സെമിനാറിൽ പങ്കെടുക്കേണ്ടെന്ന കെ പി സി സി വിലക്ക് തെറ്റാണ്. കോൺഗ്രസ് നേതൃത്വത്തിനുള്ളിൽ പ്രതിഷേധം ഇരമ്പുന്നുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു

കണ്ണൂർ: സിൽവ‍‍ർ ലൈൻ പദ്ധതി സിപിഎം രാഷ്ട്രീയ നയത്തിന് എതിരല്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മറ്റ് സംസ്ഥാനങ്ങളിലെ പ്രതിനിധികൾക്കും മറ്റ് അഭിപ്രായം ഉണ്ടാകില്ല. സിൽവ‍ർ ലൈൻ അനിവാര്യമെന്ന നിലപാടാണ് പാ‍‍ർട്ടിക്കുള്ളത്. സെമിനാറിൽ പങ്കെടുക്കേണ്ടെന്ന കെ പി സി സി വിലക്ക് തെറ്റാണ്. കോൺഗ്രസ് നേതൃത്വത്തിനുള്ളിൽ പ്രതിഷേധം ഇരമ്പുന്നുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

അതിവേഗ റെയിൽ: സമരം പിൻവലിക്കില്ലെന്ന് സിപിഎം മഹാരാഷ്ട്ര

കണ്ണൂർ: അതിവേഗ റെയിൽ പദ്ധതിയിൽ നിലപാടിൽ ഉറച്ച് സിപിഎം മഹാരാഷ്ട്ര ഘടകം. നിർബന്ധിത ഭൂമിയേറ്റെടുക്കൽ പാടില്ലെന്ന് കിസാൻ സഭ സെക്രട്ടറി അജിത്ത് നെവാലെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കെ റെയിൽ വേണമോ എന്നതിൽ കേരളത്തിലെ കിസാൻ സഭ നിലപാട് എടുക്കണം. പാർട്ടി കോൺഗ്രസിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതി ചർച്ചയിൽ ഉയർത്തും. രണ്ട് സംസ്ഥാനങ്ങളിൽ വ്യത്യസ്ത പ്രശ്നങ്ങളാണുള്ളത്. ഭൂമിക്ക് നഷ്ടപരിഹാരം കിട്ടിയാലും മഹാരാഷ്ട്രയിൽ സമരം പിൻവലിക്കില്ല. പദ്ധതിക്കായി ഭൂമി വിട്ട് നൽകില്ലെന്നും നെവാലെ പറഞ്ഞു.

ചെകുത്താനൊപ്പവും നിൽക്കുമെന്ന് എംഎ ബേബി

കണ്ണൂർ: ബിജെപിയെ തോൽപ്പിക്കാൻ ചെകുത്താനൊപ്പവും നിൽക്കുമെന്ന് സി പി എം പി ബി അംഗം എം എ ബേബി. വർഗീയതയ്ക്കെതിരായ നിലപാട് കോൺഗ്രസ് തീരുമാനിക്കണം. കോൺഗ്രസും രാഹുൽഗാന്ധിയും വർഗ്ഗീയതയോട് സന്ധിചെയ്യുന്നു. കെ റെയിൽ കേരളത്തിലെ യാത്രാപ്രശ്നം തീർക്കാനാണ്. ബദൽ നയങ്ങളും പദ്ധതികളും കേരളം നടപ്പാക്കുന്നുണ്ട്. ഇതിനൊപ്പമുള്ള വികസനപദ്ധതിയായി കെ റെയിലിനെ കണ്ടാൽ മതിയെന്നും എം എ ബേബി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഒരു കമ്മിറ്റിയിലും ജാതിസംവരണമില്ല: എകെ ബാലൻ

കണ്ണൂർ: സിപിഎമ്മിന്റെ ഒരു പാർട്ടി കമ്മിറ്റിയിലും ജാതി സംവരണമില്ലെന്ന് കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലൻ. ഓരോ പാർട്ടി കോൺഗ്രസ് വരുമ്പോഴും പാർട്ടിയിലെ പിന്നോക്ക ജാതിക്കാരുമായി ബന്ധപ്പെട്ട ചോദ്യം വരാറുണ്ട്. ജാതി സംവരണം പാർട്ടിയിൽ ഇല്ല. വർഗ ബഹുജന സംഘടനകളിൽ പ്രവർത്തിച്ച് പരിചയമുള്ളവരാണ് മേൽക്കമ്മിറ്റികളിലേക്ക് വരുന്നത്. അത് സംവരണത്തിന്റെ അടിസ്ഥാനത്തിലല്ല. ദളിത് പ്രാതിനിധ്യം ഉണ്ടാകുമോ ഇപ്പോഴത്തെ പാർട്ടി കോൺഗ്രസിൽ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷം തകർന്നെന്ന് പരക്കെ പറയുന്നുണ്ട്. സംഘടനാ റിപ്പോർട്ട് സ്വയം വിമർശന പരമായാണ് അവതരിപ്പിക്കുന്നതെന്ന് എകെ ബാലൻ പറഞ്ഞു. 22ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച രാഷ്ട്രീയ സംഘടനാ നയം നല്ലതായിരുന്നു. കോൺഗ്രസിന് ബദലാകാൻ കഴിയില്ല. കോൺഗ്രസിന് നയമില്ല. അത്തരമൊരു പാർട്ടിക്ക് നയമുള്ള പാർട്ടിയുടെ ബദലാകാൻ കഴിയില്ല. ബിജെപിക്ക് ഹിന്ദുത്വ നയമുണ്ട്. അതിനാൽ രാഷ്ട്രീയ സഖ്യം കോൺഗ്രസുമായി സിപിഎം ഉണ്ടാക്കുന്നത് ഗുണം ചെയ്യില്ല. 

പശ്ചിമ ബംഗാളിൽ പാർട്ടി വല്ലാത്ത അവസ്ഥയിലായിരുന്നു. കോൺഗ്രസുമായി നീക്കുപോക്കിന് പാർട്ടി അനുമതി കൊടുത്തത് രാഷ്ട്രീയ സഖ്യമായി മാറി. കേന്ദ്രത്തിന്റെ അംഗീകാരം ഇല്ലാത്ത സഖ്യത്തിലേക്ക് ബംഗാൾ ഘടകം പോയി. പാർട്ടിക്കോ മുന്നണിക്കോ നേട്ടമുണ്ടായില്ല. അത് ജനവും തള്ളി. അക്കാര്യം ബംഗാൾ ഘടകം തിരിച്ചറിഞ്ഞു. മുടങ്ങിപ്പോയ ചില പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കിയത് സർക്കാരിന്റെ നിശ്ചയദാർഢ്യം കൊണ്ടാണെന്നും ബാലൻ പറഞ്ഞു.