ഇന്നലെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ലെന്നും തുടർന്നും ലീഗിൻ്റെയും എംഎസ്എഫിന്‍റെയും യോഗങ്ങളിൽ പങ്കെടുക്കുമെന്നും ഷൈജല്‍ അറിയിച്ചു.   

വയനാട്: എംഎസ്എഫ് (MSF) സംസ്ഥാന സമിതിയില്‍ പങ്കെടുക്കാന്‍ കോടതി ഉത്തരവുമായെത്തിയിട്ടും യോഗത്തില്‍ പങ്കെടുപ്പിക്കാത്തതിന് എതിരെ പി പി ഷൈജൽ (P P Shyjal) കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തു. കൽപ്പറ്റ മുൻസിഫ് കോടതിയിലാണ് ഹർജി നൽകിയത്. ഇന്നലെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ലെന്നും തുടർന്നും ലീഗിൻ്റെയും എംഎസ്എഫിന്‍റെയും യോഗങ്ങളിൽ പങ്കെടുക്കുമെന്നും ഷൈജല്‍ അറിയിച്ചു.

ഹരിത വിവാദമെല്ലാം കെട്ടടങ്ങിയെന്ന് മുസ്ലിം ലീഗ് നേതൃത്വം ആവര്‍ത്തിക്കുന്നതിനിടെയാണ് ഈ വിഷയത്തില്‍ പരസ്യ നിലപാട് സ്വീകരിച്ച പേരി‍ല്‍ അച്ചടക്ക നടപടി നേരിട്ട പി പി ഷൈജല്‍ വീണ്ടും എംഎസ്എഫില്‍ കലാപക്കൊടി ഉയര്‍ത്തുന്നത്. തന്നെ സംഘടനയില്‍ നിന്ന് പുറത്താക്കിയതിനെതിരെ കല്‍പ്പറ്റ മുന്‍സിഫ് കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയ സാഹചര്യത്തില്‍ എംഎസ്എഫ് സംസ്ഥാന സമിതിയില്‍ പങ്കെടുക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന വാദവുമായാണ് ഷൈജല്‍ ഇന്നലെ കോഴിക്കോട്ടെത്തിയത്. 

രാവിലെ പത്തരയോടെ കോടതി ഉത്തരവുമായി ഷൈജൽ എത്തുമ്പോഴേക്കും എംഎസ്എഫ് ആസ്ഥാനത്ത് അടച്ചിട്ട മുറിയില്‍ യോഗം തുടങ്ങിയിരുന്നു. പുറത്തെ ഗേറ്റ് തളളിത്തുറന്ന് യോഗ ഹാളിന് പുറത്തെത്തിയ ഷൈജല്‍ മുട്ടി വിളിച്ചെങ്കിലും ഹാള്‍ തുറന്നില്ല. തുടര്‍ന്നായിരുന്നു മുദ്രാവാക്യം വിളിച്ചുളള ഷൈജലിന്‍റെ ഒറ്റയാള്‍ സമരം. ഹരിത വിഷയത്തില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസിനും പിന്നീട് ഈ വിഷയത്തില്‍ നവാസിനെ പിന്തുണച്ച ലീഗ് നേതാക്കള്‍ക്കുമെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്നായിരുന്നു ഷൈജലിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയത്. 

കഴിഞ്ഞ ദിവസം കോഴിക്കോട്ട് വാര്‍ത്താ സമ്മേളനം വിളിച്ച ഷൈജല്‍ ലീഗിലെ പ്രതിസന്ധിക്ക് ഉത്തരവാദികള്‍ കുഞ്ഞാലിക്കുട്ടിയും സാദിഖ് അലി തങ്ങളും പിഎംഎ സലാമുമാണെന്ന് തുറന്നടിച്ചിരുന്നു. ലീഗിലെയും യൂത്ത് ലീഗിലെയും എംഎസ്എഫിലെയും ഒരു വിഭാഗം നേതാക്കളുടെ പിന്തുണ തനിക്കുണ്ടെന്നും ഷൈജല്‍ പറഞ്ഞു. അതേസമയം ഷൈജലിന് അനുകൂലമായ കോടതി ഉത്തരവിൻ്റെ പകർപ്പ് കിട്ടാത്തതിനാലാണ് ഷൈജലിനെ യോഗത്തിൽ പങ്കെടുപ്പിക്കാതിരുന്നതെന്ന് എംഎസ്എഫ് നേതാക്കള്‍ പറഞ്ഞു. വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമും വ്യക്തമാക്കി.