മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുതെന്ന് സിപിഎം നേതാവ് പി രാജീവ്. ടാറ്റ സബ്സിറ്ററി, ആർട്ട്സൺസ് നിക്ഷേപം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ചതാണ്. 2025ലെ ഇൻവെസ്റ്റ് കേരളയിൽ പദ്ധതി അവതരിപ്പിച്ചിരുന്നുവെന്നും രാജീവ്

കൊച്ചി: മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുതെന്ന് സിപിഎം നേതാവ് പി രാജീവ്. ടാറ്റ സബ്സിറ്ററി, ആർട്ട്സൺസ് നിക്ഷേപം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ചതാണ്. 2025ലെ ഇൻവെസ്റ്റ് കേരളയിൽ പദ്ധതി അവതരിപ്പിച്ചിരുന്നു. ഇപ്പോൾ മിഷൻ സമുദ്രയിലെ പദ്ധതിയായി മുഖ്യമന്ത്രി അവതരിപ്പിക്കുകയാണ്. മുഖ്യമന്ത്രി ബുദ്ധിജീവി ആയില്ലെങ്കിലും കുറച്ച് ബുദ്ധിയെങ്കിലും വേണമെന്നും പി രാജീവ് പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പി രാജീവ്.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ ടാറ്റ തള്ളിയത് ഗൗരവതരമാണെന്നും ചരിത്രത്തിൽ ആദ്യമായാണ് ടാറ്റ ഇത്തരമൊരു പരാമർശം നടത്തുന്നതെന്നും പി രാജീവ് കൂട്ടിച്ചേർത്തു. അതേസമയം, മിഷൻ സമുദ്രയുടെ ഭാ​ഗമായുള്ള ടാറ്റ നിക്ഷേപ വിവാദത്തിൽ വിശദീകരണക്കുറിപ്പുമായി സംസ്ഥാന സർക്കാർ രം​ഗത്തെത്തി. മിഷൻ സമുദ്രയുടെ ഭാഗമായ ആകെ നിക്ഷേപത്തിന്റെ വ്യാപ്തിയെയാണ് 10,000 കോടിയോളം രൂപയുടെ നിക്ഷേപ സാധ്യതയെന്ന പരാമര്‍ശത്തിലൂടെ സൂചിപ്പിച്ചതെന്നും ടാറ്റയുമായി ഏക നിക്ഷേപ കരാര്‍ അന്തിമമായി ഉറപ്പിച്ചിട്ടില്ലെന്നും സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

മിഷന്‍ സമുദ്രയുടെ ഭാഗമായി കേരളത്തെ രാജ്യത്തെ പ്രമുഖ കപ്പല്‍ നിര്‍മാണ-സമുദ്ര വ്യവസായ കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ കാഴ്ചപ്പാടും നിക്ഷേപ ആകര്‍ഷണ പദ്ധതിയുമാണ് മുഖ്യമന്ത്രി അഭിമുഖത്തില്‍ പരാമര്‍ശിച്ചത്. വിവിധ പദ്ധതികളിലൂടെയും വിവിധ നിക്ഷേപകരിലൂടെയും വരും വര്‍ഷങ്ങളില്‍ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്ന ആകെ നിക്ഷേപത്തിന്റെ വ്യാപ്തിയെയാണ് 10,000 കോടിയോളം രൂപയുടെ നിക്ഷേപ സാധ്യതയെന്ന പരാമര്‍ശത്തിലൂടെ മുഖ്യമന്ത്രി സൂചിപ്പിച്ചത്. അല്ലാതെ ഏതെങ്കിലും ഒരു സ്ഥാപനവുമായി ഇത്രയും തുകയുടെ ഏക നിക്ഷേപ കരാര്‍ അന്തിമമായി ഉറപ്പിച്ചുവെന്നല്ല അർത്ഥമെന്നും പ്രസ്താവനയിൽ പറയുന്നു.

മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ച കപ്പൽ നിർമ്മാണ പദ്ധതിയെ പറ്റി അറിയില്ലെന്ന് വ്യക്തമാക്കി ടാറ്റ രം​ഗത്തുവന്നിരുന്നു. കേരളത്തിലെന്നല്ല ഒരിടത്തും കപ്പൽ നിർമ്മാണ ശാലയ്ക്കായി നിലവിൽ നിക്ഷേപം നടത്തുന്നില്ലെന്നും ടാറ്റ ഗ്രൂപ്പ് വ്യക്തമാക്കി. 10000 കോടിയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ പ്രസ്താവന കേട്ട് അമ്പരന്നുവെന്നും 10000 കോടിയുടെ നിക്ഷേപത്തിനുളള സന്നദ്ധത അറിയിച്ചിട്ടില്ലെന്നും ടാറ്റ ഗ്രൂപ്പ് പിന്നീട് വ്യക്തമാക്കുകയായിരുന്നു. ടാറ്റാ ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എക്കണോമിക്സ് ടൈംസ് ആണ് വാർത്ത പുറത്തുവിട്ടത്.

YouTube video player