Asianet News MalayalamAsianet News Malayalam

റേഷൻ വിതരണം സർവ്വകാല റെക്കോർഡിൽ: 80 ശതമാനം പേരും റേഷൻ കൈപ്പറ്റിയതായി ഭക്ഷ്യമന്ത്രി

ഇതുവരെയും ഭക്ഷ്യധാന്യം കൈപ്പറ്റാത്തവർക്ക് ഈ മാസം മുപ്പത് വരെ റേഷൻ കൈപ്പാറ്റാൻ അവസരമുണ്ടെന്നും ഭക്ഷ്യമന്ത്രി പി.തിലോത്തമൻ പറഞ്ഞു. 

P Thilothaman Speaking to audience via asianet news
Author
Thiruvananthapuram, First Published Apr 6, 2020, 3:20 PM IST

‌തിരുവനന്തപുരം: സംസ്ഥാനത്തെ 80 ശതമാനം ആളുകളും റേഷൻ കടകളിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ കൈപ്പറ്റിയതായി ഭക്ഷ്യമന്ത്രി പി.തിലോത്തമൻ. സംസ്ഥാനത്ത് ആകെ 87.22 ലക്ഷം റേഷൻ കാർഡുകളാണുള്ളത്. ഇതിൽ 63.64 ലക്ഷം കാർഡുടമകളും ഭക്ഷ്യധാന്യങ്ങൾ കൈപ്പറ്റി കഴിഞ്ഞു. ഇതുവരെയും കൈപ്പറ്റാത്തവർക്ക് ഈ മാസം മുപ്പത് വരെ റേഷൻ കൈപ്പാറ്റാൻ അവസരമുണ്ടെന്നും ഭക്ഷ്യമന്ത്രി പി.തിലോത്തമൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിലൂടെ പ്രേക്ഷകരുമായി സംവദിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 

മന്ത്രിയോട് പ്രേക്ഷകരും സാമൂഹികരംഗത്തെ പ്രമുഖരും ചോദിച്ച ചോദ്യങ്ങളും അതിനുള്ള മറുപടിയും

ഈ മാസം ഒന്നാം തീയതി ഞാൻ റേഷൻ കടയിൽ പോയി അഞ്ച് കിലോ ചമ്പാ അരിയും പുഴുക്കലരിയും വാങ്ങി. വാങ്ങിയ അരി വീട്ടിൽ പാചകം ചെയ്തപ്പോൾ വളരെ ഗുണമേന്മയുള്ളതാണെന്ന് എനിക്ക് തോന്നി. ഞാനത് പരസ്യമായി പറഞ്ഞപ്പോൾ സമൂഹമാധ്യമങ്ങളിലൂടേയും മറ്റും ആളുകൾ അതിനെ പിന്തുണച്ചു. എനിക്ക് മന്ത്രിയോട് ഒരു സംശയം ചോദിക്കാനുള്ളത്. നമ്മുളിവിടെ വിതരണം ചെയ്യാനുള്ള അരി കുട്ടനാട്ടിലും പാലക്കാടും കിട്ടുമോ അതോ അന്യസംസ്ഥാനങ്ങളിൽ നിന്നും കിട്ടുമോ. രണ്ട് പാലക്കാടും കുട്ടനാടും ഉത്പാദിപ്പിക്കുന്ന നെല്ല് അരിയാക്കി മാറ്റാൻ സർക്കാരിന് സ്വന്തമായി മില്ലുകളുണ്ടോ. - മണിയൻപിള്ള രാജു, ചലച്ചിത്ര നടൻ.

ഒരു മാസം സംസ്ഥാനത്ത് റേഷൻ കൊടുക്കാൻ 1.18 ലക്ഷം മെട്രിക് ടൺ അരിയാണ് നമ്മുക്ക് ആവശ്യം. അതു കേന്ദ്രം എല്ലാ മാസവും തരും. അതോടൊപ്പം കേന്ദ്രവില ഉപയോ​ഗിച്ച് സംസ്ഥാനത്ത് എത്ര നെല്ല് ശേഖരിക്കുന്നുവോ അതിൻ്റെ 68 ശതമാനം കണക്കാക്കി നമ്മൾ എഫ്സിഐക്ക് നൽകണം. ഏപ്രിൽ മാസത്തെ നമ്മളിപ്പോൾ വിതരണം ചെയ്തു കഴിഞ്ഞു. മെയിലേക്കുള്ളത് നമ്മുടെ കൈവശമുണ്ട്. ഇനി ജൂണിലേക്ക് വേണ്ടത് ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. 

