Asianet News MalayalamAsianet News Malayalam

ഒടുവിൽ ഐസക്കിൻ്റെ കാർ ഏറ്റെടുക്കാൻ ആളായി; പതിമൂന്നാം നമ്പർ ചോദിച്ച് വാങ്ങി പി പ്രസാദ്

കെ എം മാണിയുടെ ഔദ്യോഗിക വസതിയായിരുന്ന പ്രശാന്ത് കേരള കോൺഗ്രസിന്റെ മന്ത്രിസഭയിലെ പ്രതിനിധിയായ റോഷി അഗസ്റ്റിനാണ്. കെ കെ ശൈലജ താമസച്ചിരുന്ന വീട് തന്നെയാണ് പുതിയ ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനും അനുവദിച്ചിരിക്കുന്നത്.

p prasad takes over number 13 state car from thomas issac antony raju will use manmohan bungalow
Author
Trivandrum, First Published May 21, 2021, 5:29 PM IST

തിരുവനന്തപുരം: പതിമൂന്നാം നമ്പർ കാർ ഇക്കുറി ആരെടുക്കും ? പിണറായി മന്ത്രിസഭ അധികാരമേറ്റപ്പോൾ മുതൽ പലരും ചോദിച്ച ചോദ്യമാണിത്. കഴിഞ്ഞ തവണ നമ്പർ പതിമൂന്നും മൻമോഹൻ ബംഗ്ലാവും ചോദിച്ച് വാങ്ങിയ ഐസക്കില്ലാത്ത മന്ത്രിസഭയിൽ ആരായിരിക്കും നമ്പർ 13ന്‍റെ അവകാശിയെന്നതായിരുന്നു ആകാംഷ. പതിമൂന്നാം നമ്പർ കാർ ഭാഗ്യദോഷമാണെന്ന അന്ധവിശ്വാസമാണ് പലരും ഈ നമ്പർ ഏറ്റെടുക്കാൻ മടി കാണിക്കാൻ കാരണം. ഇന്നലെ മന്ത്രിമാർക്ക് കാറുകൾ അനുവദിച്ചപ്പോൾ ആരും പതിമൂന്നാം നമ്പർ കാ‌ർ എടുത്തിരുന്നില്ല. മന്ത്രിമാർ സത്യപ്രതിജ്ഞ കഴിഞ്ഞ് ഔദ്യോഗിക വാഹനങ്ങളിൽ ഗവർണ്ണറെ കാണാൻ പുറപ്പെട്ടപ്പോൾ നമ്പർ പതിമൂന്ന് കൂട്ടത്തിലില്ലായിരുന്നു. ഒടുവിൽ  കൃഷി മന്ത്രി പി പ്രസാദ് കാർ ചോദിച്ച് വാങ്ങിച്ചു. ഐസക്ക് താമസിച്ചിരുന്ന മൻമോഹൻ ബംഗ്ലാവ് ഇക്കുറി ഗതാഗത മന്ത്രി ആൻ്റണി രാജുവിനാണ് നൽകിയിരിക്കുന്നത്.

വിഎസ് അച്യുതാനന്ദൻ സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം എ ബേബിയും, ഒന്നാം പിണറായി സർക്കാരിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കുമാണ് ഇതിന് മുമ്പ് 13-ാം നമ്പർ കാർ ചോദിച്ച് വാങ്ങിയ മന്ത്രിമാർ. ഒന്നാം പിണറായി സർക്കാരിന്റെ സമയത്ത് തുടക്കത്തിൽ ആരും ഈ കാർ എടുക്കാൻ തയ്യാറായിരുന്നില്ല. ഇത് വാർത്തായപ്പോഴാണ് ഐസക്ക് നമ്പർ ഏറ്റെടുക്കാൻ മുന്നോട്ട് വന്നത്. അന്ന് ഐസക്കിനൊപ്പം വി എസ് സുനിൽകുമാറും കെ ടി ജലീലും കാറേറ്റെടുക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. ബേബിക്കും ഐസക്കിനും ഇടയിൽ വന്ന യുഡിഎഫ് സർക്കാരിന്റെ സമയത്ത് ആരും ഈ നമ്പർ ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. 

കെ എം മാണിയുടെ ഔദ്യോഗിക വസതിയായിരുന്ന പ്രശാന്ത് കേരള കോൺഗ്രസിന്റെ മന്ത്രിസഭയിലെ പ്രതിനിധിയായ റോഷി അഗസ്റ്റിനാണ്. രാഷ്ട്രീയഗുരുവായ മാണിസാര്‍ മന്ത്രിയായിരുന്നപ്പോള്‍ താമസിച്ച വീടും മൂന്നാം നമ്പര്‍ കാറും റോഷി ചോദിച്ചുവാങ്ങുകയായിരുന്നു. കെ കെ ശൈലജ താമസച്ചിരുന്ന നിള തന്നെയാണ് പുതിയ ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനും അനുവദിച്ചിരിക്കുന്നത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ക്ലിഫ് ഹൗസിന് സമീപമുള്ള പമ്പയാണ് ഔദ്യോഗിക വസതിയായി അനുവദിച്ചിരിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios