പാലക്കാട് വാണിയംകുളത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ വിനേഷിനെ കൊലപ്പെടുത്താൻ ശ്രമിച്ചല്ല ആക്രമണം നടത്തിയതെന്ന് പ്രതികൾ മൊഴി നൽകി. ആക്രമണം വ്യക്തിവിരോധം മൂലമെന്നാണ് പൊലീസിൻ്റെ നിഗമനം. വിനേഷിൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

പാലക്കാട്: വാണിയംകുളത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ വിനേഷിനെതിരെ നടന്ന ക്രൂരമായ ആക്രമണത്തിന് പിന്നിൽ വ്യക്തിവിരോധമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളുണ്ടോയെന്ന് പരിശോധിക്കുന്നതായും പൊലീസ് വ്യക്തമാക്കി. കസ്റ്റഡിയിലുള്ള പ്രതികളോട് വിശദമായി ചോദ്യം ചെയ്യൽ തുടരുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. ബാറിൽ ഉണ്ടായിരുന്ന വിനേഷിനെ, ബാറിൽ നിന്ന് വിളിച്ചിറക്കിയാണ് പ്രതികൾ ആക്രമിച്ചത്. വിനേഷ് ബാറിലുണ്ടെന്ന് നേരത്തെ തന്നെ മനസിലാക്കിയാണ് പ്രതികൾ ആക്രമണത്തിന് പദ്ധതിയിട്ടതെന്നും പൊലീസ് കണ്ടെത്തി.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം വിനേഷിനെ ആക്രമിച്ചത് കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെയല്ലെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി. വിനേഷ് ഫേസ്ബുക്കിൽ നടത്തിയ പ്രസ്താവനകളും പോസ്റ്റുകളും നിരന്തരം പ്രകോപനമേൽപ്പിച്ചെന്നും പ്രതികൾ മൊഴി നൽകിയതായി പൊലീസ് പറയുന്നു. ഭീഷണിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ആക്രമിച്ചതെന്നും ഈ സമയത്ത് ആയുധങ്ങൾ കൈവശമുണ്ടായിരുന്നില്ലെന്നും പ്രതികൾ വ്യക്തമാക്കി. പൊലീസ് കൂടുതൽ തെളിവുകൾ ശേഖരിച്ച് രാഷ്ട്രീയ ബന്ധങ്ങൾ ഉണ്ടോയെന്ന് വ്യക്തമാക്കുന്നതിനായി അന്വേഷണം വിപുലീകരിച്ചിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിനേഷിൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.