Asianet News MalayalamAsianet News Malayalam

പാലക്കാട് സ്പിരിറ്റ് കടത്ത് കേസ്: സിപിഎം നേതാവ് അത്തിമണി അനിൽ പിടിയിൽ

സ്പിരിറ്റ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ പെരുമാട്ടി ലോക്കല്‍ കമ്മിറ്റി അംഗവും അത്തിമണി ബ്രാഞ്ച് സെക്രട്ടറിയുമായ അനിലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. 

palakkad spirit case, chittur range excise arrested cpm leader athimani anil
Author
Palakkad, First Published May 4, 2019, 11:53 PM IST

പാലക്കാട്: സ്പിരിറ്റ് കടത്ത് കേസിൽ ഒളിവിലായിരുന്ന സിപിഎം നേതാവ് അത്തിമണി അനിൽ പിടിയിൽ. ചിറ്റൂരിൽ വെച്ചാണ് ഇയാളെ എക്സൈസ്  സംഘം പിടികൂടിയത്. പാലക്കാട് തത്തമംഗലത്തിന് സമീപത്ത് നിന്ന് മെയ് ഒന്നിന് എക്സൈസ് ഇന്‍റലിജൻസ് സ്ക്വാഡ് പിടികൂടിയ  525 ലിറ്റർ സ്പിരിറ്റ് കടത്തിയ കേസിൽ അഞ്ച്  ദിവസമായി ഇയാൾ ഒളിവിലായിരുന്നു. 

തന്നെ പ്രാദേശിക രാഷ്ട്രീയ തർക്കത്തിന്‍റെ ബലിയാടാക്കിയതാണെന്നും ഉടൻ കീഴടങ്ങുമെന്നും അനിൽ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അത്തിമണി അനിൽ പിടിയിലായിരിക്കുന്നത്. ഗൂഡാലോചനയ്ക്ക് പിന്നിൽ പ്രാദേശിക ജനതാദൾ നേതാക്കളാണെന്നും ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും അനിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. 

ജില്ലയിലെ സിപിഎം നേതാക്കളുമായും ഉന്നത എക്സൈസ് ഉദ്യോഗസ്ഥരുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. പാലക്കാട് കേന്ദ്രീകരിച്ച് നടത്തുന്ന വ്യാജ കളള് നിർമ്മാണ സംഘത്തിലെ പ്രധാന കണ്ണിയാണ് അത്തിമണി അനിൽ. പിടിയിലായ സഹായി മണിയിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ചിറ്റൂര്‍ റെയ്ഞ്ച് എക്സൈസ് സംഘമാണ് അത്തിമണി അനിലിനെ അറസ്റ്റ് ചെയ്യുന്നത്. 

സ്പിരിറ്റ് പിടികൂടിയ ഉടൻ തന്നെ, കേസ്സൊഴിവാക്കാനായി നിരവധി സിപിഎം നേതാക്കൾ എക്സൈസിനെ തുടർച്ചയായി ബന്ധപ്പെട്ടതായും വിവരമുണ്ട്. നേരത്തെ അതിർത്തി പ്രദേശത്ത് പിടികൂടിയ 2000 ലിറ്ററിലേറെ സ്പിരിറ്റിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് വിവരം. മാസങ്ങളായി എക്സൈസ് ഇന്റലിജൻസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. 

ഇയാളുടെ തെങ്ങ് ചെത്ത് കേന്ദ്രത്തില്‍ എത്ര കള്ള് ഉത്പാദിപ്പിച്ചിരുന്നു എന്നതിന്‍റെ കണക്ക് പോലും എക്സൈസ് സംഘത്തിന്‍റെ കൈവശം ഉണ്ടായിരുന്നില്ല. ജില്ല എക്സൈസ് സംഘത്തിന് വീഴ്ചപറ്റിയതായും എക്സൈസ് ഇന്റലിജൻസ് കണ്ടെത്തിയിരുന്നു. മീനാക്ഷീപുരത്തുളള തെങ്ങിൻതോപ്പുകളിലേക്കാണ് അത്തിമണി അനിൽ സ്പിരിറ്റെത്തിക്കാൻ ശ്രമിച്ചതെന്നാണ് വിവരം. 

പെരുമാട്ടി, പട്ടഞ്ചേരി പ്രദേശത്ത് നേരത്തെയുണ്ടായിരുന്ന  ജനതാദൾ - സിപിഎം സംഘർഷത്തിലും അനിലിന് പങ്കുണ്ട്. പലപ്പോഴും എക്സൈസ് ഉദ്യോഗസ്ഥരെ ഇയാൾ ഉൾപ്പെടെയുളള സംഘം ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയുണ്ട്. സ്പിരിറ്റ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ പെരുമാട്ടി ലോക്കല്‍ കമ്മിറ്റി അംഗവും അത്തിമണി ബ്രാഞ്ച് സെക്രട്ടറിയുമായ അനിലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. 

Follow Us:
Download App:
  • android
  • ios