"ഗൂഡാലോചനയ്ക്ക് പിന്നിൽ പ്രാദേശിക ദൾ നേതാക്കളാണ്. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണ്. ഉടൻ കീഴടങ്ങും" അത്തിമണി അനിൽ പറഞ്ഞു.
പാലക്കാട്: തന്നെ പ്രാദേശിക രാഷ്ട്രീയ തർക്കത്തിന്‍റെ ബലിയാടാക്കിയെന്ന് സ്പിരിറ്റ് കടത്ത് കേസിൽ ഒളിവിലായിരുന്ന സിപിഎം നേതാവിന്‍റെ വെളിപ്പെടുത്തൽ. പാലക്കാട് തത്തമംഗലത്തിന് സമീപത്ത് നിന്ന് എക്സൈസ് ഇന്‍റലിജൻസ് സ്ക്വാഡ് പിടികൂടിയ 525 ലിറ്റർ സ്പിരിറ്റ് കടത്തിയ കേസിൽ ഒളിവിലായിരുന്ന അത്തിമണി അനിലാണ് താൻ ഉടൻ കീഴടങ്ങുമെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്
"ഗൂഡാലോചനയ്ക്ക് പിന്നിൽ പ്രാദേശിക ദൾ നേതാക്കളാണ്. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണ്. ഉടൻ കീഴടങ്ങും. എക്സൈസ് ഓഫീസർ കേസ് സത്യസന്ധനമായി അന്വേഷിക്കണമെന്നാണ് എനിയ്ക്ക് പറയാനുള്ളത്" അത്തിമണി അനിൽ പറഞ്ഞു.
തത്തമംഗലത്തിന് സമീപത്തു നിന്ന് പിടിച്ചെടുത്ത സ്പിരിറ്റ് മീനാക്ഷീപുരത്തുളള തെങ്ങിൻതോപ്പുകളിലേക്കാണ് എത്തിക്കാൻ ശ്രമിച്ചിരുന്നതെന്നാണ് വിവരം. വ്യാജ കളള് നിർമ്മാണത്തിലെ പ്രധാന കണ്ണിയായ അത്തിമണി അനിലാണ് സ്പിരിറ്റ് കടത്തിന് പിന്നിലെന്നാണ് എക്സൈസ് പറയുന്നത്. പിടിയിലായ മണിയിൽ നിന്നാണ് ഇയാളെക്കുറിച്ചുളള വിവരം എക്സൈസിന് ലഭിച്ചത്. ജില്ലയിലെ സിപിഎം നേതാക്കളുമായും ഉന്നത എക്സൈസ് ഉദ്യോഗസ്ഥരുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്.
സ്പിരിറ്റ് പിടികൂടിയ ഉടൻ തന്നെ, കേസ്സൊഴിവാക്കാനായി നിരവധി സിപിഎം നേതാക്കൾ എക്സൈസിനെ തുടർച്ചയായി ബന്ധപ്പെട്ടതായും വിവരമുണ്ട്. നേരത്തെ അതിർത്തി പ്രദേശത്ത് പിടികൂടിയ 2000 ലിറ്ററിലേറെ സ്പിരിറ്റിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് വിവരം. മാസങ്ങളായി എക്സൈസ് ഇന്റലിജൻസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല.
