പാലക്കാട്: നാലു കൊവിഡ് പോസിറ്റീവ് കേസുകൾ മാത്രമേ സ്ഥിരീകരിച്ചുളളൂവെങ്കിലും അതീവ ജാഗ്രതയിലാണ് പാലക്കാട്. വാളയാറിൽ ഡ്യൂട്ടിയെടുത്ത ഒരു ആരോഗ്യപ്രവർത്തകയ്ക്ക് കൂടി രോഗബാധയുണ്ടായതിനെ ഗൗരവമായാണ് ജില്ലാഭരണ കൂടം സമീപിക്കുന്നത്. നാളെ മുതൽ പാലക്കാട് നിരോധനാജ്ഞ നിലവിൽ വരും

പത്തൊൻപത് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് തൊട്ടടുത്ത ദിവസമാണ് നാലുപേർക്ക് കൂടി രോഗബാധയുണ്ടായത്. എണ്ണത്തിൽ കുറവുണ്ടെങ്കിലും പാലക്കാട് കനത്ത ജാഗ്രതയിലാണ്. നാൽപ്പത്തെട്ടുപേരാണ് ആശുപത്രിയിൽ ചികിത്സയിലുളളത്.  ഈമാസം 11ന് ഇൻഡോറിൽ നിന്നെത്തിയ ചാലിശ്ശേരി സ്വദേശി, ചെന്നൈയിൽ നിന്ന് 13 ന് എത്തിയ മലമ്പുഴ സ്വദേശി, തൊട്ടടുത്ത ദിവസ ചെന്നൈിൽ നിന്നെത്തിയ കഞ്ചിക്കോട് സ്വദേശി എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു. ഇവർക്കൊപ്പം കൊവിഡ് പോസിറ്റീവായത് വാളയാറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന തൃശ്ശൂർ പഴയന്നൂർ സ്വദേശിയായ യുവതിക്കാണ്.

തുടർച്ചയായ രണ്ടാം ദിവസമാണ് പാലക്കാട് ആരോഗ്യപ്രവർത്തകർക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്. വാളയാറിൽ ആരോഗ്യപ്രവർത്തകർക്കുൾപ്പെടെ കൂടുതൽ സുരക്ഷിതമായ അന്തരീക്ഷം വേണമെന്നാവശ്യമുയരുന്നതിനിടെയാണ് ആശങ്കയുളവാക്കുന്ന കണക്കുകൾ. രോഗബാധ കൂടുന്ന സാഹചര്യത്തിൽ പുതുതായി ഏഴ് ഹോട്ട് സ്പോട്ടുകൾ കൂടിയുണ്ട്. ഒറ്റപ്പാലം നഗരസഭ, അമ്പലപ്പാറ, വെളളിനേഴി, വല്ലപ്പുഴ, പെരുമാട്ടി മുണ്ടൂർ, കടമ്പഴിപ്പുറം എന്നീ പഞ്ചായത്തുകളെയാണ് പുതുതായി പട്ടികയിൽ ഉൾപ്പെടുത്തിയത്.

ജാഗ്രതയുടെ ഭാഗമായി തിങ്കളാഴ്ച മുതൽ പാലക്കാട് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നാലിലധികം ആളുകൾ സംഘം ചേരുന്നത് ഒഴിവാക്കണം. ലോക് ഡൗൺ ഇളവുകൾ പ്രകാരം കടകളുൾപ്പെടെ തുറന്ന് പ്രവർത്തിക്കാമെങ്കിലും കൂടുതൽ ആളുകളെത്തുന്നത് ഒഴിവാക്കാനാണ് നിയന്ത്രണം. പരീക്ഷകൾ പതിവുപോലെ നടക്കും. കെഎസ്ആർടിസി സർവ്വീസ് നടത്തും. രാവിലെ 7 മുതൽ രാത്രി 7 വരെയുളള യാത്രകൾക്കും നിയന്ത്രണമില്ല. എന്നാൽ റെഡ്സോൺ മേഖലയിൽ കർശന നിയന്ത്രണമുണ്ടാകും. അതിർത്തിയിൽ പരിശോധനയും പൊലീസ് വിന്യാസവും ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.