Asianet News MalayalamAsianet News Malayalam

പാലക്കാട് നഗരസഭയിൽ ദേശീയപതാക ഫ്ലക്സ് ഉയർത്തി ഡിവൈഎഫ്ഐ പ്രവർത്തകർ

നേരത്തെ പ്രവർത്തകർ സ്ഥലത്തേക്ക് മാർച്ച് നടത്തിയിരുന്നു. പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. നഗരസഭയ്ക്ക് മുന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകർ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. 

palakkad municipality dyfi national flag flux
Author
Palakkad, First Published Dec 18, 2020, 12:33 PM IST

പാലക്കാട്: ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ഫ്ലക്സ് തൂക്കിയ പാലക്കാട് നഗരസഭ കെട്ടിടത്തിൽ ഡിവൈ എഫ്ഐ പ്രവർത്തകർ ദേശീയപതാകയുടെ ഫ്ലക്സ് ഉയർത്തി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബിജെപി പ്രവർത്തകരുടെ പ്രവർത്തിയിൽ പ്രതിഷേധിച്ച് നഗരസഭയിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ  പ്രവർത്തകർ നഗരസഭയ്ക്ക് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. 

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനത്തിൽ പാലക്കാട് നഗരസഭയുടെ ഭരണമുറപ്പാക്കിയതിന് പിന്നാലെ നഗരസഭാ മന്ദിരത്തിൽ കയറിയ ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ഫ്ലക്സ് തൂക്കിയതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സിപിഎമ്മും കോൺഗ്രസും അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും നഗരസഭാ സെക്രട്ടറിയുമടക്കം സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഭരണഘടനാ സ്ഥാപനമായ മുനിസിപ്പൽ ഓഫീസിന് മുകളിൽ കയറി ഹിന്ദുത്വ മുദ്രാവാക്യം മുഴക്കുകയും 'ജയ് ശ്രീറാം' എന്ന ബാനർ ചുവരിൽ വിരിക്കുകയും ചെയ്തത് ബിജെപി നേതാക്കളുടെ അറിവോടെ സംഘപരിവാർ പ്രവർത്തകരെ ഉപയോഗിച്ചാണെന്ന് ടൗൺ സൗത്ത് പൊലീസിൽ നൽകിയ പരാതിയിൽ സിപിഎം ആരോപിച്ചു.

നഗരസഭാ സെക്രട്ടറി നൽകിയ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ജയ് ശ്രീരാം ഫ്ലക്സ് തൂക്കിയതിൽ മാത്രമാണ് കേസെടുത്തത്. എന്നാൽ ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ബിജെപി കൗണ്‍സിലര്‍മാരും പോളിങ് ഏജന്‍റുമാരും പ്രതികളാകും. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും പ്രതിപ്പട്ടിക തയാറാക്കുന്നത് തെളിവുശേഖരിച്ച ശേഷമാകുമെന്ന നിലപാടിലാണ് പൊലീസ്. വോട്ടിങ് സെന്‍ററുള്‍പ്പെടുന്ന കെട്ടിടത്തിലേക്ക് കൗണ്ടിങ് ഏജന്റുമാരെയും സ്ഥാനാർത്ഥികളെയും റവന്യൂ ഉദ്യോഗസ്ഥർ ഉൾപ്പെടെ പരിശോധിച്ചാണ് കടത്തിവിട്ടതെന്നും അതിനാൽ സുരക്ഷാ വീഴ്ചയുണ്ടെന്ന് പറയാനാവില്ലെന്നുമാണ് പൊലീസ് പ്രതികരണം. 
 

Follow Us:
Download App:
  • android
  • ios