സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. കേസിന്‍റെ തുടക്കം തന്നെ യുഎപിഎ ചുമത്തുന്നത് അംഗീകരിക്കാനാകില്ലെന്നും പി മോഹനന്‍.

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ അന്വേഷണം വേണമെന്ന് സിപിഎം ജില്ലാ നേതൃത്വം. അറസ്റ്റില്‍ സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ ആവശ്യപ്പെട്ടു. കേസിന്‍റെ തുടക്കം തന്നെ യുഎപിഎ ചുമത്തുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാവോയിസ്റ്റ് ബന്ധമുള്ളവർക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്നും പി മോഹനന്‍ പറഞ്ഞു.

കോഴിക്കോട് പന്തീരാങ്കാവിൽ സിപിഎമ്മിന്‍റെ സജീവ പ്രവര്‍ത്തകരായ അലൻ ഷുഹൈബ് താഹ എന്നിവരെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. ഇരുവരും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. ഇവരിൽ നിന്ന് മാവോയിസ്റ്റ് ലഘുലേഖ കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. ഇരുവരുടേയും നീക്കങ്ങൾ നാളുകളായി നിരീക്ഷിച്ച് വരികയാണെന്നും മാവോയിസ്റ്റ് പശ്ചാത്തലം സംബന്ധിച്ച് വ്യക്തമായ സൂചനകൾ ഉണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. 

അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടുമായി മുഖ്യമന്ത്രിയടക്കം മുന്നോട്ടു പോകുന്നതിനിടെയാണ് രണ്ട് സിപിഎം പ്രവര്‍ത്തകരുടെ അറസ്റ്റ് എന്നത് ശ്രദ്ധേയമാണ്. സിപിഐയും പ്രതിപക്ഷ സംഘടനകളും സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായി രംഗത്തെത്തുകയും ചെയ്തിരുന്നു. മാവോയിസ്റ്റ് പ്രസ്ഥാനവുമായി അറസ്റ്റിലായ രണ്ട് പേര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. അട്ടപ്പാടി സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖലാ കമ്മിറ്റി പുറത്തിറക്കിയ ലഘുലേഖ ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇതു മാത്രമല്ല ഇവര്‍ നാളുകളായി ഈ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണെന്നും പൊലീസ് വിശദീകരിക്കുന്നുണ്ട്.