Asianet News MalayalamAsianet News Malayalam

നിക്ഷേപം 6282 കോടി, 2.2 ലക്ഷം പേർക്ക് തൊഴിൽ; എംഎസ്എംഇ രംഗത്ത് വൻ കുതിപ്പുമായി കേരളം

ഒരു വർഷം കൊണ്ട് നേടിയെടുക്കാനുറച്ച ലക്ഷ്യം എട്ട് മാസം കൊണ്ട് നേടിയ അഭിമാനത്തിലാണ് സംസ്ഥാന വ്യവസായ വകുപ്പ്

P Rajeev Says 6282 crore invested in Kerala MSME sector last 8 months
Author
First Published Dec 8, 2022, 3:46 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സൂക്ഷ്മ - ചെറുകിട - ഇടത്തരം സംരംഭങ്ങളുടെ രംഗത്ത് വൻ കുതിപ്പ്. കഴിഞ്ഞ എട്ട് മാസംകൊണ്ട് 1,01,353 എംഎസ്എംഇ സംരംഭങ്ങൾ തുടങ്ങിയെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഇന്ന് നിയമസഭയിൽ അറിയിച്ചു. ഇതിലൂടെ 6,282 കോടി രൂപയുടെ ആഭ്യന്തര നിക്ഷേപമാണ് കേരളത്തിൽ നടന്നത്. 2,20,500 പേർക്ക് തൊഴിലും  ലഭിച്ചു.  മലപ്പുറം, എറണാകുളം ജില്ലകളിൽ മാത്രം പതിനായിരത്തിൽ അധികം സംരംഭങ്ങളാണ് പുതുതായി തുടങ്ങിയത്. ഒരു വർഷം കൊണ്ട് കൈവരിക്കാൻ ലക്ഷ്യമിട്ട കാര്യമാണ് വ്യവസായ വകുപ്പ് എട്ട് മാസം കൊണ്ട് യാഥാർത്ഥ്യമാക്കിയതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ എംഎസ്എംഇ സംരംഭങ്ങൾക്ക് കൂടുതൽ വിപണി ഉറപ്പാക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്. മെയിഡ് ഇൻ കേരള  എന്ന പുതിയ ബ്രാന്റ് ഇതിന്റെ ഭാഗമായി നടപ്പാക്കുമെന്ന് ഇന്നലെ വ്യവസായ വകുപ്പ് മന്ത്രി നിയമസഭയിൽ നടന്ന ചർച്ചയ്ക്കിടെ അറിയിച്ചിരുന്നു. സംസ്ഥാനത്ത് നിന്നുള്ള എംഎസ്എംഇ ഉൽപ്പന്നങ്ങൾക്ക് മെയ്ഡ് ഇൻ കേരള എന്ന കേരള ബ്രാൻഡ് നടപ്പാക്കുന്നതിനോട് സംസ്ഥാന സർക്കാരിനും അനുകൂല നിലപാടാണ്. ചെറുകിട സംരംഭങ്ങൾക്ക് വിപണി ലഭിക്കുന്നതിനാണ് സർക്കാരിന്റെ ഈ പരിശ്രമം. പുതിയ സംരംഭങ്ങളെ നിലനിർത്തുന്നതിനായി താലൂക്ക് വിപണനമേള നടത്തും. ജനുവരിയിൽ എറണാകുളത്ത് സംരംഭക സംഗമം നടത്തുമെന്നും വ്യവസായ  മന്ത്രി  പറഞ്ഞിരുന്നു.

കഴിഞ്ഞ മാർച്ച് 30 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംരംഭക വർഷം പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ചത്. തുടർന്ന് സംസ്ഥാന-ജില്ലാ-തദ്ദേശ സ്ഥാപന തലത്തിൽ കമ്മിറ്റികൾ രൂപീകരിച്ചു. ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ നടപ്പിലാക്കുന്നതിന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലുമായി പ്രൊഫെഷണൽ യോഗ്യതയുള്ള 1153 ഇന്റേണുകളെ നിയമിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലും തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഹെൽപ് ഡെസ്ക് വഴിയുള്ള ഇന്റേണിന്റെ സേവനം ലഭ്യമാക്കുന്നു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹെൽപ് ഡെസ്ക്ക് സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. എല്ലാ താലൂക്ക് വ്യവസായ കേന്ദ്രങ്ങളിലും ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും റിസോഴ്സ് പേഴ്സണ്മാരെയും നിയമിച്ചിട്ടുണ്ട്. സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള നിക്ഷേപസൗഹൃദ നടപടികൾ സംരംഭകത്വത്തിലേക്ക് കാലെടുത്തു വെക്കുന്നതിന് ശങ്കിച്ചുനിന്നവരെയും പദ്ധതിയുടെ ഭാഗമാക്കാൻ സഹായിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios