കനത്ത മഴയെ തുടർന്ന് നെല്ലിയാമ്പതി ചുരത്തിൽ മണ്ണിടിച്ചിലിനും പാറവീഴ്ചയ്ക്കും സാധ്യതയുള്ളതിനാൽ ജില്ലാ കലക്ടർ കർശന നിയന്ത്രണം ഏർപ്പെടുത്തി. വിനോദസഞ്ചാരം പൂർണ്ണമായും നിരോധിച്ചതിനൊപ്പം, വൈകുന്നേരം 6 മുതൽ രാവിലെ 6 വരെ രാത്രികാല യാത്രാ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

പാലക്കാട്: നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍. മഴ കനക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. നെല്ലിയാമ്പതി ചുരം റോഡില്‍ കനത്ത പാറവീഴ്ചയ്ക്കും മണ്ണിടിച്ചിലിനും സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന അറിയിപ്പിന് പിന്നാലെയാണ് ചുരം റോഡിലൂടെയുള്ള വിനോദസഞ്ചാരത്തിനും രാത്രികാല ഗതാഗതത്തിലും കര്‍ശന യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഈ നിയന്ത്രണം നെല്ലിയാമ്പതിയിലെ താമസക്കാർക്കും ബാധകമാണ്. നെല്ലിയാമ്പതി പ്രദേശവാസികൾക്ക് ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തിൽ മാത്രമേ ഇതുവഴി യാത്ര അനുവദിക്കൂ. പുറത്തുനിന്നുള്ളവര്‍ക്ക് ചുരത്തിലൂടെയുള്ള പ്രവേശനം പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. വിനോദസഞ്ചാര ആവശ്യങ്ങള്‍ക്കായുള്ള എല്ലാവിധ യാത്രകളും, ചുരം വഴിയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതവും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. മറ്റെല്ലാ വാഹനങ്ങള്‍ക്കും വൈകുന്നേരം 6 മുതല്‍ രാവിലെ 6 മണിവരെ രാത്രികാല യാത്രാ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.