Asianet News MalayalamAsianet News Malayalam

പത്മകുമാർ ആദ്യം പറഞ്ഞതെല്ലാം കള്ളക്കഥകൾ; വേറെയും കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ പദ്ധതിയിട്ടു, ലക്ഷ്യം വിലപേശൽ

നഴ്സിങ് അഡ്മിഷന്‍ ഉള്‍പ്പെടെ നിരവധി കള്ളക്കഥകളാണ് പിടിയിലായ പത്മകുമാര്‍ ആദ്യം പൊലീസിനോട് പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ഇനിയും വിവരങ്ങള്‍ പുറത്തുവരാനുണ്ട്. 

Padmakumar framed a fake story in child kidnap case in kollam he targeted other children too afe
Author
First Published Dec 2, 2023, 3:33 AM IST

അടൂര്‍: കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഇന്നലെ വൈകുന്നേരം പിടിയിലായ പത്മകുമാര്‍ പൊലീസിനെ കബളിപ്പിക്കാനായി പറ‌ഞ്ഞുണ്ടാക്കിയതൊക്കെ കള്ളക്കഥകളായിരുന്നു. നഴ്സിങ് റിക്രൂട്ട്മെന്റുമായും ഒ.ഇ.റ്റി പരീക്ഷയുമായുമെല്ലാം തട്ടിക്കൊണ്ട് പോകലിന് ബന്ധമുണ്ടെന്നും ഓയൂരിലെ ആറ് വയസുകാരിയുടെ അച്ഛന്‍ തന്റെ കൈയില്‍ നിന്ന് പണം വാങ്ങിയ ശേഷം തിരിച്ചു തന്നില്ലെന്നും ഉള്‍പ്പെടെയുള്ള കഥകള്‍ ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഈ കഥകളിലെയെല്ലാം പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പെടുകയും നിരവധി സംശയങ്ങളുയരുകയും ചെയ്തു.

തനിക്ക് മാത്രമാണ് തട്ടിക്കൊണ്ടുപോകല്‍ സംഭവത്തില്‍ പങ്കുള്ളതെന്നും പത്മകുമാര്‍ അടൂരിലെ കെ.എ.പി പൊലീസ് ക്യാമ്പില്‍ നടന്ന ചോദ്യം ചെയ്യലില്‍ പറ‍ഞ്ഞിരുന്നു.  പത്മകുമാറിനൊപ്പം ഇയാളുടെ ഭാര്യയും മകളും പൊലീസിന്റെ പിടിയിലായിരുന്നു. ഇവര്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നാണ് പത്മകുമാര്‍ മൊഴി നല്‍കിയിരുന്നത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങളും പത്മകുമാറിന്റെ മൊഴിയും തമ്മില്‍ പൊരുത്തക്കേടുകളും വന്നു. എന്നാൽ ഇയാളുടെ ആദ്യ മൊഴിയെല്ലാം തെറ്റാണെന്ന് പിന്നീട് പൊലീസിന് പിന്നീട് വിശദമായ ചോദ്യം ചെയ്യലില്‍ ബോധ്യപ്പെടുകയായിരുന്നു. 

പത്മകുമാറിന് കുട്ടിയുടെ കുടുംബവുമായി ബന്ധമില്ല. തന്റെ സാമ്പത്തിക ബാധ്യത തീർക്കാൻ പത്മകുമാർ തന്നെ ആസൂത്രണം ചെയ്തതതാണ് തട്ടിക്കൊണ്ടുപോകൽ എന്നാണ് പൊലീസ്  സംശയിക്കുന്നത്. പ്രതി ലക്ഷ്യമിട്ടത് ഓയൂരിലെ ആറ് വയസുകാരിയെ മാത്രമല്ലെന്നും കുട്ടിയുടെ ജ്യേഷ്ഠനെയടക്കം തട്ടിക്കൊണ്ടുപോകാനായിരുന്നു പദ്ധതിയെന്നും പിന്നീട് വിവരങ്ങള്‍ പുറത്തുവന്നു. വേറെയും കുട്ടികളെ തട്ടിക്കൊണ്ടുപോയി പണം വില പേശുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും പൊലീസിന് വിവരം ലഭിച്ചു.

കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഒരു ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം ലഭിച്ചുവെന്നും ഇയാള്‍ പറഞ്ഞിട്ടുണ്ട്. ഈ സംഘത്തെ കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങി. കുട്ടിയെ തട്ടിക്കൊണ്ടു വന്ന് എവിടെയാണ് പാര്‍പ്പിച്ചതെന്നും സംഘത്തിലും സഹായികളായും മറ്റാരൊക്കെ ഉണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങളിലും ഒട്ടേറ വിശദാംശങ്ങള്‍ ഇനിയും ഈ സംഭവത്തില്‍ പുറത്തു വരാനുണ്ട്. ഇക്കാര്യങ്ങളെല്ലാം പൊലീസ് പ്രതികളില്‍ നിന്ന് വിശദമായി അന്വേഷിക്കുകയാണ്.

കേസ് അന്വേഷണ പുരോഗതി വിശദീകരിച്ചു കൊണ്ട് എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ ഇന്നലെ രാത്രി 9.30ന് കൊട്ടാരക്കര എസ്.പി ഓഫീസില്‍ വാര്‍ത്താ സമ്മേളനം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും രാത്രി വൈകിയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി എ.ഡി.ജി.പി അടൂരിലെ എസ്.എ.പി ക്യാമ്പില്‍ നിന്ന് കൊട്ടാരക്കര തിരിച്ചെത്താത്തതിനാല്‍ വാര്‍ത്താ സമ്മേളനം ഉണ്ടായില്ല. കേസില്‍ വിവരങ്ങള്‍ അറിയിച്ചുകൊണ്ട് കൊണ്ട് ഇന്ന് പൊലീസിന്റെ ഔദ്യോഗിക വിശദീകരണം ഉണ്ടാവുമെന്നാണ് പ്രതീക്ഷ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം....

Latest Videos
Follow Us:
Download App:
  • android
  • ios