സൗജന്യ റേഷൻ വിതരണം വളരെ ഉപകാരപ്രദമാണ്. എന്നാൽ അരിയുടെ വിതരണത്തിലും തൂക്കത്തിലും കൃതതയുണ്ടോ എന്ന് സംശയമുണ്ട്. എനിക്ക് ലഭിച്ച എട്ട് കിലോ അരി തൂക്കി നോക്കിയപ്പോൾ ഏഴ് കിലോ മാത്രമാണ് കണ്ടത്. ഇക്കാര്യം പരിശോധിക്കണമെന്ന് അപേക്ഷിക്കുന്നു -  അനിൽ കുമാ‍ർ, മലയിൻകീഴ്

റേഷൻ വിതരണം നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്. എന്നാൽ ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരം തിരിമറികൾക്കെതിരെ കർശന നിലപാടാണ് സംസ്ഥാനം സ്വീകരിച്ചത്. ലഭിച്ച പരാതികളിൽ നിരവധി റേഷൻ കടയുടമകൾക്ക് പിഴ ഈടാക്കുകയും, പലരുടേയും ലൈസൻസ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. 

സർ മൂന്ന് മാസം കഴിഞ്ഞാൽ കാലവർഷം ആരംഭിക്കുകയാണ്. മുൻവർഷങ്ങളിലെ അനുഭവം നോക്കിയാൽ കാലവർഷത്ത് പ്രളയമുണ്ടാകുന്നുണ്ട്. അത്തരമൊരു സാഹചര്യമുണ്ടായാൽ നേരിടാൻ തക്ക ധാന്യശേഖരം നമ്മുക്കുണ്ടോ? - അഷ്റഫ് പീരുമേട്

അത്തരം ആശങ്ക വേണ്ട. അടുത്ത ആറു മാസത്തേക്ക് വേണ്ട അരിയും ധാന്യവും നമ്മുടെ എഫ്സിഐ ​ഗോഡൗണിലുണ്ട്. നാം അരി വിതരണം ചെയ്യുന്ന മുറയ്ക്ക് കേന്ദ്രം നമ്മുക്ക് വേണ്ട ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു നൽകുന്നുണ്ട്. അതു കൊണ്ട് അത്തരം ആശങ്ക വേണ്ട. 

സംസ്ഥാനത്തെ 14500-ഓളം റേഷൻ വ്യാപാരികൾക്ക് സർക്കാരിൽ നിന്നും കൃത്യമായ അളവിൽ ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നില്ല എന്ന പരാതി വ്യാപകമാണ്. എന്നിട്ടും സംസ്ഥാനത്തെ ലക്ഷക്കണക്കിന് വ്യാപാരികൾക്ക് കൃത്യമായി ഭക്ഷ്യധാനം നൽകാൻ നമ്മുക്ക് സാധിച്ചു. ഒറ്റപ്പെട്ട ചില പരാതികൾ ഒഴിച്ചു നിർത്തിയാൽ ഏറ്റവും മികച്ച രീതിയിലാണ് നമ്മൾ റേഷൻ വിതരണം പൂർത്തിയാക്കിയത് - ജോൺസൻ വിളവിനാൽ , റേഷൻ ഡീലേഴ്സ് അസോസിയേഷൻ അധ്യക്ഷൻ

എൻഎഫ്എസ്എ ​ഗോഡൗണിൽ നിന്നും അരി തൂക്കിയാണ് പുറത്തേക്ക് പോകുന്നത്. റേഷൻ കടകളിൽ എത്തും മുൻപ് അവിടേയും അരി തൂക്കി നൽകുന്നുണ്ട്. ഇപ്പോഴത്തെ തിരക്ക് കാരണം എവിടെയെങ്കിലും കൊടുക്കാൻ സാധിക്കാതിരുന്നോ എന്നറിയില്ല. എന്തായാലും ഇക്കാര്യത്തിൽ ഒരു വീഴ്ചയും അനുവദിക്കില്ല. അരി കൃത്യമായി നൽകും

സ്വന്തം റേഷൻ കടയിൽ നിന്നു തന്നെ സാധനം വാങ്ങണം എന്നു നിർബന്ധമുണ്ടോ. മറ്റു കടകളിൽ നിന്നും നമ്മുടെ റേഷൻ വാങ്ങിക്കൂടെ - സിബി,പട്ടാമ്പി  

കേരളത്തിലെ റേഷൻ കാർഡ് ഉടമയ്ക്ക് കേരളത്തിലെവിടെ നിന്നും ഭക്ഷ്യധാന്യം വാങ്ങാം. അതു പറ്റില്ലെന്ന് ഒരു റേഷൻ കാർഡ് ഉടമയ്ക്കും പറയാൻ പറ്റില്ല. മാത്രമല്ല രാജ്യത്തെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ ആളുകൾക്ക് എവിടെ നിന്നും അരി വാങ്ങാൻ അവസരമുണ്ട്.

