പാലക്കാട്: പാലക്കാട് നഗരസഭ സ്ഥാനാർത്ഥി പട്ടികയെ ചൊല്ലി ബിജെപിയിൽ ഭിന്നത. അതൃപ്തി പരസ്യമാക്കി ബിജെപി ദേശീയ കൗൺസിൽ അംഗം എസ്.ആർ. ബാലസുബ്രഹ്മണ്യം മത്സരത്തിൽ നിന്ന് പിന്മാറി. വിജയ സാധ്യതയുള്ള സീറ്റുകളിൽ നിന്ന് മാറ്റിനിർത്തി പാർട്ടി അവഗണിച്ചെന്ന് ബാലസുബ്രഹ്മണ്യം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുതിർന്ന നേതാക്കളെ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ ബിജെപിയിലെ ഒരു വിഭാഗം കടുത്ത പ്രതിഷേധത്തിലാണ്. 

ബിജെപി ഭരിക്കുന്ന കേരളത്തിലെ ഏക നഗരസഭയായ പാലക്കാട് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെ പാർട്ടിയിൽ തർക്കങ്ങൾ ഉടലെടുക്കുകയായിരുന്നു. മത്സരിക്കാൻ താത്പര്യമറിയിച്ച സിറ്റിംഗ് സീറ്റുകളിൽ നിന്ന് മാറ്റി നിർത്തി പുത്തൂർ നോർത്തിൽ സ്ഥാനാർത്ഥിയാക്കിയതാണ് ബിജെപിയുടെ മുതിർന്ന നേതാവായ എസ്ആർ ബാലസുബ്രഹ്മണ്യത്തെ ചൊടിപ്പിച്ചത്. തന്നോട് ആലോചിക്കാതെയെടുത്ത പാർട്ടി നടപടിയിൽ പ്രതിഷേധിച്ചാണ് മത്സരത്തിൽ നിന്ന് പിന്മാറിയതെന്ന് ബാലസുബ്രഹ്മണ്യം പറയുന്നു.

ബാലസുബ്രഹ്മണ്യം പിന്മാറിയതോടെ ബിജെപി ജില്ല അധ്യക്ഷൻ ഇ. കൃഷ്ണദാസിനോട് മത്സരത്തിനിറങ്ങാൻ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു പതിറ്റാണ്ടിലേറെ കാലം നഗരസഭ കൗൺസിലറായ ബാലസുബ്രമണ്യത്തെ കൂടാതെ പട്ടികയിൽ ഇടം പിടിക്കാതെ പോയ ഒട്ടനവധി നേതാക്കളും ജില്ല കമ്മിറ്റിയെ പ്രതിഷേധമറിയിച്ചിട്ടുണ്ട്.

കൂടിയാലോചനകളില്ലാതെ സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറും ഇ. കൃഷ്ണദാസും ചേർന്ന് താത്പര്യമുള്ളവരെ സ്ഥാനാർത്ഥി പട്ടികയിൽ തിരുകി കയറ്റിയെന്നാണ് ആരോപണം. സി. കൃഷ്ണകുമാർ മത്സരിച്ചിരിന്ന വാർഡിൽ ഭാര്യ മിനി കൃഷ്ണകുമാറിനെ മത്സരത്തിനിറക്കിയതും പാർട്ടിക്കുള്ളിൽ അതൃപ്തി പുകയാൻ ഇടയാക്കി.