പാലക്കാട് ആര്‍എസ്എസ് നേതാവിന്‍റെ കൊലപാതകം; കൊലയാളി സംഘത്തിൽ ഉണ്ടായിരുന്നത് 6 പേര്‍, കൂടുതൽ വിവരം പുറത്ത്
ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പാലക്കാട് മേലാമുറിയിൽ വെച്ച് അഞ്ചംഗ സംഘം ശ്രീനിവാസനെ വെട്ടിക്കൊന്നത്. പാലക്കാട്ടെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ആളാണ് ശ്രീനിവാസൻ.

പാലക്കാട് : പാലക്കാട് മേലാമുറിയിൽ ആര്‍എസ്എസ് (RSS) നേതാവ് ശ്രീനിവാസന്‍റെ കൊലപാതകത്തില്‍ കൂടുതൽ വിവരം പുറത്ത്. ആറ് പേരാണ് കൊലയാളി സംഘത്തിൽ ഉണ്ടായിരുന്നത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൂന്ന് പേർ ബൈക്കിലിരുന്നുവെന്നും മൂന്ന് പേർ ചേര്‍ന്ന് ശ്രീനിവാസനെ വെട്ടി എന്നുമാണ് പൊലീസ് കരുതുന്നത്. കൊലപാതകത്തിന്‍റെ സിസിടിവി ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പാലക്കാട് മേലാമുറിയിൽ വെച്ച് അഞ്ചംഗ സംഘം ശ്രീനിവാസനെ വെട്ടിക്കൊന്നത്. പാലക്കാട്ടെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ആളാണ് ശ്രീനിവാസൻ. കടയുടെ ഉള്ളില്‍ ഇരിക്കുകയായിരുന്നു ശ്രീനിവാസനെ രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗം സംഘം ആക്രമിക്കുക ആയിരുന്നെന്ന് ദൃക്സാക്ഷി പറഞ്ഞു. ഗുരുതര പരിക്കുകളേറ്റ ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൈക്കും കാലിനും തലയുടെ ഭാഗത്തും ശ്രീനിവാസന് വെട്ടേറ്റിരുന്നു.
കൊലപാതകത്തിന് പിന്നില്‍ എസ്‍ഡിപിഐ പ്രവര്‍ത്തകരാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്‍റെ മരണത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ബിജെപി ഉന്നയിക്കുന്നത്. പൊലീസിന് ഗുരുതര വീഴ്ച്ചയുണ്ടായതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ പറഞ്ഞു. അക്രമം തടയാന്‍ പൊലീസിനായില്ലെന്നും കൊലയാളി സംഘത്തെ കണ്ടെത്താന്‍ ശ്രമിച്ചില്ലെന്നും കൃഷ്ണകുമാര്‍ കുറ്റപ്പെടുത്തി.
കൊലപാതകം നടന്ന മേലാമുറിയില്‍ കനത്ത പൊലീസ് കാവലാണ് ഒരുക്കിയിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും. എറണാകുളം റൂറലിൽ നിന്നും ഒരു കമ്പനി സേന പാലക്കാട് എത്തും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ശ്രീനിവാസന്റെ ശരീരത്തിൽ പത്തോളം മുറിവുകൾ
പാലക്കാട് മേലാമുറിയിൽ കൊല്ലപ്പെട്ട ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ ശരീരത്തിൽ ആഴത്തിൽ മുറിവുകളേറ്റെന്ന് ഇൻക്വസ്റ്റ് പരിശോധനയിൽ വ്യക്തമായി. ശരീരത്തിലാകെ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. തലയിൽ മാത്രം മൂന്ന് വെട്ടുകളേറ്റു. കാലിലും കൈയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ട്. മൃതദേഹത്തിലെ ഇൻക്വസ്റ്റ് പരിശോധനകൾ പൂർത്തിയായി
ബിജെപി പ്രവർത്തകരിലേക്ക് കാർ പാഞ്ഞുകയറി
പാലക്കാട് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ വധത്തിൽ പ്രതിഷേധിച്ചുള്ള ബിജെപി പ്രകടനത്തിലേക്ക് കാർ പാഞ്ഞുകയറി. തൃശൂർ പൂച്ചെട്ടി സെന്ററിലാണ് സംഭവം നടന്നത്. ആറ് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. കാർ ഡ്രൈവർ സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ
കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് കൊലപാതകം നടന്നതോടെ പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുത്തിയതോട് പോപുലർ ഫ്രണ്ട് പ്രവർത്തകൻ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മേലാമുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനും കൊല്ലപ്പെട്ടത്. ഇതോടെയാണ് ജില്ലയിലാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ഏപ്രില്‍ 20 ന് വൈകീട്ട് ആറ് മണി വരെയാണ് നിരോധനാജ്ഞ. കൊലപാതകങ്ങളെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ടാണ് ഉത്തരവ്. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ മണികണ്ഠനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് പ്രകാരം പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ ആളുകൾ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ യോഗങ്ങളോ, പ്രകടനങ്ങളോ, ഘോഷയാത്രകളോ പാടില്ല.
ഇന്ത്യന്‍ ആയുധ നിയമം സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇന്ത്യന്‍ സ്ഫോടക വസ്തു നിയമം 1884 ലെ സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ കൈവശം വെക്കുന്നതും അപ്രതീക്ഷിത സംഭവങ്ങള്‍ ഉടലെടുക്കും വിധം സമൂഹത്തില്‍ ഊഹാപോഹങ്ങള്‍ പരത്തുകയോ ചെയ്യാന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അവശ്യസേവനങ്ങള്‍ക്കും ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്കും ഉത്തരവ് ബാധകമല്ല.