Asianet News MalayalamAsianet News Malayalam

സ്ഥാനാർത്ഥി തർക്കം: പ്രശ്നങ്ങൾ ഇന്നത്തോടെ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്ന് കുഞ്ഞാലിക്കുട്ടി

സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും യുഡിഎഫ് സ്ഥാനാർത്ഥി രണ്ടില ചിഹ്നത്തിൽ തന്നെ മത്സരിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി.

p k kunhalikutty on udf candidate issue in pala
Author
Pala, First Published Sep 1, 2019, 10:23 AM IST

പാലാ: പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യുഡിഎഫിലെ പ്രശ്നങ്ങൾ ഇന്നത്തോടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പി കെ കുഞ്ഞാലിക്കുട്ടി. സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പി കെ കുഞ്ഞാലിക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി രണ്ടില ചിഹ്നത്തിൽ തന്നെ മത്സരിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നീളുകയാണ്, ഒപ്പം ജോസ് കെ മാണി - പി ജെ ജോസഫ് അങ്കവും മുറുകുകയാണ്. പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന പി ജെ ജോസഫ് പറയുമ്പോള്‍ ഇന്നുതന്നെയുണ്ടാകുമെന്ന ഉറച്ച നിലപാടിലാണ് ജോസ് കെ മാണി. ഏകപക്ഷീയ സ്ഥാനാര്‍ത്ഥി ഉണ്ടാകില്ലെന്നും കൂട്ടായി ചർച്ച ചെയ്ത് ഒരു പേരിലെത്തുമെന്നും ജോസ് കെ മാണി പറഞ്ഞു. സ്ഥാനാർത്ഥി രണ്ടില ചിഹ്നത്തില്‍ മത്സരിക്കുമെന്നും ജോസ് കെ മാണി ഉറപ്പിച്ച് പറയുന്നു.

അതേസമയം, സ്ഥാനാർത്ഥി നിർണ്ണയത്തിനായി ജോസ് പക്ഷം രൂപീകരിച്ച ഏഴംഗ സമിതിക്ക് മുൻപാകെ ഭൂരിഭാഗം പേരും നിഷ സ്ഥാനാർത്ഥിയാകണമെന്ന് അഭിപ്രായപ്പെട്ടു. ഇ ജെ അഗസ്തി, ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്വാൽ എന്നിവരുടെ പേരും ചിലർ നിർദ്ദേശിച്ചു. ഏഴംഗ സമിതി ഇന്ന് യോഗം ചേർന്ന് സ്ഥാനാർത്ഥിയുടെ പേര് യുഡിഎഫിന് കൈമാറാനിരിക്കവേയാണ് പി ജെ ജോസഫ് ജോസ് കെ മാണിയെ തള്ളി വീണ്ടുമെത്തിയത്. 

വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ താൻ പ്രഖ്യാപിക്കുമെന്നാണ് ജോസഫിന്‍റെ നിലപാട്. സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത് ജോസ് വിഭാഗവും പ്രഖ്യാപിക്കുകയും ചിഹ്നം നല്‍കുകയും ചെയ്യുന്നത് ജോസഫുമായിരിക്കും എന്നതായിരുന്നു കഴിഞ്ഞയാഴ്ച യുഡിഎഫ് വച്ച നിര്‍ദ്ദേശം. 

Follow Us:
Download App:
  • android
  • ios