കോട്ടയം: നിഷാ ജോസ് കെ മാണിയെ സ്ഥാനാർത്ഥിയാക്കാതെ ജോസ് ടോം പുലിക്കുന്നേലിനെ പാലായിൽ മത്സരിക്കാനിറക്കിയതോടെ, അർദ്ധസമ്മതത്തിലായിരുന്ന പി ജെ ജോസഫ് ഒടുവിൽ യുഡിഎഫ് നേതൃത്വത്തിന് വഴങ്ങുന്നു. പാലായിൽ യുഡിഎഫിനായി പ്രവർത്തിയ്ക്കുമെന്ന് പി ജെ ജോസഫ് വ്യക്തമാക്കി. യുഡിഎഫിന്‍റെ പ്രചാരണത്തിൽ പങ്കെടുക്കും. യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചപ്പോൾ ഞങ്ങൾ പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ 'രണ്ടില'ച്ചിഹ്നത്തിൽ സാങ്കേതിക തടസ്സമുണ്ട്. ഇത് ചെന്നിത്തല തന്നെ വ്യക്തമാക്കിയതാണെന്നും ജോസഫ് പറഞ്ഞു.

'ചിഹ്നം മാണി'യെന്ന് ചെന്നിത്തല

അതേസമയം, രണ്ടിലച്ചിഹ്നത്തിലേ പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥി മത്സരിക്കൂ എന്ന് നിർബന്ധമൊന്നുമില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ചിഹ്നത്തിന്‍റെ കാര്യത്തിൽ നിയമോപദേശം തേടുന്നുണ്ട്. യുഡിഎഫ് മികച്ച വിജയം തന്നെ പാലായിൽ നേടും. പി ജെ ജോസഫ് യുഡിഎഫിനൊപ്പം ഉണ്ട്. മാണി സാർ തന്നെയാണ് ചിഹ്നമെന്നും ചെന്നിത്തല വ്യക്തമാക്കി. 

രണ്ടിലച്ചിഹ്നത്തിൽ സാങ്കേതിക പ്രശ്നമുണ്ടെന്ന കാര്യം ജോസ് കെ മാണിയും തുറന്ന് സമ്മതിക്കുന്നു. ഏത് ചിഹ്നത്തിലാകും ജോസ് ടോം മത്സരിക്കുകയെന്നതാണ് ഇനി കണ്ടറിയേണ്ടത്. പാർട്ടി ചിഹ്നം ജോസഫ് വിട്ടുകൊടുക്കുകയെന്നത് ജോസ് കെ മാണി സമ്മതിക്കില്ല. അങ്ങനെയെങ്കിൽ പാർട്ടി ചെയർമാൻ ജോസഫ് ആണെന്നത് ജോസ് കെ മാണി പരസ്യമായി സമ്മതിക്കുന്നത് പോലെയാകും. 

എല്ലാവരുമായി സഹകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് വ്യക്തമാക്കിയ ജോസ് കെ മാണി പി ജെ ജോസഫ് അടക്കമുള്ളവരുടെ പിന്തുണയുണ്ടാകുമെന്ന് തന്നെയാണ് കരുതുന്നതെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം ഇന്ന് പാലായിൽ പ്രചാരണം തുടങ്ങിയ ജോസ് ടോം ജോസ് കെ മാണിക്കൊപ്പം ആദ്യം പോയത്  പാലാ ബിഷപ്പിനെ കാണാനാണ്. പാലാ ബിഷപ്പ് ജോസഫ് കല്ലറക്കാട്ട് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തെന്ന്  ജോസ് ടോം വ്യക്തമാക്കി. പാലായിലെ ജനങ്ങള്‍ തന്നെ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ജോസ് ടോം.

ജോസ് കെ മാണി വിഭാഗം നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥിയെ ഗത്യന്തരമില്ലാതെ അംഗീകരിച്ചെങ്കിലും  പാര്‍ട്ടി ചിഹ്നമായ രണ്ടില വിട്ടുകൊടുക്കാന്‍ പി ജെ ജോസഫ് തയ്യാറാവുന്നില്ലെന്നതാണ് യുഡിഎഫിന് മുന്നിലെ അടുത്ത പ്രതിസന്ധി. ചിഹ്നത്തെ സംബന്ധിച്ച് നിയമപരമായ കാര്യങ്ങള്‍ പരിശോധിക്കുമെന്നായിരുന്നു, യുഡിഎഫ് നേതാക്കള്‍ നടത്തിയ ചര്‍ച്ചക്ക് ശേഷം ജോസഫ് പറഞ്ഞത്. എന്നാല്‍, ചിഹ്നത്തിനായി ആരുടെയും ഔദാര്യത്തിന് കാത്തുനില്‍ക്കില്ലെന്ന് ജോസ് ടോം പ്രഖ്യാപിച്ചു.

ചിഹ്നം വേണ്ടെന്ന് സ്ഥാനാർത്ഥി തന്നെ പറഞ്ഞ സാഹചര്യത്തിൽ ആ പ്രശ്നം ഉദിക്കുന്നില്ലെന്നായിരുന്നു  പി ജെ ജോസഫിന്‍റെ മറുപടി. ഇതിനിടെയാണ് ചിഹ്നം രണ്ടില തന്നെ വേണമെന്നില്ലെന്ന് യുഡിഎഫ് നിലപാടെടുക്കുന്നത്. ർ

തൽക്കാലം ഇരുപക്ഷവും വഴങ്ങിയ സാഹചര്യത്തിൽ, ഇനി പാലാ പോര് എങ്ങനെയാകുമെന്ന് കണ്ടറിയണം. ഇടത് സ്ഥാനാർത്ഥി മാണി സി കാപ്പൻ പ്രചാരണം തകൃതിയായി നടത്തുന്നു. എൻഡിഎ സ്ഥാനാർത്ഥിയെ ബിജെപി കേന്ദ്രനേതൃത്വം ഇന്ന് പ്രഖ്യാപിക്കും.