ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പിടി തോമസ് എംഎൽഎ. രാജ്‍കുമാറിന്‍റെ മരണത്തിൽ പൊലീസിനും ആശുപത്രി അധികൃതർക്കും റിമാന്‍റ് നടപടികൾ ചെയ്ത മജിസ്ട്രേറ്റിനും വീഴ്ചയുണ്ടായതായി സംശയിക്കുന്നു. അതുകൊണ്ട് തന്നെ ഈ കേസിൽ സമഗ്ര അന്വേഷണം നടത്താൻ ജുഡിഷ്യൽ കമ്മീഷന് കഴിയില്ലെന്നാണ് പി ടി തോമസിന്‍റെ പ്രതികരണം.

യഥാർഥ വസ്തുതകൾ പുറത്ത് കൊണ്ടുവരണമെങ്കിൽ സിബിഐ അന്വേഷണം വേണം. ഇടുക്കി മുൻ എസ്‍പി കെ ബി വേണുഗോപാലിനെതിരെ നടപടി വേണമെന്നും പിടി തോമസ് ആവശ്യപ്പെട്ടു. നേരത്തേ എസ്‍പി വേണുഗോപാലിനെതിരെ നടപടി ആവശ്യപ്പെട്ട് പി ടി തോമസ് എംഎല്‍എ പൊലീസ് കംപ്ലയിന്‍റസ് അതോറിറ്റി ചെയര്‍മാന് കത്ത് നല്‍കിയിരുന്നു. 

അതേസമയം കേസിൽ ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണം തുടരുകയാണ്. കൂടുതൽ പൊലീസുകാരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. കേസിലെ ഒന്നാം പ്രതിയായ എസ്ഐ സാബുവിനെ ചോദ്യം ചെയ്തതിൽ നിന്ന് രാജ്കുമാറിനെ മർദ്ദിച്ച മുഴുവൻ പൊലീകാരെക്കുറിച്ചും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. സ്റ്റേഷൻ റെക്കോർഡുകളിൽ തിരിമറി നടത്തി തെളിവ് നശിപ്പിച്ചവരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യും.