എൽഡിഎഫിന്റെയും വിമത കൗൺസിലർമാരുടെ പിന്തുണയോടെ മായാ രാഹുലും യുഡിഎഫിനായി റിയാ ചീരാങ്കുഴിയും നോമിനേഷൻ നൽകി. 26 കൗൺസിലർമാരിൽ 17 പേരുടെ പിന്തുണ മായ രാഹുലിന് ലഭിക്കും.
കോട്ടയം: പാലാ നഗരസഭയിൽ ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് പൂർത്തിയായി. എൽഡിഎഫിന്‍റെയും യുഡിഎഫ് വിമതരുടേയും പിന്തുണയുള്ള മായ രാഹുലും യുഡിഎഫ് ഔദ്യോഗിക സ്ഥാനാർത്ഥിയായ റിയ ചീരാംകുഴിയും നോമിനേഷൻ നൽകി. 26 കൗൺസിലർമാരിൽ 17 പേരുടെ പിന്തുണ മായ രാഹുലിന് ലഭിക്കും. പാലാ മുനിസിപ്പൽ കൗൺസിലിൽ രണ്ടാം ടേമിലും വിജയിച്ച മായാ രാഹുൽ 19-ാം വാർഡിനെയാണ് പ്രതിനിധീകരിക്കുന്നത്. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിലൂടെയാണ് മുൻ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം പുറത്തായത്.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ എന്ന രീതിയിൽ ദിയ ബിനുപുളിക്കകണ്ടം പേരെടുത്തിരുന്നു. എന്നാൽ വെറും ആറുമാസത്തെ ഭരണത്തിന് ശേഷം എൽഡിഎഫ് അവിശ്വാസ പ്രമേയത്തെത്തുടർന്ന് ദിയ ബിനു പുളിക്കക്കണ്ടം പുറത്തായ സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നത്. കോൺഗ്രസിലെ നാല് കൗൺസിലർമാരുടെയും സ്വതന്ത്രയായ നഗരസഭ ഉപാധ്യക്ഷയുടെയും വോട്ടിന്റെ പിൻബലത്തിലാണ് എൽഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായത്. ചർച്ചയിൽ പങ്കെടുക്കരുത് എന്ന പാർട്ടി വിപ്പ് ലംഘിച്ചാണ് നാല് കോൺഗ്രസ് കൗൺസിലർമാർ അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തത്.
