'രാഷ്ട്രീയ പ്രാധാന്യമില്ല', തരൂരിന്‍റെ സന്ദർശനങ്ങളിൽ ലീഗ് പ്രത്യേക മാനം കൊടുക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി
മുഖ്യമന്ത്രി സ്ഥാനാർഥിക്കാര്യത്തിൽ ലീഗ് അഭിപ്രായം പറഞ്ഞിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലപ്പുറം: ശശി തരൂരിന്‍റെ സന്ദർശനങ്ങളിൽ ലീഗ് പ്രത്യേക മാനം കൊടുക്കുന്നില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. തരൂരിന്‍റെ സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യമില്ലെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. കോൺഗ്രസിന്‍റെ ആഭ്യന്തരകാര്യത്തിൽ ഇന്നുവരെ ഇടപെട്ടിട്ടില്ല. മുഖ്യമന്ത്രി സ്ഥാനാർഥിക്കാര്യത്തിൽ ലീഗ് അഭിപ്രായം പറഞ്ഞിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ചര്‍ച്ച ഇപ്പോള്‍ തുടങ്ങുന്നതില്‍ പ്രസക്തിയില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. ഒരു സമുദായ നേതാവിനെയും അപ്പോയിന്‍റ്‍മെന്‍റ് എടുത്ത് കണ്ടതല്ല. കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കണ്ടതാണ്. കേരളം കര്‍മഭൂമിയാണെന്നും തരൂര്‍ പറഞ്ഞു. കേരളത്തിൽ മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന ശശി തരൂരിന്‍റെ പ്രസ്താവനയെ വിമർശിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം നേരത്തെ രംഗത്ത് വന്നിരുന്നു. നേതാക്കൾക്ക് പല ആഗ്രഹങ്ങളുണ്ടാകുമെങ്കിലും പാർട്ടിയിൽ സ്ഥാനാർത്ഥി നിർണ്ണയത്തിന് ചില രീതികളുണ്ടെന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞത്.