കോണ്‍ഗ്രസിലെ പടല പിണക്കങ്ങള്‍ നേട്ടമാകുമെന്ന പ്രതീക്ഷയില്‍ ഗ്രാമീണ മേഖല കേന്ദ്രീകരിച്ചാണ് ഇടതു മുന്നണിയുടെ പ്രചാരണം മുന്നേറുന്നത്. പി സരിന്‍റെ സ്ഥാനാര്‍ത്ഥിത്വം ഇടതു മുന്നണിയില്‍ നിഷേധ വോട്ടുകള്‍ക്ക് ഇടയാക്കുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്.

പാലക്കാട്: രാഷ്ട്രീയ ട്വിസ്റ്റുകള്‍ കൊണ്ട് ശ്രദ്ധ നേടുന്ന പാലക്കാട് മണ്ഡലത്തില്‍ മൂന്ന് മുന്നണികളുടേയും പ്രചാരണം ചൂടുപിടിക്കുന്നു. കോണ്‍ഗ്രസിലെ പടല പിണക്കങ്ങള്‍ നേട്ടമാകുമെന്ന പ്രതീക്ഷയില്‍ ഗ്രാമീണ മേഖല കേന്ദ്രീകരിച്ചാണ് ഇടതു മുന്നണിയുടെ പ്രചാരണം മുന്നേറുന്നത്. പി സരിന്‍റെ സ്ഥാനാര്‍ത്ഥിത്വം ഇടതു മുന്നണിയില്‍ നിഷേധ വോട്ടുകള്‍ക്ക് ഇടയാക്കുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. ശക്തികേന്ദ്രമായ പാലക്കാട് നഗരസഭയ്ക്ക് പുറമേ പഞ്ചായത്തുകളില്‍ കൂടി കരുത്ത് തെളിയിക്കാനായാൽ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ.

ത്രികോണ മത്സരമാണ് പാലക്കാട്. അതുകൊണ്ടു തന്നെ പോരാട്ടവും കടുക്കും. കോണ്‍ഗ്രസിലുണ്ടായ പടല പിണക്കം അവരുടെ ശക്തി കേന്ദ്രങ്ങളില്‍ ആഴത്തില്‍ ചലനമുണ്ടാക്കിയിട്ടുണ്ടെന്ന കണക്കു കൂട്ടലിലാണ് ഇടതു മുന്നണി. പി സരിനെന്ന പഴയ കോണ്‍ഗ്രസുകാരനിലൂടെ അതൃപ്തരില്‍ ഒരു വിഭാഗത്തെ ഒപ്പം കൂട്ടാനാകുമെന്ന പ്രതീക്ഷയിലാണ് ഇടതു ക്യാമ്പ്. സരിനെ സ്ഥാനാർത്ഥിയാക്കിയതില്‍ ഇടത് പ്രവര്‍ത്തകര്‍ക്ക് ആശയക്കുഴപ്പമുണ്ടാകാതിരിക്കാന്‍ രാഷ്ട്രീയ സാഹചര്യം വിശദീകരിച്ചാണ് താഴേ തട്ടില്‍ കണ്‍വെൻഷനുകള്‍ സംഘടിപ്പിക്കുന്നത്.

യുഡിഎഫ് ക്യാമ്പില്‍ പ്രചാരണം സംബന്ധിച്ച അസ്വാരസ്യങ്ങള്‍ ആദ്യമുയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ ചിട്ടയിലാണ് കാര്യങ്ങള്‍. സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം നിഴല്‍ പോലെയാണ് ഷാഫി പറമ്പില്‍ എംപി. രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നെങ്കിലും പാലക്കാട് നഗരസഭയില്‍ ഷാഫിക്കുള്ള സ്വാധീനം നേട്ടമാകുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കു കൂട്ടല്‍. ശക്തികേന്ദ്രമായ പിരായിരി പഞ്ചായത്തിലും വോട്ട് 12,000 കടക്കുമെന്ന് യുഡിഎഫ് കണക്കു കൂട്ടുന്നു. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം മൂന്ന് ദിവസം കൂടുമ്പോള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേരിട്ടാണ് വിലയിരുത്തുന്നത്.

എ പ്ലസ് മണ്ഡലമായ പാലക്കാട് വിജയത്തില്‍ കുറഞ്ഞതൊന്നും ഇത്തവണ എന്‍ഡിഎ ലക്ഷ്യമിടുന്നില്ല. ആര്‍ എസ് എസാണ് അടിത്തട്ട് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ബിജെപിക്ക് മൂത്താന്‍ സമുദായത്തിലുള്ള സ്വാധീനം പാലക്കാട് നഗരസഭയില്‍ മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. മുപ്പതിനായിരത്തിലധികം വോട്ട് പാലക്കാട് നഗരസഭയില്‍ നിന്നും എന്‍ഡിഎ പ്രതീക്ഷിക്കുന്നുണ്ട്.

പ്രിയങ്കയ്ക്കായി വീടുകയറി വോട്ടുറപ്പിക്കാൻ കോൺ​ഗ്രസ്; ഗൃഹസന്ദ‍ർശനം രാജ്‍മോഹൻ ഉണ്ണിത്താന്‍റെ നേതൃത്വത്തിൽ

YouTube video player