല്ല. മുസ്ലീം ലീഗ് ആ കെണിയിൽ വീഴില്ല. ബിജെപിയെ സഹായിക്കാനാണ് സിപിഎം ശ്രമം. കേരളീയര്‍ മണ്ടൻമാരോ കേരളം വെള്ളരിക്കാ പട്ടണമോ അല്ലേന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു