കോണ്‍ഗ്രസിലെ ബിജെപി ഏജന്‍റാണ് കെ സി വേണുഗോപാല്‍. എംഎൽഎ ആയി എന്നതുകൊണ്ട് തന്നെ എല്ലാവർക്കും ചവിട്ടാമെന്ന് കരുതേണ്ടെന്നും പി വി അന്‍വര്‍ പറഞ്ഞു. 

വയനാട്: കോണ്‍​ഗ്രസിന് (Congress) എതിരെ രൂക്ഷവിമര്‍ശനവുമായി എംഎല്‍എ പി വി അന്‍വര്‍ (P V Anvar). യൂത്ത് കോണ്‍ഗ്രസ് ടോര്‍ച്ചടിച്ച് തെരയേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയെയാണ്. നാടുകാണി ചുരത്തിലെ കുട്ടികൊരങ്ങനാണ് മലപ്പുറം ഡിസിസി പ്രസിഡണ്ട് വിഎസ് ജോയ്. കോണ്‍ഗ്രസിലെ ബിജെപി ഏജന്‍റാണ് കെ സി വേണുഗോപാല്‍. എംഎൽഎ ആയി എന്നതുകൊണ്ട് തന്നെ എല്ലാവർക്കും ചവിട്ടാമെന്ന് കരുതേണ്ടെന്നും പി വി അന്‍വര്‍ പറഞ്ഞു. 

മണ്ഡലത്തിലും നിയമസഭയിലും അന്‍വറില്ലാത്തത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം വിമര്‍ശനം കടുപ്പിച്ചിരുന്നു. എംഎല്‍എയ്ക്കെതിരെ നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു. അവധി അപേക്ഷ പോലും നല്‍കാതെയാണ് പി വി അന്‍വര്‍ സഭയില്‍ നിന്ന് വിട്ടുനിന്നത്. കേരളനിയമസഭയിലെ ഒന്നാം സമ്മേളനത്തില്‍ 5 ദിവസം മാത്രമാണ് അന്‍വര്‍ പങ്കെടുത്തത്. രണ്ടാം സമ്മേളനത്തില്‍ എംഎല്‍എ എത്തിയിരുന്നില്ല. 

ഇന്നലെ താന്‍ തിരിച്ചെത്തിയെന്ന കുറിപ്പോടെ അണികള്‍ക്കൊപ്പമുള്ള കാറിന്‍റെ ചിത്രം അന്‍വര്‍ പങ്കുവെച്ചിരുന്നു. പോസ്റ്റിനെ പരിഹസിച്ച് കമന്‍റ് ചെയ്യുന്നവര്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടിയും എംഎല്‍എ നല്‍കിയിരുന്നു. കാശുകൊടുത്താല്‍ ബംഗാളികളെ കിട്ടുമെന്ന് ചിത്രത്തോട് പ്രതികരിച്ചയാള്‍ക്ക് ബംഗാളികൾക്കുള്ള വില പോലും നിനക്കൊന്നും 2 ടേമായി നിലമ്പൂരുകാർ തന്നിട്ടില്ലല്ലോ. ആദ്യം ആ വില ഉയർത്താൻ നോക്ക്‌ എന്നായിരുന്നു എംഎല്‍എയുടെ പരിഹാസം.