ഒരാൾ ഏത് ഗ്രൂപ്പിലെന്ന് രാവിലെ എണീറ്റാൽ അറിയാമെന്ന സ്ഥിതിയാണ് കോണ്‍ഗ്രസിലെന്നും പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കാൻ കെ മുരളീധരന് ആഗ്രഹമില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു

പാലക്കാട്: പ്രിയദര്‍ശൻ സിനിമ പോലെയാണ് കോണ്‍ഗ്രസിലെ കാര്യങ്ങളെന്നും പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കാൻ കെ മുരളീധരന് ആഗ്രഹമില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. താൻ എപ്പോഴായാലും കോണ്‍ഗ്രസ് വിടേണ്ട ആളായിരുന്നുവെന്നും വടകരയിൽ ഷാഫി പറമ്പിലിനെ നിര്‍ത്തിയത് കെസി വേണുഗോപാലിന് വേണ്ടിയാണെന്നും പത്മജ പറഞ്ഞു.

കെസിക്ക് ആലപ്പുലയിൽ മത്സരിച്ച് ജയിക്കാൻ വേണ്ടിയാണ് അത്തരമൊരു നീക്കമുണ്ടായത്. അന്നത്തെ ഡീലിന്‍റെ ഭാഗമായാണിപ്പോള്‍ പാലക്കാട് രാഹുലിനെ നിര്‍ത്തിയത്. ഷാഫിയ്ക്ക് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് മന്ത്രിയാകാൻ ആയിരുന്നു താത്പര്യം. മുരളിയെ തൃശൂർ കൊണ്ടു വന്നു ചതിച്ചു. രാഹുൽ സരിനോട് ചെയ്ത പോലെ ഞാൻ എതിരാളിയോട് ചെയ്യില്ല.

തൃശൂർ ജില്ലയിലെ കോൺഗ്രസ് നശിച്ചു. രാഹുലിനെ എന്തിനാണ് പാലക്കാട് കൊണ്ടു വന്നത്? സ്വന്തമായി ഒരു അഭിപ്രായവും ഇല്ലാത്തയാളാണ് രാഹുൽ. സോഷ്യൽ മീഡിയയിലൂടെ മാത്രം വളർന്നയാളാമ്. രാഹുൽ ജയിക്കണമെന്ന് മുരളി ആഗ്രഹിക്കുന്നില്ലെന്നും പത്മജ പറഞ്ഞു. പ്രിയദര്‍ശൻ സിനിമ പോലെയാണ് കോണ്‍ഗ്രസിലെ കാര്യങ്ങള്‍. ഒരാൾ ഏത് ഗ്രൂപ്പിലെന്ന് രാവിലെ എണീറ്റാൽ അറിയാം. കെ .മുരളീധരൻ പാലക്കാട് പ്രചാരണത്തിന് എത്തുന്നത് സ്വന്തം ഇഷ്ടപ്രകാരമല്ല.

സ്വന്തം അമ്മയെ മോശമായി പറഞ്ഞ രാഹുലിന് വേണ്ടി മുരളിയ്ക്ക് എങ്ങനെ പ്രവർത്തിക്കാൻ പറ്റില്ല. രാഹുൽ ജയിക്കണമെന്ന് മുരളി ആഗ്രഹിക്കുന്നില്ല. നന്ദികെട്ട കോൺഗ്രസുകാർ കാരണമാണ് അമ്മ നേരത്തെ മരിച്ചത്. സുധാകരന് പാർട്ടിയിൽ ഒരു സ്വാധീനവുമില്ല. സുധാകരന്‍റെ ശൗര്യം കണ്ണൂർ മാത്രമാണ്. രാഹുൽ അല്ലാതെ വേറെ ആരുമില്ലേ പാലക്കാട് മത്സരിക്കാൻ.

അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത ആൾ ആണ് രാഹുൽ മാങ്കൂട്ടത്തിലെന്നും അതിനാൽ ജയിപ്പിക്കരുതെന്നും പത്മജ വേണുഗോപാല്‍ തുറന്നടിച്ചു. നേതൃത്വത്തിനെതിരായ സന്ദീപ് വാര്യരുടെ വിമര്‍ശനത്തിനും പത്മജ മറുപടി പറഞ്ഞു. പിണക്കങ്ങളും ഇണക്കങ്ങളും ഉണ്ടാകുമെന്നും അതിന് മണിക്കൂറുകൾ മാത്രമേ ഉണ്ടാകുവെന്നും മറുപടി സംസ്ഥാന പ്രസിഡന്‍റ് പറയുമെന്നും പത്മജ പറഞ്ഞു.

'സതീഷിന് പിന്നിൽ ആന്‍റോ അഗസ്റ്റിൻ'; തന്നെ ആത്മഹത്യയിലേക്ക് തള്ളിവിടാൻ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നെന്ന് ശോഭ


Asianet News Live | Kodakara Hawala case | Sobha Surendran | By-Election | Malayalam News Live