Asianet News MalayalamAsianet News Malayalam

ശിഹാബ് ചോറ്റൂരിന്റെ ഹജ്ജ് യാത്രയിൽ പ്രതിസന്ധി; വിസ നൽകാനാകില്ലെന്ന് പാകിസ്ഥാൻ കോടതി

ജൂണ്‍ രണ്ടിനാണ് ശിഹാബ് മലപ്പുറത്ത് നിന്നും യാത്ര ആരംഭിച്ചത്. 2023ലെ ഹജ്ജ് കർമം ചെയ്യാൻ 8,640 കിലോമീറ്റര്‍ കാൽനടയായി മക്കയില്‍ എത്തുകയാണ് ശിഹാബിന്‍റെ ലക്ഷ്യം.

Pakistan court dismisses plea to grant visa to Indian citizen shihab chottur who wants to complete Hajj pilgrimage on foot
Author
First Published Nov 24, 2022, 3:53 PM IST

ലാഹോർ: മലപ്പുറത്ത് നിന്ന് കാൽനടയായി ഹജ്ജിനായി മക്കയിലേക്ക് പോകുന്ന ശിഹാബ് ചോറ്റൂരിന് പാകിസ്ഥാൻ വിസ നിഷേധിച്ചു. വിസ അനുവദിക്കണമെന്ന് ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ടുള്ള ഹർജിയാണ് പാകിസ്ഥാൻ കോടതി ബുധനാഴ്ച തള്ളിയത്. ജൂണ്‍ രണ്ടിനാണ് ശിഹാബ് മലപ്പുറത്ത് നിന്നും യാത്ര ആരംഭിച്ചത്. 2023ലെ ഹജ്ജ് കർമം ചെയ്യാൻ 8,640 കിലോമീറ്റര്‍ കാൽനടയായി മക്കയില്‍ എത്തുകയാണ് ശിഹാബിന്‍റെ ലക്ഷ്യം. ജൂണ്‍ രണ്ടിന് ആരംഭിച്ച യാത്ര 280 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി ലക്ഷ്യത്തിലെത്തുമെന്നായിരുന്നു പ്രതീക്ഷ. വാ​ഗാ അതിർത്തി വരെ കാൽനടയായി 3000 കിലോമീറ്ററാണ് ശിഹാബ് സഞ്ചരിച്ചത്. വാ​ഗ കടക്കാൻ വിസയില്ലാത്തതിനാൽ പാകിസ്ഥാൻ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞു. തുടർന്ന് പാകിസ്ഥാനിലൂടെ നടന്നുപോകാൻ വിസ നൽകണമെന്നാവശ്യപ്പെട്ട് ബുധനാഴ്ചയാണ് ശിഹാബിന് വേണ്ടി പാക് പൗരനായ സർവാർ താജ് എന്നയാൾ ഹർജി നൽകിയത്. നേരത്തെ സിം​ഗിൾ ബെഞ്ചും ഹർജി തള്ളി. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ജസ്റ്റിസ് ചൗധരി മുഹമ്മദ് ഇഖ്ബാൽ, ജസ്റ്റിസ് മുസാമിൽ അക്തർ ഷബീർ എന്നിവരടങ്ങിയ ലാഹോർ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അപേക്ഷ തള്ളി. ഹർജിക്കാരന് ഇന്ത്യൻ പൗരനുമായി ബന്ധമില്ലെന്നും കോടതിയെ സമീപിക്കാനുള്ള നിയമപരമായ അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു. 

ഇന്ത്യൻ പൗരന്റെ പൂർണമായ വിവരങ്ങ ഹർജിക്കാരന് ഹാജരാക്കാൻ കഴിഞ്ഞില്ല. സിംഗിൾ ബെഞ്ചിന്റെ തീരുമാനം ശരിവെക്കുകയും അപ്പീൽ നിലനിർത്താനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി തള്ളുകയും ചെയ്തു. ഇതിനകം 3,000 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചെന്നും ഹജ്ജിന് പോകുകയാണെന്നും മാനുഷിക പരി​ഗണന നൽകി രാജ്യത്ത് പ്രവേശിക്കാൻ അനുവദിക്കണമെന്നും ശിഹാബ് എമിഗ്രേഷൻ അധികാരികൾക്ക് മുമ്പാകെ അപേക്ഷിച്ചു. ഇറാൻ വഴി സൗദിയിലെത്താൻ ട്രാൻസിറ്റ് വിസ വേണമെന്ന് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ഉദ്യോഗസ്ഥൻ പറഞ്ഞു.

കനത്ത മഴയില്‍ മുങ്ങി ജിദ്ദ; നിരവധിപ്പേര്‍ വെള്ളക്കെട്ടിൽ കുടുങ്ങി, വിമാന സർവിസുകളെയും ബാധിച്ചു

ബാബ ഗുരുനാനാക്കിന്റെ ജന്മദിനത്തോടനുബന്ധിച്ചും മറ്റ് അവസരങ്ങളിലും നിരവധി ഇന്ത്യൻ സിഖുകാർക്ക് പാകിസ്ഥാൻ സർക്കാർ വിസ നൽകുന്നതിന് സമാനമായി ശിഹാബിനും വിസ അനുവദിക്കണമെന്ന് ലാഹോർ നിവാസിയായ താജ് വാദിച്ചു.  കേരളത്തിൽ നിന്ന് കാൽനടയായി യാത്ര ആരംഭിച്ച ഷിഹാബിനെയും തീർത്ഥാടകനായി പരിഗണിക്കണമെന്നും വാഗാ അതിർത്തി വഴി പാകിസ്ഥാനിലേക്ക് കടക്കാൻ അനുവദിക്കണമെന്നും താജ് അഭ്യർത്ഥിച്ചു. 
 

Follow Us:
Download App:
  • android
  • ios