Asianet News MalayalamAsianet News Malayalam

Thrissur Mayor : 'ജനസേവനത്തിന് എന്തിനാണ് പ്രോട്ടോക്കോളും ഫോട്ടോയും?' തൃശ്ശൂർ മേയറെ 'കൊട്ടി' ഇ കൃഷ്ണദാസ്

 ജനസേവകർ എന്ന നിലയിൽ പ്രവർത്തിക്കുവാൻ പ്രോട്ടോക്കോളും ഫോട്ടോയും ആവശ്യമില്ല.  തൃശ്ശൂർ കോർപ്പറേഷൻ മേയറുടെ നിലപാട് ഒരു ജനപ്രതിനിധിക്ക് ചേർന്നതല്ലെന്നും ബിജെപി സംസ്ഥാന ട്രഷറർ കൂടിയായ കൃഷ്ണദാസ് പ്രതികരിച്ചു. 

palakkad e krishnadas reaction to complaint of thrissur mayor m k varghese
Author
Palakkad, First Published Dec 8, 2021, 1:08 PM IST

പാലക്കാട്: പാലക്കാട് നഗരസഭ (Palakkad corporaton) നടത്തുന്ന പരിപാടികളുടെ പോസ്റ്ററിൽ നിന്ന് തൻറെ ഫോട്ടോ ഒഴിവാക്കണമെന്ന് വൈസ് ചെയർമാൻ ഇ കൃഷ്ണദാസ് (E Krishnadas) . ന​ഗരസഭ ചെയർമാൻ  പ്രിയ അജയ്നോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.  ജനസേവകർ എന്ന നിലയിൽ പ്രവർത്തിക്കുവാൻ പ്രോട്ടോക്കോളും ഫോട്ടോയും ആവശ്യമില്ല.  തൃശ്ശൂർ കോർപ്പറേഷൻ മേയറുടെ (Thrissur Mayor) നിലപാട് ഒരു ജനപ്രതിനിധിക്ക് ചേർന്നതല്ലെന്നും ബിജെപി (BJP)  സംസ്ഥാന ട്രഷറർ കൂടിയായ കൃഷ്ണദാസ് പ്രതികരിച്ചു. 

ഫ്‌ളക്‌സ് ബോര്‍ഡിലെ ഫോട്ടോ ചെറുതായിപ്പോയെന്ന കാരണത്താൽ പൂങ്കുന്നം ഗവ. സ്‌കൂളിലെ പരിപാടിയില്‍ നിന്ന് തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസ് വിട്ടുനിന്നത് വാർത്തയായിരുന്നു. വിജയദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ സ്ഥാപിച്ച പ്രചാരണ ബോര്‍ഡാണ് മെയറെ ചൊടിപ്പിച്ചത്. പ്രചാരണ ബോര്‍ഡിലെ തന്റെ ചിത്രം ചെറുതായതിനാലാണ് പരിപാടിയില്‍നിന്ന് മടങ്ങിയതെന്നും മേയര്‍ പദവിയെ അപമാനിക്കുന്നതാണ് ചിത്രമെന്നും ഇനിയും ഇതുപോലെ പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബോര്‍ഡില്‍ എം എല്‍ എ പി ബാലചന്ദ്രന്റെ ചിത്രമാണ് വലുതാക്കി വെച്ചിരുന്നത്. പ്രോട്ടോക്കോൾ പ്രകാരം എംഎൽഎയെക്കാൾ സ്ഥാനം മേയർക്കാണ് എന്നും അദ്ദേഹം പറഞ്ഞു. സംഭവം വിവാദമായതോടെ എംഎൽഎയും ചടങ്ങിനെത്തിയില്ല. കോര്‍പ്പറേഷനാണ് സ്‌കൂളിന്റെ നടത്തിപ്പ് ചുമതല. മേയറുടെയും എംഎല്‍എയുടെയും അഭാവത്തില്‍ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍എ ഗോപകുമാറാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. 

"അവിടെയൊരു പരിപാടി നടക്കുമ്പോള്‍ കോര്‍പറേഷന്‍ അറിയണം. നോട്ടീസിനും ബോര്‍ഡിനുമെല്ലാം കോര്‍പറേഷന്റെ അനുമതി വേണം. എംഎല്‍എയുടെ ചിത്രം വലുതാകുന്നതില്‍ പ്രശ്‌നമില്ല. എന്നോട് ചോദിക്കേണ്ടതായിരുന്നു. പ്രോട്ടോക്കോള്‍ പ്രകാരം മേയറുടെ ഉടമസ്ഥതയിലുള്ള സ്‌കൂളില്‍ മേയര്‍ക്കാണ് ഉയര്‍ന്ന സ്ഥാനം. മേയറുടെ ചിത്രം ചെറുതാക്കിയത് പദവിയെ അപമാനിക്കാനാണ്. ഈ നടപടി അംഗീകരിക്കാനാകില്ല" മേയര്‍ വര്‍ഗീസ് പറഞ്ഞു. 

ഔദ്യോഗിക കാറിൽ താൻ പോകുമ്പോൾ പൊലീസുകാർ സല്യൂട്ട് തരുന്നില്ലെന്ന് നേരത്തേ മേയർ പറഞ്ഞത് വിവാദമായിരുന്നു. എം കെ വർഗീസിനെ ആരും ബഹുമാനിക്കണ്ട, പക്ഷേ മേയർ എന്ന പദവിയെ ബഹുമാനിച്ചേ തീരൂവെന്നും സല്യൂട്ട് തരാൻ ഉത്തരവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിജിപിക്ക് പരാതി നൽകുകയും ചെയ്തു. പ്രോട്ടോക്കോൾ പ്രകാരം ഗവർണർക്കും മുഖ്യമന്ത്രിക്കും ശേഷം മൂന്നാം സ്ഥാനമാണ് കോർപ്പറേഷൻ മേയർക്ക്. സല്യൂട്ട് നൽകാത്ത വിഷയം താൻ പല തവണ ഉന്നയിച്ചു. എന്നിട്ടും പൊലീസ് മുഖം തിരിച്ചു. മേയറെ കാണുമ്പോൾ പൊലീസ് തിരിഞ്ഞു നിൽക്കുന്ന സാഹചര്യമാണ് എന്നും എം കെ വ‍ർഗീസ് ആരോപിച്ചിരുന്നു. 

Read Also: 'അർഹമായ പരിഗണനയില്ല, സല്യൂട്ടിൽ ഡിജിപിക്ക് ഒരു മറുപടി തന്നുകൂടേ?' പരാതി തീരാതെ മേയർ


 

Follow Us:
Download App:
  • android
  • ios