കോഴിക്കോട്: എൽദോ എബ്രഹാം എംഎൽഎയ്ക്കെതിരായ പൊലീസ് നടപടിയില്‍ പിണറായിയും കാനവും നടത്തുന്നത് മുഖം രക്ഷിക്കാനുള്ള ശ്രമങ്ങളാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള. ക്രമസമാധാന നില ഏറ്റവും തകർന്ന സംസ്ഥാനമായി കേരളം മാറിയെന്നും ശ്രീധരൻ പിള്ള കോഴിക്കോട് പറഞ്ഞു. 

ജേക്കബ് തോമസിനെ തിരിച്ചെടുക്കാനുള്ള ഉത്തരവ് സർക്കാരിനേറ്റ തിരിച്ചടിയാണെന്നും പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. ഇത് കേരളത്തിനാകെ അപമാനകരമാണെന്നും കേരള സർക്കാർ വിധി അംഗീകരിക്കാൻ തയ്യാറാകണമെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേര്‍ത്തു. പറ്റിയ തെറ്റ് സര്‍ക്കാര്‍ അംഗീകരിക്കണമെന്നും കേസ് നടത്തി ജനങ്ങളുടെ നികുതിപ്പണം പാഴാക്കരുതെന്നും ശ്രീധരൻ പിള്ള വിമര്‍ശിച്ചു. 

അടൂർ ഗോപാലകൃഷ്ണനെതിരായ ബി ഗോപാലകൃഷ്ണന്റെ പ്രസ്താവന അടഞ്ഞ അധ്യായമെന്ന് ശ്രീധരൻ പിള്ള പ്രതികരിച്ചു. അടൂർ വിഷയം വിവാദമാക്കി അജണ്ട സൃഷ്ടിക്കാനാണ് മാധ്യമങ്ങളുടെ ശ്രമമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. യൂണിവേഴ്സിറ്റി കോളജ് സമരം പിൻവലിച്ചത് എന്ത് അടിസ്ഥാനത്തിലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേര്‍ത്തു. കേരളത്തിൽ ബിജെപി അംഗസംഖ്യയിൽ വലിയ വർദ്ധനവുണ്ടായെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.