ഇപ്പോഴത്തെ ഒരു പ്രതിസന്ധി തീരാൻ രണ്ടു മൂന്ന് മാസമെടുത്തേക്കും അത്തരമൊരു ഘട്ടത്തിൽ വിലക്കയറ്റത്തിന് സാധ്യതയുണ്ടോ - ആനി ചലച്ചിത്രതാരം- പാചക വിദ​ഗ്ദ്ധ

റേഷൻ കടകളിലെ ഉത്പന്നങ്ങൾ ഇപ്പോൾ വിൽക്കുന്ന അതേ വിലയ്ക്ക് തന്നെ ഇനിയും വിൽക്കും. നേരത്തെ റേഷൻ കാർഡ് ഉടമകൾക്ക് നൽകാൻ വേണ്ടി മുൻ​ഗണനാ പട്ടികയിലുള്ളവരിൽ നിന്നും രണ്ടു രൂപയും അല്ലാത്തവരിൽ നിന്നും നാല് രൂപയും വാങ്ങിയിരുന്നു. ഇപ്പോൾ അതും നിർത്തി വച്ചിരിക്കുകയാണ്. പൊതുവിപണിയുടെ കാര്യം പറഞ്ഞാൽ വിലക്കയറ്റം പിടിച്ചു നിർത്തും എന്നത് സർക്കാർ വാ​ഗ്ദാനമാണ്. ഈ സർക്കാർ അധികാരത്തിലുള്ള അഞ്ച് വർഷവും സപ്ലൈകോ വഴി വിലകൂട്ടാതെ തന്നെ സാധനങ്ങൾ വിൽക്കും

ബിപിൽ കാർഡുകാർക്ക് 35 കിലോ അരിയും എപിഎലുകാർക്ക് 20 കിലോ അരിയുമാണ് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ ബിപിൽ കാർഡുമായി പോയാൽ നേരത്തെ കിട്ടുന്ന അരി തന്നെയാണ് ഇപ്പോഴും കിട്ടുന്നത് - സജീവൻ,തൃശ്ശൂർ

റേഷൻ ഷോപ്പുകൾ വഴി വിൽക്കുന്ന ധാന്യത്തിന് വില ഈടാക്കില്ല. മുൻ​ഗണന പട്ടികയ്ക്ക് പുറത്തുള്ളവർക്ക് ഒരു മാസം രണ്ട് കിലോ അരിയും മൂന്ന് കിലോ ആട്ടയും ആണ് നൽകുന്നത്. എന്നാൽ ഇപ്പോഴത്തെ പ്രതിസന്ധി കണക്കിലെടുത്ത് അൻപതിനായിരം മെട്രിക് ടൺ ഭക്ഷ്യധാന്യം വില കൊടുത്ത് കേന്ദ്രപൂളിൽ നിന്നും വാങ്ങിയാണ് നമ്മൾ ജനങ്ങൾക്ക് സൗജന്യമായി നൽകുന്നത്. 

മുൻ​ഗണന പട്ടികയിലെ ആദ്യവിഭാ​ഗം അന്ത്യോദയ- അന്നയോജന ആണ് അവർക്ക് ഒരു കുടുംബത്തിന് 35 കിലോ ധാന്യമാണ്. 30 കിലോ അരിയും അഞ്ച് കിലോ ​ഗോതമ്പും സൗജന്യമായി നൽകുന്നുണ്ട് അതു നേരത്തെ മുതൽ അങ്ങനെയാണ്. മുൻ​ഗണനാ പട്ടികയിലെ അവശേഷിക്കുന്ന വിഭാ​ഗത്തിന്  കുടുംബത്തിലെ ഒരം​ഗത്തിന് നാല് കിലോ അരിയും ഒരു കിലോ ​ഗോതമ്പും സൗജന്യമായി നൽകും.  കുടുംബത്തിൽ അഞ്ച് പേരുണ്ടേൽ ഇരുപത് കിലോ അരിയും അഞ്ച് കിലോ ​ഗോതമ്പും കിട്ടും. ഇതല്ലാതെ ഭൂരിപക്ഷം വരുന്ന റേഷൻ കാർഡ് ഉടമകൾക്ക് ഒരു കുടുംബത്തിന് ഏറ്റവും ചുരുങ്ങിയ 15 കിലോ ധാന്യവും നൽകും. 

സാർ റേഷൻ കാർഡിന് അപേക്ഷിച്ചപ്പോൾ വെള്ളകാർഡാണ് കിട്ടിയത്. അതു ചുവപ്പ് കാർഡ‍ാക്കി മാറ്റാൻ അപേക്ഷ നൽകിയിട്ട് ഏഴ് ആഴ്ചയായി. ഇതുവരെ മാറിയിട്ടില്ല. ചോ​ദിക്കുമ്പോൾ പലതരം ഒഴിവുകഴിവുകളാണ് അവർ പറയുന്നത്  - ബഷീർ, ഇരിട്ടി

ഇക്കാര്യത്തിൽ ആരും ഒഴിവുകഴിവു പറയേണ്ട. നിങ്ങൾ നൽകിയ അപേക്ഷയിലെ വിവരങ്ങൾ അനുസരിച്ച് നിങ്ങളുടെ സ്കോർ തയ്യാറാക്കുകയും നിങ്ങളുടെ വെയ്റ്റിം​ഗ് ലിസ്റ്റിൽ ഉൾപ്പെടുത്തുകയുമാണ് ചെയ്തത്. ചുവപ്പ് കാർഡുകൾ വിതരണം ചെയ്യാൻ നിയന്ത്രണമുണ്ട്. ഇപ്പോൾ അതിലെ അനർഹരെ കണ്ടെത്തി ഒഴിവാക്കിയ ശേഷം വെയ്റ്റിം​ഗ് ലിസ്റ്റിലുള്ളവരെ സ്കോർ അടിസ്ഥാനത്തിൽ ഉൾപ്പെടുത്തുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. 

ഞങ്ങൾ ചലച്ചിത്രമേഖലയിലെ ചില സംഘടനാപ്രവർത്തകർ ചേർന്ന് ഒരു സ്വകാര്യ കമ്മ്യൂണിറ്റി കിച്ചൻ നടത്തുന്നുണ്ട്. ഒരു ദിവസം മൂവായിരം പേർക്കാണ് ഞങ്ങൾ ഭക്ഷണം നൽകുന്നത്. സിവിൽ സപ്ലൈസ് വഴി കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കാൻ വഴിയുണ്ടാകാമോ - മഹാസുബൈർ, സിനിമ നിർമ്മാതാവ്, കൊച്ചി

ഇവർക്ക് പ്രദേശത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി ബന്ധപ്പെടണം. അവരുടെ ശുപാർശ അനുസരിച്ച് നിങ്ങൾ എത്ര പേർക്ക് ഭക്ഷണം നൽകുന്നോ അതിനു വേണ്ട ഭക്ഷ്യധാന്യങ്ങൾ സപ്ലൈകോയിൽ നിന്നും ലഭ്യമാക്കും. 

പലവ്യജ്ഞനങ്ങളുടെ കിറ്റ് എപ്പോൾ മുതലാണ് വിതരണം ചെയ്യുക - ജിത്ത്, കിളിമാനൂർ

പലവ്യജ്ഞനകിറ്റുകളുടെ വിതരണതീയതി സർക്കാർ വൈകാതെ നിങ്ങളെ അറിയിക്കും

ഇവിടെ എൻമകജെ പഞ്ചായത്തിലെ ഒന്നും വാർഡുകളിലെ എണ്ണൂറോളം റേഷൻ കാർഡ‍ുടമകൾ ഇവിടെയുണ്ട്. ഇതു കേരള- കർണാടക ബോർഡറാണ്. ഇവിടേക്കുള്ള വരാനുള്ള സാരടുക്ക ചെക്ക് പോസ്റ്റ് അടച്ചതോടെ പുറംലോകവുമായി ബന്ധപ്പെടാനുള്ള എല്ലാ മാർ​ഗവും അടച്ച അവസ്ഥയിലാണ് -  മാത്തുക്കുട്ടി, എൻമകജെ, കാസർകോട്

അതിർത്തി അടച്ച കർണാടക സർക്കാരിന്റെ നടപടി വളരെ നിർഭാ​ഗ്യമകരമാണ്. അതു പുനപരിശോധിക്കാൻ കേന്ദ്രം വഴി സംസ്ഥാനം ഇടപെടുന്നുണ്ട്. ഇവർക്ക് റേഷൻ അവിടെ എത്തിക്കാൻ എന്തു വേണമെന്ന് പരിശോധിക്കാം. 

Follow Us:
Download App:
  • android
  • ios