Asianet News MalayalamAsianet News Malayalam

ശ്രീനിവാസൻ വധം: പ്രതികൾക്ക് സിപിഎം ബന്ധം, തള്ളിപ്പറയാൻ തയ്യാറുണ്ടോയെന്ന് ബിജെപി

പാലക്കാട് കൊല്ലപ്പെട്ട ശ്രീനിവാസന്റെ വീട് സന്ദർശിക്കാൻ സ്ഥലം എംപിയോ എംഎൽഎയോ തയ്യാറാവുന്നില്ലെന്നും ബിജെപി വിമർശനം

Palakkad Sreenivasan Murder Accused persons have connection with CPM says BJP
Author
Palakkad, First Published Apr 23, 2022, 3:49 PM IST

പാലക്കാട്: ശ്രീനിവാസൻ വധത്തിന്റെ ഗൂഢാലോചന നടന്നത് ശങ്കുവാരത്തോട് പള്ളിയിലാണെന്ന് ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് സി കൃഷ്ണകുമാർ. ശങ്കുവാരത്തോട് പള്ളി റവന്യു പുറംപോക്ക് കൈയ്യേറിയാണ് നിർമ്മിച്ചിട്ടുള്ളതെന്നും ഈ പള്ളിയിലാണ് കൊലപാതകം ആസൂത്രണം നടന്നിട്ടുളളതെന്നും അദ്ദേഹം പാലക്കാട് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മുസ്ലിം ആരാധനാലയം തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുകയാണ് പോപ്പുലർ ഫ്രണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിശുദ്ധ റംസാൻ മാസത്തിൽ ആരാധനാലയം കൊലയാളികളെ ഒളിപ്പിക്കാൻ ശ്രമിച്ചതിൽ പോപ്പുലർ ഫ്രണ്ടിനെ തള്ളി പറയാൻ മുസ്ലിം മത പണ്ഡിതന്മാർ തയ്യാറാവണം. സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന എസ്ഡിപിഐക്ക് ശ്രീനിവാസനെ കൊല്ലാനുള്ള ഊർജമായി മാറി. ശ്രീനിവാസൻ കൊലപാതകത്തിൽ പിടിയിലായ പ്രതികളിൽ പലർക്കും സിപിഎം ബന്ധമുണ്ട്. പ്രതികളുടെ രാഷ്ട്രീയ ബന്ധം സംബന്ധിച്ച് പറയാൻ സിപിഎം തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സ്ഥലം എംഎൽഎ ഷാഫി പറമ്പിൽ മത കലഹത്തിലേക്ക് പോവരുതെന്നാണ് പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയ ബിജെപി നേതാവ് കെഎം ഹരിദാസ്, എംഎൽഎ ശംഖുവാരത്തോട് പള്ളിയിൽ കൊലപാതകികളെ ഒളിപ്പിച്ചതിൽ മൗനം പാലിക്കുന്നുവെന്നും കുറ്റപ്പെടുത്തി. പാലക്കാട് കൊല്ലപ്പെട്ട ശ്രീനിവാസന്റെ വീട് സന്ദർശിക്കാൻ സ്ഥലം എംപിയോ എംഎൽഎയോ തയ്യാറാവുന്നില്ല. എസ്‌ഡിപിഐ നേതാവിനും സിപിഎം ജില്ലാ സെക്രട്ടറിക്കും ഒരേ സ്വരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Follow Us:
Download App:
  • android
  • ios