കൃഷ്ണകുമാർ ശക്തനായ എതിരാളിയെന്ന് സരിൻ; ബിജെപിയിലെ തമ്മിലടി നേട്ടമാകുമെന്ന് രാഹുൽ; ജയപ്രതീക്ഷയിൽ കൃഷ്ണകുമാർ
പാലക്കാട് ഉപതെരഞ്ഞെടുപ്പിൻ്റെ പ്രചാരണം ശക്തമാവുകയാണ്. പ്രചാരണ തിരക്കിലാണ് സ്ഥാനാർത്ഥികൾ.
പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ വലിയ ജയപ്രതീക്ഷയിലാണ് മുന്നണികൾ. ഒരു വശത്ത് യുവ നേതാക്കൾ പരസ്യ വിമർശനം ഉയർത്തുമ്പോഴും ചിട്ടയായ പ്രവർത്തനത്തോടെ പ്രചാരണവുമായി മുന്നോട്ട് പോവുകയാണ് കോൺഗ്രസ്. അതിനിടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പിന്നിലായ ബിജെപിയിൽ സ്ഥാനാർത്ഥിത്വത്തിലെ അസ്വാരസ്യങ്ങളും ഉയർന്നിട്ടുണ്ട്. കെ.സുധാകരന്റെ പ്രാണി പ്രയോഗത്തിൽ മറുപടിയുമായി പാലക്കട്ടെ ഇടതു സ്ഥാനാർഥി പി സരിനും രംഗത്ത് വന്നു.
പ്രതീക്ഷയോടെ സ്ഥാനാർത്ഥി, ബിജെപിയിൽ പടലപ്പിണക്കം
സരിൻ ഇടത് സ്ഥാനാർഥി ആയത് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി.കൃഷ്ണകുമാറിൻ്റെ വാദം. കോൺഗ്രസിന് വലിയ ക്ഷീണം ഉണ്ടാകുമെന്നും കോൺഗ്രസ് വോട്ടുകളിൽ സരിൻ ഭിന്നിപ്പുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി ബിജെപി വിജയത്തിന്റെ പ്രതീകമാണ്. അദ്ദേഹം പാലക്കാട് പ്രചാരണത്തിന് എത്തുമെന്നും കൃഷ്ണകുമാർ പറയുന്നു.
എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞിട്ടും പാലക്കാട് ബിജെപിയിലെ പൊട്ടിത്തെറി അവസാനിക്കുന്നില്ല. ശോഭ സുരേന്ദ്രനെ തഴഞ്ഞതിൽ ഒരു വിഭാഗം നേതാക്കൾ ഇടഞ്ഞു നിൽക്കുകയാണ്. ശോഭയ്ക്ക് വേണ്ടി വാദിച്ച ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ ഉൾപ്പെടെയുള്ളവരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി സംസ്ഥാന നേതൃത്വം.
നേട്ടം തങ്ങൾക്കാകുമെന്ന് കോൺഗ്രസ്
പാലക്കാട് ബിജെപിക്കകത്തെ തമ്മിലടി കോൺഗ്രസിന് ഗുണം ചെയ്യുമെന്ന് പാലക്കാട് ഫിഷ് മാർക്കറ്റിൽ അതിരാവിലെ പ്രചാരണത്തിനെത്തിയ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ബിജെപി നേതാവ് ശിവരാജന്റെ നിലപാടും ബിജെപിയുടെ നിഷേധ വോട്ടും യുഡിഫിന് ഗുണകരമാകുമെന്ന പ്രതീക്ഷയാണ് അദ്ദേഹം പങ്കുവെച്ചത്. രാഹുലിനെതിരെ കോൺഗ്രസിൽ നിഷേധ വോട്ട് തങ്ങൾക്ക് ലഭിക്കുമെന്ന സിപിഎം പ്രചരണം വിലപ്പോകില്ലെന്നായിരുന്നു ഷാഫി പറമ്പിലിൻ്റെ പ്രതികരണം. ശബരിമലയിലെ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് വിമർശിച്ച അദ്ദേഹം ഭരണകൂടത്തിനെതിരായ നിഷേധ വോട്ട് കോൺഗ്രസിന് അനുകൂലമെന്നും ഷാഫി ചൂണ്ടിക്കാട്ടി.
സുധാകരൻ്റെ പ്രാണി പ്രയോഗത്തിൽ സരിൻ
കെ.സുധാകരൻ തന്നെ പ്രാണിയോട് ഉപമിച്ചതിൽ തെറ്റില്ലെന്ന് പറഞ്ഞ ഇടത് സ്ഥാനാർത്ഥി സരിൻ, പ്രാണി പ്രയോഗം തന്റെ വലിപ്പം കാണിക്കാനോ, അത്ര നഷ്ടമേ പാർട്ടിക്ക് ഉള്ളു എന്ന് കാണിക്കാനോ ആയിരിക്കില്ലെന്ന് പറഞ്ഞു. കൊഴിഞ്ഞു പോകുന്നവർ പാർട്ടിയെ ക്ഷീണിപ്പിക്കില്ല എന്ന പോസറ്റീവ് അർത്ഥത്തിലാവും പറഞ്ഞത്. ആ പ്രയോഗത്തിൽ അതൃപ്തി ഇല്ല. കെ സുധാകരന്റെ പ്രയോഗത്തിലെ അർത്ഥവും വ്യാപ്തിയും നന്നായി അറിയാം. കെ.സുധാകരന് ഇപ്പോഴും സ്നേഹമുണ്ടാകും എന്ന് തന്നെയാണ് വിശ്വാസം. കോൺഗ്രസ് ശക്തിപ്പെടട്ടെ എന്ന് തന്നെയാണ് ഇപ്പോഴും ആഗ്രഹിക്കുന്നത്. ഇറങ്ങി വന്നത് ഒറ്റക്കാണ് എന്നത് ദൗർബല്യമല്ല. കോൺഗ്രസിനകത്തെ ആളുകളെ വലിച്ചു പുറത്തിടുക എന്നതല്ല എന്റെ പ്രതികാരം. ഇനി കോൺഗ്രസ് നേതാക്കളെ കുറിച്ചൊന്നും പറഞ്ഞു ചർച്ച വഴി തിരിക്കാൻ ആഗ്രഹിക്കുന്നില്ല. സി.കൃഷ്ണകുമാർ ശക്തനായ എതിരാളിയാണെന്നും പരിചയപെടുത്തൽ ആവശ്യമില്ലാത്ത മുഖമാണെന്നും സരിൻ പറഞ്ഞു.